
കൊല്ലം ∙ ചവറ കെഎംഎംഎലിൽ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സിവിൽ ജോലികൾക്കു കരാർ നൽകുന്നതിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം. കോടികളുടെ നിർമാണത്തിനു കരാറെടുക്കുന്ന സൊസൈറ്റി അതു ചെറുകിട
കരാറുകാർക്കു മറിച്ചു കൊടുക്കുന്നതിനു പിന്നിൽ അഴിമതിയാണെന്നാണ് ആരോപണം. കരാറിലെ തട്ടിപ്പുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കമ്പനിയിലെ സിഐടിയു യൂണിയൻ തന്നെ അടുത്തിടെ സർക്കാരിനെ സമീപിച്ചു.5.80 കോടി രൂപ ചെലവിട്ടു പുതിയ പ്ലാന്റ് ടെക്നിക്കൽ സർവീസ് കെട്ടിടം നിർമാണം, 2.86 കോടി രൂപ ചെലവിൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിട
നിർമാണം ഉൾപ്പെടെ കോടികളുടെ കരാറുകൾ വ്യവസായ വകുപ്പ് കയ്യാളുന്ന സിപിഎമ്മിന്റെ താൽപര്യപ്രകാരം സഹകരണ സൊസൈറ്റിക്കു നൽകിയിട്ടുണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ പലതും ടെൻഡർ ഇല്ലാതെയാണു നൽകിയെന്ന് ആരോപണമുണ്ട്.
ഈ സൊസൈറ്റിക്കു നൽകിയ പല കരാറുകളും സൊസൈറ്റി തന്നെ ടെൻഡർ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ചെറുകിട
കരാറുകാർക്കു മറിച്ചു നൽകിയിട്ടുണ്ടെന്നാണ് ആരോപണം. ഉപകരാർ നൽകുമ്പോൾ ബന്ധപ്പെട്ട
എൻജിനീയറിങ് വിഭാഗത്തിന്റെ അനുമതി വേണമെന്ന വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നു.കമ്പനിയിലെ സിവിൽ ഡിപ്പാർട്മെന്റിൽ കരാറുകാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധന അഴിമതിക്കു തെളിവാണെന്നാണു യൂണിയനുകളുടെ ആരോപണം. ജീവനക്കാർക്കു വേണ്ടി താൽക്കാലിക കന്റീൻ കെട്ടിടം എന്ന പേരിൽ വൻതുക ചെലവഴിച്ചു പഴയ ഓക്സിജൻ പ്ലാന്റ് നവീകരിച്ചതിനു പിന്നാലെ കോടികൾ ചെലവാക്കി പുതിയ കന്റീൻ കെട്ടിടം നിർമിക്കാൻ നീക്കമുള്ളതായും പറയുന്നു.
താൽക്കാലിക കന്റീന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയിൽ ചോർച്ചയും തുടങ്ങി. കമ്പനിയിലെ പ്ലാന്റ് ടെക്നിക്കൽ സർവീസ് കെട്ടിടം പുതുതായി നിർമിക്കാൻ 5.80 കോടി രൂപയ്ക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കഴിഞ്ഞ ജനുവരിയിൽ വർക്കർ ഓർഡർ നൽകിയെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല
.
നിലവിലെ പ്ലാന്റ് ടെക്നിക്കൽ സർവീസ് കെട്ടിടം ജീർണാവസ്ഥയിലാണ്. വർഷങ്ങൾക്കു മുൻപ് കെട്ടിടത്തിനു കാര്യമായ ക്ഷതമുണ്ടായിരുന്നു. ഫാക്ടറി മാനേജർ, പ്രൊഡക്ഷൻ, മെയിന്റനൻസ്, സിവിൽ, പ്രോജക്ട്സ്, യൂട്ടിലിറ്റി വിഭാഗം മേധാവികൾ തുടങ്ങിയവരുടെ ഓഫിസുകൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.
ഈ കരാറും ഉപകരാർ നൽകാൻ നീക്കമുള്ളതായി പറയുന്നു.
പരാതിയുമായി സിഐടിയുയൂണിയനും
കെഎംഎംഎലിലെ സിഐടിയു യൂണിയനായ കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ അടുത്തിടെ വ്യവസായ മന്ത്രി പി. രാജീവിനു നൽകിയ പരാതിയിൽ കമ്പനിയിലെ കരാറുകളിലെ അഴിമതികൾ ചൂണ്ടിക്കാണിച്ചിരുന്നു.
പരാതിയിൽ പറയുന്നത് ഇങ്ങനെ : ‘കമ്പനിയിലെ തൊഴിലാളികൾക്കു ചെയ്തു തീർക്കാനാവുന്ന ജോലികൾ പോലും വൻതുകയ്ക്ക് കരാർ നൽകുന്ന രീതി കണ്ടു വരുന്നു. ഈ സംഘടനയിൽപ്പെട്ട
(കെഎംഎംഎലിൽ മാത്രം കണ്ടു വരുന്ന കരാറുകാരുടെ സംഘടന) പെറ്റി കോൺട്രാക്ടർമാർ തന്നെയാണു മേജർ വർക്കുകൾ ഏറ്റെടുക്കുന്ന വലിയ കമ്പനികളുടെ സബ് കോൺട്രാക്ടർമാരായി പ്രവർത്തിച്ചു വരുന്നത്. ഇവർ റൊട്ടേഷൻ അഡ്ജസ്റ്റ്മെന്റ് പ്രകാരം പുറത്തു നിന്നുള്ള മറ്റാർക്കും കരാർ പ്രവൃത്തികൾ ലഭ്യമാക്കാതെ വീതം വച്ചെടുക്കുന്നു.
തന്മൂലം ചെറിയ വർക്കുകളിൽ മത്സരാധിഷ്ഠിത ടെൻഡർ വരാത്ത സാഹചര്യമുണ്ട്.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]