കൊല്ലം∙ എൽഡിഎഫിനു ഭരണം ലഭിച്ച കൊല്ലം ജില്ലാ പഞ്ചായത്തിൽ സിപിഐ അംഗം ഡോ. ആർ.ലതാദേവി പ്രസിഡന്റായും സിപിഎം അംഗം എസ്.ആർ.അരുൺ ബാബു വൈസ് പ്രസിഡന്റായും ചുമതലയേറ്റു. 27 അംഗ ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിൽ വോട്ടെടുപ്പിൽ ഇരുവരും 17 വോട്ടുകൾ വീതം നേടി.
ചടയമംഗലം ഡിവിഷനിൽ നിന്നുള്ള അംഗമാണ് മുൻ എംഎൽഎ കൂടിയായ ആർ.ലതാദേവി. നെടുവത്തൂർ ഡിവിഷൻ അംഗമാണ് എസ്.ആർ.അരുൺ ബാബു.
ആദ്യ 2 വർഷം സിപിഐക്ക് പ്രസിഡന്റ് സ്ഥാനവും സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനവും അവസാന 3 വർഷം സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനവും സിപിഐക്കു വൈസ് പ്രസിഡന്റ് സ്ഥാനവുമാണ്. ആർ.ലതാദേവിക്കു വരണാധികാരി കലക്ടർ എൻ.ദേവിദാസ് സത്യവാചകം ചൊല്ലിനൽകി.
എസ്.ആർ.അരുൺ ബാബുവിന് ആർ.ലതാദേവിയാണ് സത്യവാചകം ചൊല്ലിനൽകിയത്.
ആർ.ലതാദേവിയെ സിപിഎം അംഗം വി.സുമലാലാണ് നിർദേശിച്ചത്. സിപിഐ അംഗം ആർ.ദിലീപ് കുമാർ പിന്താങ്ങി.
യുഡിഎഫിൽ നിന്നു കോൺഗ്രസ് അംഗവും തലവൂർ ഡിവിഷൻ മെംബറുമായ മീര ആർ.നായരായിരുന്നു പ്രസിഡന്റ് സ്ഥാനാർഥി. നജീബ് മണ്ണേൽ മീര ആർ.നായരെ നിർദേശിക്കുകയും സൂസൻ തങ്കച്ചൻ പിന്താങ്ങുകയും ചെയ്തു.
വോട്ടെടുപ്പിൽ ആർ.ലതാദേവിക്കു 17 വോട്ടുകളും മീര ആർ.നായർക്ക് 10 വോട്ടുകളുമാണ് ലഭിച്ചത്. ഇതോടെ കലക്ടർ ആർ.ലതാദേവിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്നു കൗൺസിൽ ഹാളിൽ മന്ത്രിമാരായ ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ അനുമോദന യോഗം നടന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു എസ്.ആർ.അരുൺ ബാബുവിനെ സിപിഐ അംഗം ദീപ ചന്ദ്രൻ ആണ് നിർദേശിച്ചത്. സിപിഎം അംഗം ടി.അജയൻ പിന്താങ്ങുകയും ചെയ്തു.
യുഡിഎഫിൽ നിന്ന് കോൺഗ്രസ് അംഗം കുലശേഖരപുരം അംഗവുമായ വരുൺ ആലപ്പാടായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി. റീന ഷാജഹാൻ വരുണിനെ നിർദേശിക്കുകയും പി.ആർ.സന്തോഷ് പിന്താങ്ങുകയും ചെയ്തു.
വോട്ടെടുപ്പിൽ അരുൺ ബാബുവിന് 17 വോട്ടുകളും വരുൺ ആലപ്പാടിന് 10 വോട്ടുകളുമാണ് ലഭിച്ചത്. ഇതോടെ കലക്ടർ എസ്.ആർ.അരുൺ ബാബുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 27 അംഗ കൗൺസിൽ എൽഡിഎഫ്: 17, യുഡിഎഫ്: 10 എന്നിങ്ങനെയാണ് കക്ഷിനില.
വൈസ് പ്രസിഡന്റായി എസ്.ആർ.അരുൺ ബാബു
കൊല്ലം ∙ സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നിന്നാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലേക്കു എസ്.ആർ.അരുൺബാബു എത്തുന്നത്.
പൊതുപ്രവർത്തനങ്ങളിലും സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സ്ഥിര സാന്നിധ്യമായ അരുൺ ബാബുവിന്റെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ട്രഷററുമാണ്.
4,599 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നെടുവത്തൂർ ഡിവിഷനിൽ നിന്നാണ് അരുൺ ബാബു തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം എസ്എൻ കോളജിൽ പഠിക്കുമ്പോഴാണ് എസ്എഫ്ഐ നേതൃത്വത്തിലേക്ക് വരുന്നത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹി, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുകോൺ ജീവനം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൂർ സായന്തനം വയോജന കേന്ദ്രം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കൈതക്കോട് തെങ്ങുവിള വീട്ടിൽ (ആര്യ നിവാസ്) കെ.ശങ്കരകുറുപ്പിന്റെയും രാധാമണിയമ്മയുടെയും മകനാണ്. പൂയപ്പള്ളി സഹകരണ ബാങ്ക് ജീവനക്കാരിയും മൈലം പഞ്ചായത്ത് മുൻ അംഗവുമായ കെ.ജി.ലക്ഷ്മിയാണ് ഭാര്യ.
മക്കൾ: നിരുപമ, നിരാമയ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

