
കൊല്ലം ∙ പ്രതീക്ഷയുടെ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ ഇന്ന് (ജൂലൈ 31) അർധരാത്രിയോടെ വീണ്ടും കടലിലേക്ക്. കഴിഞ്ഞ ജൂൺ 9ന് ആരംഭിച്ച ആഴക്കടൽ മത്സ്യബന്ധന നിരോധനം ഇന്നു രാത്രി 12ന് അവസാനിക്കും.
നിരോധന സമയത്ത് കടലിൽ പോകാതിരിക്കാന് നീണ്ടകര പാലത്തിന് കുറുകെ കെട്ടിയ ചങ്ങല ഇന്ന് അഴിച്ചു മാറ്റും. ഹാർബറുകളിലും ബോട്ട് കേന്ദ്രങ്ങളിലുമെല്ലാം മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളുമെല്ലാം ബോട്ടുകളിലേക്ക് വല കയറ്റുക, ഐസ് നിറയ്ക്കുക, ചായം പൂശുക, വലകളുടെ അറ്റകുറ്റപ്പണി നടത്തുക, കയറുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കുക തുടങ്ങിയ അവസാനഘട്ട
തയാറെടുപ്പുകളിലാണ്. റജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്.ട്രോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള മീൻ ഏറെ കിട്ടുന്ന ദിവസങ്ങളിൽ കനത്ത മഴയും കടലാക്രമണവുമായിരുന്നതിനാൽ കാര്യമായി മത്സ്യബന്ധനം നടത്താൻ മത്സ്യത്തൊഴിലാളികൾക്കു സാധിച്ചിരുന്നില്ല.
നിരോധന കാലഘട്ടത്തിൽ മീൻ പിടിക്കാൻ അനുമതിയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഇത്തവണ കാര്യമായി മീൻ ലഭിച്ചിരുന്നില്ല.
കനത്ത മഴയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റം വന്നതോടെ വലിയ ചാകര തന്നെയാണ് മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്. മഴക്കാലത്തെ ശക്തമായ മഴയിലും മികച്ച കാറ്റിലും കടൽ നന്നായി ഇളകിയതിനാൽ ചാകരക്കോള് ലഭിക്കുമെന്നാണ് കരുതുന്നത്. കിളിമീൻ, കരിക്കാടി, ടൈഗർ ചെമ്മീൻ, കണവ തുടങ്ങിയ മീനുകളാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം എൽസ 3 അപകടത്തിൽ കടലിൽ വീണ കണ്ടെയ്നറുകളിലും മറ്റും തട്ടി ബോട്ടും വലയും കേടു വരുമോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്.
ട്രോളിങ് അവസാനിക്കുന്നതിനാൽ നാട്ടിലേക്കു പോയിരുന്ന അതിഥിത്തൊഴിലാളികളും മറ്റും തിരിച്ചെത്തി ജോലികളിൽ സജീവമായിക്കഴിഞ്ഞു. ഹാർബർ, മത്സ്യബന്ധന പ്രദേശങ്ങളും ഇതോടെ പഴയ തിരക്കിലേക്ക് എത്തിക്കഴിഞ്ഞു.
ട്രോളിങ് അവസാനിക്കുമ്പോൾ എല്ലാ വർഷവും ഒട്ടേറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികളും ബോട്ടുകളും കടലിലേക്കിറങ്ങുന്നത്. പലപ്പോഴും പ്രതീക്ഷകൾ തെറ്റാറുണ്ടെങ്കിലും ഇത്തവണ മത്സ്യലഭ്യത തങ്ങളെ എന്തായാലും തുണക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.
‘കണ്ടെയ്നറുകൾ നീക്കം ചെയ്യണം’
ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾക്കും പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവർക്കും സുഗമമായി മത്സ്യബന്ധനം നടത്താൻ കഴിയാത്ത വിധത്തിൽ കടലിൽ കിടക്കുന്ന കണ്ടെയ്നറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും നീണ്ടകര – അഴീക്കൽ ഹാർബറുകളിലെ അഴിമുഖം അടിയന്തരമായി ഡ്രജിങ് ചെയ്യണമെന്നും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്ണനും ജില്ലാ പ്രസിഡന്റ് എസ്.എഫ്.യേശുദാസനും ആവശ്യപ്പെട്ടു.
എൻ.മരിയാൻ, രവിദാസ്, എ.സി.ജോസ്, സുഭഗൻ, കൃഷ്ണദാസ്, ഹാർബർ ഐഎൻടിയുസി പ്രസിഡന്റ് സുനിൽ കൈലാസം, ഗിരീഷ് ശങ്കരൻ, കെ.ബി.പ്രസന്നൻ, ഹനിദാസ്, സതീശൻ എന്നിവർ പ്രസംഗിച്ചു. ട്രോളിങ് നിരോധനം തുടങ്ങി 52 ദിവസം പൂർത്തിയായിട്ടും ലേല ഹാളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നടപടി ഉണ്ടായില്ലെന്നും നേതാക്കൾ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]