
കൊല്ലം ∙ഗതാഗത നിയമലംഘനത്തിന്റെ പേരിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടുന്നവരെ ‘ശരിയായ പാഠം’ പഠിപ്പിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് റിസർച് സെന്റർ (ഐഡിടിആർ സെന്റർ) കൊല്ലത്ത് ആരംഭിച്ചു. ആദ്യ ബാച്ചിൽ തന്നെ 24 പേർ ‘നല്ല നടപ്പ്’ പഠിക്കാനെത്തി. സംസ്ഥാനത്ത് രണ്ടാമത്തെയും ദക്ഷിണ കേരളത്തിലെ ആദ്യത്തെയും ഐഡിടിആർ സെന്റർ ആണ് കൊല്ലത്തു തുടങ്ങിയത്.
‘ട്രാക്കിന്റെ’ ചുമതലയിലാണ് പ്രവർത്തനം. മലപ്പുറം എടപ്പാൾ ഐഡിടിആർ കേന്ദ്രത്തിന്റെ എക്സ്റ്റൻഷൻ സെന്റർ എന്ന നിലയിലാണ് തുടങ്ങിയത്.
ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ഡ്രൈവിങ് ലൈസൻസ് നിശ്ചിത കാലത്തേക്ക് റദ്ദാക്കപ്പെടുന്നവരാണ് പഠിതാക്കൾ. ശരിയായ ഡ്രൈവിങ് സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ 5 ദിവസത്തെ ക്ലാസ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്ക് മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകൂ.
നേരത്തെ എടപ്പാളിലെ കേന്ദ്രത്തിൽ മാത്രമായിരുന്നു ക്ലാസ് നടത്തിയത്. കൊല്ലത്ത് സെന്റർ ആരംഭിച്ചതോടെ തെക്കൻ ജില്ലകളിൽ ഉള്ളവർക്ക് സൗകര്യപ്രദമാകും.
സംസ്ഥാനത്ത് ഏതു ജില്ലയിലുള്ളവർക്കും ഈ സെന്ററിലെ ക്ലാസിൽ പങ്കെടുക്കാം. വിദഗ്ധരായ അധ്യാപക പാനലാണ് ക്ലാസ് നയിക്കുന്നത്.
പ്രാക്ടിക്കൽ ക്ലാസിന് ലാബും ഒരുക്കിയിട്ടുണ്ട്.
കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലു സെന്റർ ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ റോഡ് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്ന പദ്ധതി തുടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രദ്ധയിൽപെടുന്ന നിയമലംഘനങ്ങളുടെ ചിത്രം, വിഡിയോ പകർത്തി എൻഫോഴ്മെന്റ് നിർദേശിക്കുന്ന നമ്പറിൽ നൽകിയാൽ നടപടി സ്വീകരിക്കും. ട്രാക്ക് സെക്രട്ടറിയും റിട്ട. സബ് ഇൻസ്പെക്ടറുമായ എച്ച്.
ഷാനവാസ്, പ്രസിഡന്റും റിട്ട. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ടി.രഘുനാഥൻ നായർ, കൊല്ലം ജോയിന്റ് ആർടിഒ ആർ.ശരത്ചന്ദ്രൻ, കെപിഎസി ലിലാകൃഷ്ണൻ, ഗോപൻ ലോജിക്ക്, ഡി.എസ്.ബിജു, അജേഷ് പണിക്കർ എന്നിവർ പ്രസംഗിച്ചു.
റോഡിൽ നിയമലംഘനം: ആക്ഷൻ പ്ലാനുമായി എംവിഡി
കൊട്ടാരക്കര∙ നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും ആംബുലൻസുകൾക്കും എതിരെ ആക്ഷൻ പ്ലാനുമായി മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം.
ഡോറുകൾ പൂർണമായും അടയ്ക്കാത്ത സ്വകാര്യ ബസുകളും അമിത നിരക്ക് വാങ്ങുന്ന ഓട്ടോറിക്ഷകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാരും പിടിയിലാകും. ജില്ലയിലുടനീളം അടുത്ത ഒന്നു മുതൽ നടപടികൾ ശക്തമാക്കുമെന്ന് ആർടിഒ എ.കെ.ദിലു പറഞ്ഞു.
മഫ്തിയിൽ എംവിഡി ഉദ്യോഗസ്ഥർ ബസുകളിലും ഓട്ടോറിക്ഷകളിലും സഞ്ചരിച്ചാകും നിയമലംഘനം കണ്ടെത്തുന്നത്.
2018ന് ശേഷമുള്ള എല്ലാ സ്വകാര്യ ബസുകൾക്കും ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള വാതിൽ നിയന്ത്രണ സംവിധാനം ഉണ്ട്. ഇത് ഉപയോഗിക്കണം.
യാത്രാവേളയിൽ ഒരു കാരണവശാലും വാതിലുകൾ തുറന്നിട്ട് സർവീസ് അനുവദിക്കില്ല. ഇത്തരം ബസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ചിത്രങ്ങളെടുത്ത് 9188961202 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യണം. ആംബുലൻസുകളുടെ പ്രവർത്തനം നിരീക്ഷിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]