
കൊല്ലം∙ ഹൈടെക് സ്കൂൾ കെട്ടിടത്തിലെ തറയോടുകൾ തകർന്നതോടെ നിലത്തു ഷീറ്റ് വിരിച്ച് അതിൽ ഇരുന്നു പഠിക്കേണ്ട ഗതികേടിൽ മയ്യനാട് ശാസ്താംകോവിൽ ഗവ.എൽപി സ്കൂളിലെ കുട്ടികൾ.
ക്ലാസ് മുറികൾക്കുള്ളിൽ ഇതാണ് അവസ്ഥയെങ്കിൽ സ്കൂളിന് പുറത്തു കാലപ്പഴക്കം ചെന്ന മരമാണ് കുട്ടികൾക്കു ഭീഷണിയാകുന്നത്. സ്കൂൾ അധികൃതരോട് പരാതിപ്പെട്ടപ്പോൾ ഉടൻ പരിഹാരം കാണുമെന്നായിരുന്നു മറുപടി. എന്നാൽ അധ്യയന വർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും പരിഹാരം കണ്ടില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
പൊടിപടലങ്ങൾ ഉയരാതിരിക്കാനും കാൽ മുറിയാതിരിക്കാനും തറയിൽ തുണി വിരിച്ചാണു ക്ലാസുകളിൽ കുട്ടികളെ ഇരുത്തിയിരിക്കുന്നത്. ഒന്നര വർഷം മുൻപാണ് ക്ലാസ് മുറികളിലെ തറയോടുകൾ പൊട്ടി ഇളകിത്തുടങ്ങിയത്.
ഇതോടെ മൂന്നും നാലും ക്ലാസുകൾ തൊട്ടടുത്ത ഹാളിലേക്കു മാറ്റി. താമസിയാതെ അവിടത്തെ തറയോടുകളും പൊട്ടിയിളകി തുടങ്ങി.
പൊട്ടിയ തറയോടുകളിൽ ചവിട്ടി കുട്ടികളുടെ കാലുകൾക്കു പരുക്കേൽക്കുമെന്ന സ്ഥിതി വന്നതോടെ അവ പിന്നീട് പൂർണമായും പൊളിച്ചു നീക്കി. ഇവ പൊളിച്ചു നീക്കിയിട്ട് ഇപ്പോൾ ഒന്നര വർഷമായി.
എന്നിട്ടും പുതിയ തറയോടുകൾ പാകാൻ അധികൃതർ തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
പഴയ ഒാടിട്ട കെട്ടിടം പൊളിച്ചു നീക്കി 2017ലാണ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ ബഹുനില കെട്ടിടം നിർമിച്ചത്.
സ്കൂൾ ചുറ്റുമതിലിനോടു ചേർന്ന് മയ്യനാട് റോഡരികിൽ നിൽക്കുന്ന കൂറ്റൻ മാവാണു കുട്ടികൾക്കു മറ്റൊരു ഭീഷണി സൃഷ്ടിക്കുന്നത്. കാലപ്പഴക്കം കൊണ്ടു മാവ് ചെരിഞ്ഞ നിലയിലാണ്.
സ്കൂളിന്റെ മുൻവശത്തെ മതിലും ഭാഗികമായി തകർന്നു. മരം വീഴുമെന്ന ആശങ്കയിൽ സ്കൂളിൽ അസംബ്ലി നടത്താനും സാധിക്കുന്നില്ല. സ്കൂളിനു ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
മയ്യനാട് പഞ്ചായത്ത് 4 ലക്ഷം രൂപ അനുവദിച്ചു
മയ്യനാട്∙സ്കൂളിലെ അറ്റകുറ്റപ്പണിക്കായി മയ്യനാട് പഞ്ചായത്ത് 4 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദയും വൈസ് പ്രസിഡന്റ് ജവാബ് റഹ്മാനും പറഞ്ഞു.
അറ്റകുറ്റപ്പണി നടത്താനായി ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. വീണ്ടും ടെൻഡർ വിളിച്ചിട്ടുണ്ട്.
റോഡരികിൽ അപകടാവസ്ഥയിലായ മരത്തിന്റെ ഏതാനും ശിഖരങ്ങൾ പഞ്ചായത്ത് മാസങ്ങൾക്ക് മുൻപു വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ മരം മുറിച്ചു മാറ്റാനുള്ള അധികാരം കേരള റോഡ് ഫണ്ട് ബോർഡിനാണ്(കെആർഎഫ്ബി).
അവർക്കു പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]