
അപകടത്തിൽപെട്ട കാറിന്റെ സ്റ്റിയറിങ്ങിന് ഇടയിൽ കാൽ കുടുങ്ങി; കാബിൻ പൊളിച്ച് ആളെ പുറത്തെടുത്തു
ആയൂർ ∙ അപകടത്തെത്തുടർന്നു സാരമായി പരുക്കേറ്റു കാർ കാബിനിൽ കുടുങ്ങിയ ബാങ്ക് മാനേജർക്കു രക്ഷകരായി അഗ്നിരക്ഷാ സേന.
20 മിനിറ്റു നേരത്തെ പരിശ്രമത്തിനൊടുവിലാണു കാബിൻ പൊളിച്ച് ആളെ പുറത്തെടുത്തത്. സാരമായി പരുക്കേറ്റ എസ്ബിഐ വഞ്ചിയൂർ അസിസ്റ്റന്റ് മാനേജർ പത്തനംതിട്ട
എസ്എസ് കോട്ടേജിൽ ഷാനവാസിനെ (42) തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനവാസ് മാത്രമാണു കാറിൽ ഉണ്ടായിരുന്നത്.
ഞായർ രാവിലെ 9.30ന് എംസി റോഡിൽ വയയ്ക്കൽ ഭാഗത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോയ കാർ നിയന്ത്രണംവിട്ടു റോഡിന്റെ വശത്തെ തണൽ മരത്തിൽ ഇടിച്ച ശേഷം സമീപത്തെ ട്രാൻസ്ഫോമറിന്റെ സുരക്ഷാ വേലിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
പൂർണമായും തകർന്ന കാറിൽ ബാങ്ക് മാനേജർ കുടുങ്ങി. വിവരം അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ കൊട്ടാരക്കര അഗ്നിരക്ഷാ സേന അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു കാറിന്റെ ഡ്രൈവർ വശത്തെ വാതിൽ അറുത്തു മാറ്റി.
കാറിന്റെ മുൻഭാഗം തകർന്നതിനെ തുടർന്ന് സ്റ്റിയറിങ്ങിന് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു ഇദ്ദേഹം. ഹൈഡ്രോളിക് റാം ഉപയോഗിച്ചു സ്റ്റിയറിങ്, കാബിൻ എന്നിവ നിവർത്തിയ ശേഷമാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
അപകടത്തിൽ ഷാനവാസിന്റെ വലതുകാലിന്റെ തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്. വാളകം എയ്ഡ് പോസ്റ്റ് പൊലീസും സ്ഥലത്തെത്തി.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ വേണു, ആർ.രതീഷ് കുമാർ, എ.അനൂപ്, ഡി.എ.സുഹൈൽ, ഡി.മനോജ്, വി.ജെ.വർണിനാഥ്, വി.അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]