
കുമരകം ∙ കോട്ടയം – കുമരകം–ചേർത്തല റോഡിലെ കോണത്താറ്റ് പാലം പണി സെപ്റ്റംബർ 30നു പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി വി.എൻ.വാസവൻ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കിഫ്ബി നിർമാണപ്രവൃത്തികളുടെ അവലോകന യോഗത്തിലാണു നിർദേശം.
സമീപനപാതയുടെ നിർമാണമാണു നടക്കേണ്ടത്. ഇതു വേഗത്തിലാക്കണമെന്നു മന്ത്രി പറഞ്ഞു.2022 മേയ് 10നാണു നിർമാണോദ്ഘാടനം നടത്തിയത്.
നവംബർ 1ന് പഴയപാലം പൊളിച്ച് നിർമാണം ആരംഭിച്ചു. 6 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നാണു ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചത്.
ഇപ്പോഴത്തെ സ്ഥിതി
പാലം പണി പൂർത്തിയായി.
സമീപന പാതയുടെ നിർമാണമാണു നടക്കുന്നത്. സമീപന പാതയിലെ സ്പാനുകളുടെ പണി പൂർത്തിയായെങ്കിലും പ്രവേശിക്കാനുള്ള ഭാഗം ഇരുവശത്തും മണ്ണിട്ട് ഉയർത്താനുണ്ട്.മണ്ണിട്ട് നിറയ്ക്കാനുള്ള റീട്ടെയ്നിങ് വോൾ നിർമാണം പൂർത്തിയാക്കണം.
ആറ്റാമംഗലം പള്ളി ഗേറ്റ് ഭാഗത്തെ പണി നടക്കണമെങ്കിൽ ഇപ്പോൾ താൽക്കാലിക റോഡിലേക്കു പ്രവേശിക്കുന്ന റോഡിലെ ഗതാഗതം തടയേണ്ടിവരും.പാലത്തിന്റെ ഇരുകരകളിലും മണ്ണിട്ടു പ്രവേശനപാത പൂർത്തിയാക്കി വാഹനങ്ങൾ പുതിയ പാലത്തിന്റെ ഒരു വശത്തുകൂടി കടത്തിവിട്ടാലേ പണി പൂർത്തിയാക്കാനാകൂ.
ഇല്ലിക്കൽ–കൈപ്പുഴമുട്ട് റോഡിന് ഡിപിആർ
കോട്ടയം – കുമരകം–ചേർത്തല റോഡിൽ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെ റോഡ് വികസനത്തിനു വിശദ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാനും യോഗത്തിൽ നിർദേശം. 2023 മേയിൽ 21 കോടി രൂപ കിഫ്ബിയിൽനിന്ന് റോഡ് വികസനത്തിന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
13.3 കിലോമീറ്റർ റോഡിന്റെ വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനാണു തുക അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]