
കരുനാഗപ്പള്ളി ∙ 13000 യാത്രക്കാർ ദിനവും വന്നു പോകുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ഒരു പ്ലാറ്റ്ഫോമിൽ നിന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനായി എസ്കലേറ്ററും, ലിഫ്റ്റും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉയർന്നിട്ട് നിരവധി നാളുകളായെങ്കിലും റെയിൽവേ അധികൃതർ കനിയാത്ത അവസ്ഥയിലാണ്. പ്ലാറ്റുഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് പാളങ്ങൾക്കു ഇടയിലൂടെ നിർമിച്ചിരിക്കുന്ന ട്രോളി പാത്ത് പലപ്പോഴും അപകടങ്ങൾക്കു വഴിയൊരുക്കുന്നു.
കഴിഞ്ഞ ദിവസമാണ് സിഐടിയു നേതാവ് വി.ദിവാകരൻ ട്രോളിപാത്തിലൂടെ നടക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ നിരവധി പേരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.
നേരത്തെ അറ്റകുറ്റപ്പണികൾക്കായി മേൽപാലം അടച്ചിട്ടപ്പോഴാണ് സ്റ്റേഷന്റെ തെക്കുഭാഗത്തു പ്ലാറ്റുഫോമുകളെ ബന്ധിപ്പിച്ച് ട്രോളിപാത്ത് നിർമിച്ചത്. ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്തു നിന്നും 1, 2 ട്രാക്കുകളുടെ മധ്യ ഭാഗത്തുകൂടി നിർമിച്ചിരിക്കുന്ന ട്രോളി പാത്ത് മൂന്നാമത്തെ ട്രാക്കും കടന്നാണ് രണ്ടാമത്തെ പ്ലാറ്റുഫോമുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ കടന്നു വരുമ്പോഴാണ് ഈ പാതയിലൂടെ നടന്ന് വരുന്നവർ അപകടത്തിൽ പെടുന്നത്.
പാളം മുറിച്ചു കടക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ അവസ്ഥ വച്ചു നോക്കുമ്പോൾ പാളം മുറിച്ചു കടക്കാതെ സ്റ്റേഷനിലേക്ക് കയറാൻ കഴിയാത്ത അവസ്ഥയിലാണ്. സ്റ്റേഷന്റെ പടിഞ്ഞാറെ എൻട്രൻസിൽ എത്തുന്നവർ ഗുഡ്സ് ട്രെയിനുകളുടെ 2 ട്രാക്കുകൾ മറികടന്നു വേണം ടിക്കറ്റ് എടുക്കാൻ സ്റ്റേഷനുള്ളിലേക്കു കടക്കേണ്ടത്.
കിഴക്കേ എൻട്രൻസിൽ കൂടി വരുന്ന യാത്രക്കാരും ടിക്കറ്റ് എടുക്കാൻ ഒന്നുകിൽ മേൽപാലം ഉപയോഗിക്കുകയോ ട്രോളിപാത്തിലൂടെ എത്തുകയോ വേണം.
ഇരുവശത്തേക്കുമുള്ള ട്രെയിനുകൾ സ്റ്റേഷനിൽ എത്തി നിർത്തിയിടുമ്പോൾ വേഗത്തിൽ പ്ലാറ്റ്ഫോമുകളിലേക്ക് എത്താൻ പലരും ട്രാക്ക് മുറിച്ചു കടക്കും. മധ്യഭാഗത്തെ ട്രാക്കിൽ കൂടി കരുനാഗപ്പള്ളിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ കടന്നു വരുന്നത് പലരുടെയും ശ്രദ്ധയിൽ പെടുകയുമില്ല.
അതിനാൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തി യാത്ര ചെയ്യുന്ന ഇവിടെ അടിയന്തിരമായി എസ്കലേറ്ററോ, ലിഫ്റ്റോ സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]