കരുനാഗപ്പള്ളി ∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി കാൽ അറ്റു പോയ നിലയിൽ പാളത്തിൽ ട്രെയിൻ വീലുകൾക്കിടയിൽ കുടുങ്ങിയ കോട്ടയം തിരുവാതുക്കൽ സ്വദേശി പ്രീതിലാലിനെ (50) ട്രാക്കിൽ നിന്ന് എടുത്ത് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു മെഡിക്കൽ കോളജിലും എത്തിച്ചു ജീവൻ രക്ഷിച്ച കുഞ്ഞുമോൻ കുറ്റിക്കാടൻ എന്നു വിളിക്കുന്ന ഇടക്കുളങ്ങര പറാട്ട് വടക്കതിൽ നൗഷാദിന് (52) അഭിനന്ദന പ്രവാഹം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണു സംഭവം.
കുഞ്ഞുമോന്റെ വീട് റെയിൽവേ പ്ലാറ്റ്ഫോമിനു തൊട്ടു കിഴക്കു ഭാഗത്താണ്.
തിങ്കളാഴ്ച രാവിലെ 7.30നു വഞ്ചിനാട് എക്സ്പ്രസിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ വടക്കു ഭാഗത്ത് ഇറങ്ങിയ പ്രീതി പ്ലാറ്റ്ഫോം ഇറങ്ങി 3–ാം ട്രാക്കിലൂടെ മറുവശത്തേക്ക് പോകുകയായിരുന്നു. ഈ സമയം വേഗം കുറച്ചും ഹോണടിക്കാതെയും വന്ന ട്രെയിനിന്റെ ഭാഗം ഇവരുടെ തോളിൽ തട്ടി.
പാളത്തിനു പുറത്തേക്കു വീണ ഇവരുടെ സാരി പാളത്തിൽ കുരുങ്ങിയതിനാൽ കാൽ പുറത്തേക്ക് എടുക്കാൻ കഴിഞ്ഞില്ല.
ഇതെല്ലാം വീട്ടുപുരയിടത്തിൽ നിന്നു കണ്ടുകൊണ്ടു നിന്ന കുഞ്ഞുമോൻ ഉടൻ ഓടി എത്തി സാരി മുറിച്ച് ഇവരെ ട്രാക്കിൽ നിന്നു വേർപെടുത്തി എടുത്ത് കിഴക്കു ഭാഗത്തെ കട തിണ്ണയിലേക്കു കൊണ്ടു പോയി കിടത്തി.
ഇതിനിടെ ആംബുലൻസ് വിളിക്കുകയും വീണ്ടും ട്രാക്കിലെത്തി നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ടു നീക്കി മുറിഞ്ഞു മാറി ട്രാക്കിന്റെ മധ്യത്തിൽ കിടന്ന വലതുകാലും എടുത്തുകൊണ്ട് ഇവരുടെ സമീപത്തേക്ക് എത്തിയപ്പോഴേക്ക് ആംബുലൻസ് എത്തി.
കാൽ വേർപെട്ട് രക്തം വാർന്നു ബോധമറ്റ് കിടന്ന ഇവരെ എടുക്കാനോ ആശുപത്രിയിലേക്കു കൊണ്ടു പോകാനോ മറ്റാരും തയാറായില്ല.
താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മറ്റാരും തുണയായി ഇല്ലാതെ കിടന്ന ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനും കുഞ്ഞുമോൻ മുൻകയ്യെടുത്തു.
ആംബുലൻസ് ഡ്രൈവറും അറ്റുമാറിയ കാലുമായി കുഞ്ഞുമോനും കോട്ടയം മെഡിക്കൽ കോളജിലേക്കു യാത്ര തിരിച്ചു.
തിരിച്ചറിയാൻ കഴിയാതിരുന്ന ഇവരെ തിരിച്ചറിയുന്നത് ഇവരുടെ ഫോണിലേക്കു വന്ന ഒരാളുടെ വിളിയാണ്. അവരോട് വിവരങ്ങൾ പറഞ്ഞതിനാൽ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജിലെത്തി.
ബന്ധുക്കളെത്തിയതിനു ശേഷമാണു കുഞ്ഞുമോനും ആംബുലൻസ് ഡ്രൈവറും തിരികെ പോന്നത്.
കുഞ്ഞുമോൻ ഇവരുടെ ആരോഗ്യനില വിളിച്ച് അന്വേഷിക്കുകയും ചെയ്തു. മുട്ടിനു തൊട്ടു താഴെ വച്ചു മുറിഞ്ഞു മാറിയ കാൽ തുന്നി ചേർക്കാൻ കഴിയാത്ത നിലയിലായിരുന്നു.
വലതു കൈക്കും 3 ഒടിവുകളുണ്ട്. രക്തം വാർന്നു കിടന്ന ഇവരെ ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചു ജീവൻ രക്ഷപെടുത്താൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കുഞ്ഞുമോൻ. നേരത്തെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കുഞ്ഞുമോൻ ഇപ്പോൾ കൂലിപ്പണി ചെയ്യുകയാണ്.
സെയ്ഫ്നിസയാണു ഭാര്യ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]