
ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം: നാലംഗ സംഘം പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂയപ്പള്ളി ∙ വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ താന്നിമൂട് പ്രദേശങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തി വന്ന നാലംഗ സംഘം പിടിയിൽ. വെളിനല്ലൂർ താന്നിമൂട് നീലക്കോണം ചരുവിള വീട്ടിൽ ആരോമൽ (24), താന്നിമൂട് ഇന്ദു വിലാസത്തിൽ ചന്തു ( 27 ), താന്നിമൂട് , മനോജ് വിലാസത്തിൽ മനോജ് (27), താന്നിമൂട് അഖിൽ ഭവനിൽ അഖിൽ ( 27 ) എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് നിന്ന് റബർ ഷീറ്റുകളും ഒട്ടുകറയും മോഷണം പോകുന്നത് പതിവായതോടെ കരിങ്ങന്നൂർ താന്നിമൂട്ടിൽ ഹിൽ ക്രിസ്റ്റിൽ അജയകുമാർ, താന്നിമൂട് ദിലീപ് മന്ദിരത്തിൽ ദിലീപ്കുമാർ, കരിങ്ങന്നൂർ രേവതിയിൽ സലീം എന്നിവർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം താന്നിമൂട് ഹിൽ ക്രിസ്റ്റിൽ അജയകുമാറിന്റെ വീടിന്റെ ഓട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാക്കൾ ടി വി, മിക്സി, ഓട്ടു പാത്രങ്ങൾ, ഒട്ടുകറ, ഫാനുകൾ, ഗ്യാസ് സിലിണ്ടർ തുടങ്ങിയവ മോഷ്ടിച്ചിരുന്നു. വീട്ടുകാർ നൽകിയ സൂചന പ്രകാരം അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഫോൺ ഉപയോഗിക്കാത്തതിനാൽ പിടികൂടാൻ സാധിച്ചില്ല. പൂയപ്പള്ളി എസ് ഐ രജനീഷ് മാധവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിക്കുകയായിരുന്നു.
രാത്രി മോഷണം നടത്തുന്ന സംഘം മോഷണമുതൽ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരുന്നതായി പൊലീസിനു സൂചന ലഭിച്ചു. പകൽ ഇത്തിക്കര ആറിന്റെ തീരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് വിശ്രമിക്കാനെത്തുമെന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് മീൻ പിടിത്തക്കാരുടെ വേഷത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പൂയപ്പള്ളി എസ് ഐ രജനീഷ് മാധവൻ, എസ് സി പി ഒ മാരായ ബിനീഷ്, സാബു , റിജു, അൻവർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.