
പരവൂർ∙ പൊഴിക്കര ചീപ്പ് പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഡിസംബറിൽ പുനരാരംഭിക്കുമെന്നും അടുത്ത വേനൽക്കാലത്തിന് മുൻപ് ഷട്ടറുകളും മോട്ടറുകളും പുനഃസ്ഥാപിക്കുമെന്നും ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനീയർ. ചീപ്പ് പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ 2 വർഷമായി മുടങ്ങിയ നിലയിലാണ്.
പാലത്തിന്റെ പഴയ ഷട്ടറുകളും മോട്ടറുകളും ഇളക്കി മാറ്റി പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഡിസംബറിൽ ആരംഭിക്കുന്നത്. ഷട്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മെക്കാനിക്കൽ വിഭാഗം തയാറാക്കിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റീബിൽഡ് കേരളയ്ക്ക് എസ്റ്റിമേറ്റ് അടുത്ത മാസം സമർപ്പിക്കുമെന്ന് ചീഫ് എൻജിനീയർ അറിയിച്ചു.
ജലസേചന വകുപ്പിലെ മേജർ ഇറിഗേഷൻ വിഭാഗത്തിനാണ് പാലത്തിന്റെ കസ്റ്റോഡിയൻ ചുമതല.
പഴയ ഷട്ടറുകൾ ഇളക്കി മാറ്റിയപ്പോൾ പാലത്തിന്റെ അടിഭാഗത്തുണ്ടായ വിള്ളലുകൾ കാരണം മേജർ ഇറിഗേഷൻ വിഭാഗം പാലത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം രണ്ടര വർഷം മുൻപ് നിരോധിച്ചിരുന്നു. എന്നാൽ ജലസേചന വകുപ്പ് സിവിൽ വിഭാഗം പിന്നീട് നടത്തിയ പരിശോധനയിൽ 50 വർഷം പഴക്കമുള്ള പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പാലത്തിന്റെ നവീകരണം 2 വർഷത്തിലേറെ മുടങ്ങാൻ കാരണം മഴയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
പൊഴിക്കര ചീപ്പ് പാലം നവീകരണത്തിനായി 2.3 കോടി രൂപയുടെ എസ്റ്റിമേറ്റാണ് മെക്കാനിക്കൽ വിഭാഗം സർക്കാരിന് സമർപ്പിച്ചത്.
1.5 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. നവീകരണം ആരംഭിച്ച് 8 ഷട്ടറുകൾ സ്ഥാപിക്കാനായി പൊഴിമുഖത്ത് 88 മീറ്റർ നീളത്തിൽ കരാറുകാരൻ സ്ഥാപിച്ച ബണ്ടുകൾ വെള്ളപ്പൊക്ക ഭീഷണി കാരണം 3 പ്രാവശ്യം പൊളിച്ചു മാറ്റേണ്ട അവസ്ഥ വന്നതോടെ കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങി. റഗുലേറ്ററിൽ സ്ഥാപിക്കാനുള്ള പുതിയ ഷട്ടറുകൾ സമീപത്തെ ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ പരവൂർ കായലിൽ നിന്ന് ശുദ്ധജലം അനിയന്ത്രിതമായി കടലിലേക്ക് ഒലിച്ചു പോകുന്നത് കായലിന്റെ തീരങ്ങളിൽ ശുദ്ധജല ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
കടൽ ജലം അധികമായി കായലിലേക്ക് പ്രവേശിക്കുന്നത് മത്സ്യസമ്പത്തിനും ഭീഷണി സൃഷ്ടിച്ചു. പൊഴിക്കര റഗുലേറ്ററിന്റെ അടിയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും കായലിലെ മണൽ കൂനകൾ നീക്കം ചെയ്യാനും 10 കോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു.
പാലത്തിന്റെ ബലക്ഷയ പരിശോധനയിൽ ആശങ്ക
കടലിൽ നിന്ന് പരവൂർ കായലിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാനും തീരദേശം വഴി വാഹനഗതാഗതം സാധ്യമാക്കുവാനുമാണ് 1958 ൽ പൊഴിക്കര ചീപ്പ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കി 1976 ലാണ് പാലം ഗതാഗതത്തിന് തുറന്നു നൽകിയത്. പാലത്തിന്റെ ഇരുമ്പ് ഷട്ടറുകൾ തുരുമ്പെടുത്തു നശിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് കെല്ലിന്റെ മേൽനോട്ടത്തിൽ ഷട്ടറുകൾ പുനഃസ്ഥാപിച്ചിരുന്നു.
കടലിനോട് ചേർന്ന് ശക്തമായ ഒഴുക്കുള്ള പ്രദേശത്താണ് ചീപ്പ് പാലം സ്ഥിതി ചെയ്യുന്നത്.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ ടോറസ് ലോറികളടക്കം നൂറിലേറെ വാഹനങ്ങളാണ് ദിവസേന പാലത്തിലൂടെ കടന്ന് പോകുന്നത്.
ഇതിനാൽ 50 വർഷം പഴക്കമുള്ള പാലത്തിന് ബലക്ഷയമുണ്ടോ എന്ന് വിശദമായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]