
ഇളമ്പള്ളൂർ∙ അയൽപക്കത്തെ കാലിത്തൊഴുത്ത് മാലിന്യ കാരണം വെള്ളംകുടി മുട്ടിയ വീട്ടമ്മ കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇളമ്പള്ളൂർ പുനുക്കന്നൂർ തേജസ്സിൽ പി.എസ്.പ്രിയയ്ക്കും കുടുംബത്തിനുമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ 5 വർഷമായി ശുദ്ധജലം ലഭിക്കുന്നില്ല. പ്രിയയുടെ വീട്ടിലേക്കും ഭർത്താവ് സി.ബിനുമോന്റെ കുടുംബ വീട്ടിലേക്കും ഇതേ കിണറ്റിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്.
2021 ൽ ബിനുമോന്റെ ഇരു കൈകളിലും ചൊറിച്ചിൽ അനുഭവപ്പെട്ട് തൊലി പൊട്ടി പൊളിഞ്ഞതിനു ചികിത്സ തേടി. ബാക്ടീരിയ മൂലമുണ്ടാകുന്ന അലർജി ആണെന്നും കിണറ്റിലെ വെള്ളം പരിശോധിക്കാനും ഡോക്ടർ നിർദേശിച്ചു.
വെള്ളം പരിശോധിച്ചപ്പോൾ ഇ-കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കാണുകയും സൾഫർ, ക്ലോറൈഡ്, കാൽസ്യം തുടങ്ങിയ സംയുക്തങ്ങളുടെ അളവ് 200 മുതൽ 300 ഇരട്ടി വരെ ആണെന്നും കണ്ടെത്തി.
അയൽ പുരയിടത്തിൽ പ്രവർത്തിക്കുന്ന കന്നുകാലി തൊഴുത്തിലെ മാലിന്യം കിണറ്റിൽ കലർന്നാണു വെള്ളം മലിനമാകുന്നത്.ഇതിനെതിരെ ഇളമ്പള്ളൂർ പഞ്ചായത്ത്, ഇളമ്പള്ളൂർ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പരാതി നൽകി. നടപടി ഉണ്ടാവാത്തതിനാൽ 2022 ജൂലൈയിൽ കലക്ടർക്ക് പരാതി നൽകി.
തുടർന്ന് സ്ഥലം സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ തഹസിൽദാരെ ചുമതലപ്പെടുത്തി.
സ്ഥല പരിശോധനയിൽ 10 പശുക്കളെയും 5 ആടുകളെയും കെട്ടിയിരിക്കുന്ന തൊഴുത്തിലെ മാലിന്യം കിണറിനോടു ചേർന്നുള്ള പറമ്പിൽ കെട്ടി നിൽക്കുന്നതായും ഇത് ഒലിച്ചിറങ്ങിയാണ് കിണർ മലിനമായതെന്നും കണ്ടെത്തി. ശാസ്ത്രീയമായി ടാങ്ക് കെട്ടി മാലിന്യം സംസ്കരിക്കണം എന്ന് ഉടമയായ കുഞ്ഞയ്യപ്പനോട് തഹസിൽദാർ നിർദേശിച്ചെങ്കിലും വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച് നടപടി ആവശ്യപ്പെട്ട് വീണ്ടും ഇളമ്പള്ളൂർ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ മോശം പ്രതികരണമാണ് ഉണ്ടായതെന്ന പ്രിയ ആരോപിച്ചു.
2021ൽ കൊടുത്ത പരാതി കാണുന്നില്ലെന്നും പുതിയ പരാതി നൽകാൻ സെക്രട്ടറി ആവശ്യപ്പെട്ടെന്നും പ്രിയ പറഞ്ഞു.
തുടർന്ന് പരാതിയിൽ എടുത്ത നടപടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് പരാതി പഞ്ചായത്തിൽ കാണാനില്ലെന്നും അതിനാൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും മറുപടി ലഭിച്ചു.മലിന ജലം തുടർച്ചയായി കുടിച്ചതിന്റെ ഫലമായി ബിനുവിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലാണ്. അലർജി കൂടിയതോടെ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.ബിനുവിന്റെ അമ്മ ആസ്മ രോഗിയാണ്.പ്രിയയുടെ ഒറ്റ വരുമാനം കൊണ്ടാണ് രണ്ട് കുടുംബങ്ങൾ കഴിയുന്നത്.
കുടിവെള്ളം ദിവസവും വാങ്ങുകയാണ്. ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് പ്രിയയും കുടുംബവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]