എഴുകോൺ ∙ ചക്കവറ്റൽ വിറ്റു സംസ്ഥാന ബജറ്റിൽ വരെ കയറിക്കൂടിയ എഴുകോണിലെ വീട്ടമ്മമാർക്കു നാടിന്റെ കയ്യടി. സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന മൂല്യവർധിത ഉൽപന്ന യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലാണു മന്ത്രി കെ.എൻ.ബാലഗോപാൽ എഴുകോണിലെ 4 വീട്ടമ്മമാരുടെ സംരംഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അയൽവാസികളായ എഴുകോൺ കൃഷ്ണകൃപയിൽ ശുഭ (52), ശ്രീജിത്ത് ഭവനിൽ ലതിക( 60), തുണ്ടുവിള വീട്ടിൽ രേഖ (33), പൊയ്കവിള പുത്തൻവീട്ടിൽ രാജി (54) എന്നിവർ ചേർന്നു പോയ വർഷം ജനുവരിയിൽ തുടങ്ങിയ സംരംഭമാണ് ബജറ്റ് രേഖകളിലും ഇടം തേടിയത്.
കുടുംബശ്രീ സംരംഭകർക്കായി കൊട്ടാരക്കരയിൽ വിളിച്ചു ചേർത്ത പരിപാടിയിൽ പങ്കെടുത്തതാണ് തങ്ങൾക്കു പ്രചോദനമായതെന്നു സംരംഭത്തിനു നേതൃത്വം കൊടുക്കുന്ന ശുഭ പറഞ്ഞു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ടോക്കോ എന്ന സ്റ്റാർട്ടപ് കമ്പനി അവരുടെ ചിപ്സ് ഇനങ്ങൾ പരിചയപ്പെടുത്തുകയും ഗുണനിലവാരത്തോടു കൂടി ഇത്തരം ഉൽപന്നങ്ങൾ തയാറാക്കി നൽകിയാൽ നല്ല വില തന്നു വാങ്ങിക്കൊള്ളാമെന്ന് ഉറപ്പു നൽകുകയും ചെയ്തതാണ് പ്രചോദനം.
ശുഭയുടെ വീടിന്റെ അടുക്കളയോടു ചേർന്നു സൗകര്യങ്ങളൊരുക്കി.
പാത്രങ്ങളും ആവശ്യമായ സാമഗ്രികളും സ്റ്റാർട്ടപ് മിഷൻ വാങ്ങി നൽകി. ചക്കയും വെളിച്ചെണ്ണയും വാങ്ങുന്നതിനുള്ള തുക സ്വന്തമായി കണ്ടെത്തി.
നാട്ടിൻപുറത്തു നിന്നു നല്ല ചക്ക വാങ്ങും. ചുള വെട്ടി വൃത്തിയാക്കി ഫിൽറ്റർ വെള്ളത്തിൽ കഴുകും.
കമ്പനി നിഷ്കർഷിക്കുന്ന വെളിച്ചെണ്ണയിലാണ് വറപ്പ്.
ഗുണമേൻമയുള്ള ചക്ക വറ്റൽ തയാറാക്കി അയച്ചതോടെ കമ്പനിക്കു ബോധിച്ചു. ചക്കയുടെ സീസൺ കാലയളവായ 4 മാസം കൊണ്ടു 400 കിലോയിലേറെ ഉപ്പേരി തയാറാക്കി ടോക്കോ കമ്പനിക്ക് അയച്ചു.
വെളിച്ചെണ്ണ വിലയിലെ മാറ്റം അനുസരിച്ച് വിലയിലും ചില്ലറ ഏറ്റക്കുറച്ചിലുകളുണ്ട്. പക്ഷേ കിലോയ്ക്ക് ശരാശരി 1000 രൂപ വില ലഭിച്ചെന്നും 4 മാസം കൊണ്ടു 2.5 ലക്ഷം രൂപയോളം ലാഭം കിട്ടിയെന്നും നാൽവർ സംഘം സാക്ഷ്യപ്പെടുത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

