കൊല്ലം ∙ ആകാശത്തു നിന്നു മത്താപ്പൂ കത്തിച്ചു താഴോട്ടിട്ട പോൽ തോന്നും ഓണത്തിരക്കിൽ ആശ്രാമം മൈതാനം.
തിരുവോണത്തിന് ഇനി 5 ദിവസങ്ങൾ കൂടിയുണ്ടെങ്കിലും മേളകളുടെയും കച്ചവടങ്ങളുടെയും പ്രദർശനങ്ങളുടെയുമെല്ലാം ആവേശക്കൊഴുപ്പിൽ മൈതാനത്താകെ ഓണാഘോഷം പൊടിപൊടിക്കുകയാണ്.
ഒരു ഭാഗത്തു നിന്നു തുടങ്ങിയാൽ ഒരു രാവ് കൊണ്ടു കണ്ടും ആസ്വദിച്ചും തീരാത്തത്ര വിഭവങ്ങൾ കാത്തു വച്ചാണ് നഗരം ഓണത്തിലേക്ക് കടക്കുന്നത്. ഓണത്തിനുള്ള വിഭവങ്ങൾ വാങ്ങാനും വിവിധ വിനോദങ്ങൾക്കും കാഴ്ചവിരുന്നിനുമായി ഇവിടേക്ക് എത്തിയാൽ മതി. രാത്രിയിൽ മൈതാനം ജനനിബിഡമാണ്, അതു കാണാൻ തന്നെയൊരു ചേലാണ്.
സപ്ലൈകോ ഓണം ഫെയർ
ഓണക്കാലത്തേക്കുള്ള വിഭവങ്ങൾ ഒരുക്കുന്നതിനായി മിക്കവരും സപ്ലൈകോയുടെ ഓണം ഫെയറിനെയാണ് ആശ്രയിക്കുന്നത്.
വലിയ തിരക്കാണ് സപ്ലൈകോ മേളയിൽ എല്ലാ സമയത്തും അനുഭവപ്പെടുന്നത്. അവശ്യവസ്തുക്കൾ സെപ്റ്റംബർ 4 വരെ ഓണം ഫെയറിലൂടെ പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കും.
1225 രൂപയുടെ ഓണക്കിറ്റ് ആയിരം രൂപയ്ക്കും 625 രൂപയുടെ ഓണക്കിറ്റ് 500 രൂപയ്ക്കും ഓണം ഫെയറിലൂടെ ലഭ്യമാകും.
1000 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പണുമുണ്ട്. എല്ലാ കാർഡ് ഉടമകൾക്കും രണ്ട് മാസത്തെ സബ്സിഡി സാധനങ്ങളും ലഭിക്കും.
ഫാം ഫെസ്റ്റ്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫാം ഫെസ്റ്റും കുടുംബശ്രീ ഭക്ഷ്യമേളയും സാംസ്കാരിക പരിപാടികളുമാണ് മൈതാനത്തെ മറ്റൊരു ആകർഷണം.
വിവിധ കുടുംബശ്രീ ഉൽപന്നങ്ങളുടെയും കുരിയോട്ടുമല ഫാമിലെ ഉൽപന്നങ്ങളുടെയും വിൽപനയോടൊപ്പം എല്ലാ ദിവസവും വൈകിട്ട് 6 മുതൽ കലാപരിപാടികളും മേളയിലെ വേദിയിലുണ്ട്.
ഇന്ന് പാട്ടോർമകൾ, നാളെ കലാമേള, സെപ്റ്റംബർ ഒന്നിന് കലാസംഗമം, കഥകളി, 2ന് ഗോത്ര കലാമേള, 3ന് നടനകേളി, സംഗീതരജനി എന്നീ പരിപാടികളാണ് നടക്കുന്നത്. രുചിയൂറുന്ന വിവിധ ഭക്ഷ്യവിഭവങ്ങൾ ഒരുക്കി കുടുംബശ്രീയും ഇവിടെയുണ്ട്.
സർക്കസ്, നാടകം, മേള
അഭ്യാസ പ്രകടനങ്ങളുമായി ജെമിനി സർക്കസ്, അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടത്തിന്റെ അദ്ഭുത കാഴ്ചയുമായി വണ്ടർ ഫാൾസ് മേള, കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടക പ്രദർശനം എന്നിവയും ആശ്രാമം മൈതാനത്തിലെ രാവുകളെ ജനനിബിഡമാക്കുന്നു.
ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് നാലിനും രാത്രി ഏഴിനുമാണ് സർക്കസ്.
ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് വണ്ടർ ഫാൾസ് മേള. വൈകിട്ട് ആറിനും രാത്രി ഒൻപതിനുമാണ് രക്തരക്ഷസ്സ് നാടകം അവതരിപ്പിക്കുന്നത്.ഇവയ്ക്കു പുറമേ ഒട്ടേറെ സ്വകാര്യ കച്ചവടങ്ങളും മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]