
കോട്ടയം ശുചീകരിക്കാൻ ഇറങ്ങിത്തിരിച്ച് ശെൽവരാജ്; ജോലി ചെയ്യുന്നത് അവധിയെടുക്കാതെ, പ്രതിഫലം വാങ്ങാതെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ ഓണം, വിഷു, ഈസ്റ്റർ, റമസാൻ തുടങ്ങി അവകാശപ്പെട്ട അവധി ദിനങ്ങൾ പോലും ഒഴിവാക്കി നഗര വീഥികളെ സുന്ദരമാക്കുകയാണ് ചങ്ങനാശേരി നഗരസഭയിലെ ശുചീകരണ തൊഴിലാളി ശെൽവരാജ് പെരുമാൾ (58). 33 വർഷമായി നഗരസഭ 14–ാം വാർഡിൽ പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിനു പിറകുവശം മുതൽ മലേക്കുന്ന് ഭാഗം വരെ വൃത്തിയാക്കുകയാണ് ശെൽവരാജ്. രാവിലെ 7 മുതലാണ് ശുചീകരണ തൊഴിലാളികളുടെ ജോലി സമയമെങ്കിലും ശെൽവരാജ് പുലർച്ചെ 3.30നു നീളൻ ചൂലുമായി റോഡിലേക്കിറങ്ങും. പരിസരം മുഴുവൻ അടിച്ചുവാരുന്നതും മാലിന്യം തരം തിരിക്കുന്നതും കോരി നീക്കം ചെയ്യുന്നതും ഒറ്റയ്ക്ക്.
ഒരു വർഷം അനുവദിക്കപ്പെട്ട 20 കാഷ്വൽ ലീവുകളും എടുക്കാറില്ലെന്ന് ഇദ്ദേഹം പറയുന്നു. പ്രതിഫലം പോലും വാങ്ങാതെയാണ് അവധി ദിനങ്ങളിൽ ശുചീകരണം നടത്തുന്നത്. അസുഖമോ ഉറ്റവരുടെ മരണമോ പോലെ എന്തെങ്കിലുമുണ്ടായാൽ മാത്രം ഒരു ദിവസം അവധി. ഹൃദയ ശസ്ത്രക്രിയയും ആശുപത്രി വാസവും മൂലം കുറച്ച് ദിവസം മാറി നിൽക്കേണ്ടി വന്നു. പിന്നീട് വിശ്രമം പോലും ഉപേക്ഷിച്ച് ശുചീകരണവുമായി രംഗത്തിറങ്ങി.
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ 150 ദിവസത്തോളം രാത്രി കാവൽ നിന്നിട്ടുമുണ്ട്. പ്രഭാത നടത്തക്കാരെല്ലാം സുഹൃത്തുക്കളാണ്. അവധിപോലും ഉപേക്ഷിച്ചുള്ള ശുചീകരണം എന്തിനെന്ന് ചോദിച്ചാൽ ശെൽവരാജിന് മറുപടി ഒന്നു മാത്രം ‘നാട് വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ എന്റെ ചെരിപ്പ് മാത്രമേ തേയുന്നുള്ളു. മറ്റൊരു നഷ്ടവുമില്ല. ഇതിനെ ഒരു തൊഴിലായി കാണുന്നുമില്ല.’ ഭാര്യ ധനലക്ഷ്മി, മക്കളായ കാർത്തിക്, ശെൽവപ്രിയ എന്നിവരും പിന്തുണയായി ഒപ്പമുണ്ട്.
തഴപ്പായയിൽ നെയ്ത വിജയഗാഥ
വൈക്കം ∙ തഴപ്പായയിൽ വിജയഗാഥ രചിച്ച് കാഞ്ചന രാജപ്പൻ. പറമ്പിന്റെ അതിരുകളിലും തോടിന്റെ വശങ്ങളിലും ഒക്കെയായി നിൽക്കുന്ന കൈതോലകൾ ചെത്തിയെടുത്ത് കത്തി കൊണ്ട് മുള്ളു നീക്കം ചെയ്ത് വെയിലത്ത് വാട്ടി ട്രയാങ്കിൾ ആകൃതിയിൽ ചുറ്റിക്കെട്ടിയ ശേഷം വീണ്ടും വെയിലത്ത് ഉണക്കിയാണ് പായ നെയ്യാനുള്ള തഴ തയാറാക്കുന്നത്. ഉണക്കിയ തഴകൾ മതിയായ വീതിയിൽ കീറി എടുത്തു പായ നെയ്യും. ഒരു ദിവസം 2പായവരെ നെയ്യാം. സഹായിക്കാനായി ഭർത്താവ് രാജപ്പനും ഒപ്പം കൂടും.
ഒരു പായയ്ക്ക് 300 മുതൽ 400 രൂപവരെ ലഭിക്കും. തഴപ്പായയ്ക്ക് ഇന്നും ആവശ്യക്കാർ ധാരാളം. കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ അമ്മയോടൊപ്പം കൂടി പഠിച്ചതാണ് ഈ ജോലി. ഇന്ന് അതൊരു വരുമാന മാർഗമായി. വീതി കുറഞ്ഞ തഴയിൽ നെയ്യാൻ സമയം ഏറെ വേണം അതിനാൽ വിലയും കൂടുതലാണ്. പഴയകാലത്ത് വീടുകളുടെയും പറമ്പുകളുടെയും അതിരുകൾ തിരിക്കാൻ കൈതകളാണ് ഉപയോഗിച്ചിരുന്നത്. ഇന്നു മതിലുകളായതോടെ പഴയതുപോലെ കൈത കിട്ടാനില്ലെന്നു കാഞ്ചനയ്ക്കു സങ്കടം.