
കൊല്ലം ∙ ഇലക്ട്രോണിക്സ് മാലിന്യത്തിന്റെ മറവിൽ വ്യാജരേഖകളുണ്ടാക്കി ലക്ഷങ്ങളുടെ ചെമ്പുകമ്പി കടത്താനുള്ള നീക്കം പൊളിഞ്ഞു . പുനലൂർ– പത്താനാപുരം റോഡിൽ ജില്ലാ ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ 25ന് നടത്തിയ പരിശോധനയിലാണ് 4 ടണ്ണോളം ചെമ്പു കേബിളുകൾ കടത്തിയ ട്രക്ക് പിടിച്ചത്.4 ലക്ഷം രൂപയുടെ ഇ–മാലിന്യം കൊണ്ടുപോകാനുള്ള ബിൽ മാത്രമാണ് ട്രക്കിലുണ്ടായിരുന്നവരുടെ കൈവശം ഉണ്ടായിരുന്നത്.എന്നാൽ 30 ലക്ഷത്തിന് മുകളിൽ വില വരുന്ന ചെമ്പ്, അലുമിനിയം കേബിളുകൾ പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തി.
വ്യാജമായി തയാറാക്കിയ ജിഎസ്ടി റജിസ്ട്രേഷന്റെ മറവിൽ കേബിൾ കടത്താനായിരുന്നു പദ്ധതി . കേബിളിന്റെ യഥാർഥ ഉടമകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ഹരിയാന സ്വദേശികളായ ഡ്രൈവർ മുബീൻ, സഹായ അർബാസ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
സംസ്ഥാന ജിഎസ്ടി വകുപ്പ് ജോയിന്റ് ഇന്റലിജന്റ്സ് കമ്മിഷണർ കിരൺ ലാലിന്റെയും എൻഫോഴ്സ്മെന്റ് ഡപ്യൂട്ടി കമ്മിഷണർ ലെനിന്റെയും നിർദേശപ്രകാരം ജിഎസ്ടി ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർ ആന്റണി വാസ്, ഡപ്യൂട്ടി എൻഫോഴ്സ്മെന്റ് ഓഫിസർമാരായ ബി.ദീപു, മനീഷ് ബാലൻ, അനിൽ ജോർജ്, ജീവനക്കാരായ അമൽ, അൻസാർ എന്നിവർ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടിച്ചത്.ഡൽഹിയിൽ നിന്ന് വസ്ത്രവും ചെരിപ്പുകളും അടക്കമുള്ള സാധനങ്ങളുമായി എത്തിയതായിരുന്നു ട്രക്ക്. മടക്ക യാത്രയിൽ ഡൽഹിയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുക പതിവാണ്.
അടൂർ ഭാഗത്തു നിന്നാണ് ചെമ്പുകമ്പികളും മറ്റു സാധനങ്ങളും ട്രക്കിൽ കയറ്റിയത്. പരിശോധകരുടെ കണ്ണിൽ പെടാതിരിക്കാനായി വാതിലിന്റെ ഭാഗങ്ങളിൽ കംപ്യൂട്ടർ, ടിവി എന്നിവയുടെ പൊട്ടിയ ഭാഗങ്ങൾ അടക്കമുള്ള ഇ–മാലിന്യങ്ങൾ നിറച്ച നിലയിലായിരുന്നു.
4 ലക്ഷം രൂപയുടെ ഇ–മാലിന്യത്തിന്റെ ബില്ലാണ് ഇവർ പരിശോധനാ സംഘത്തെ കാണിച്ചത്.
സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് വ്യാജ രേഖകൾ ഉപയോഗിച്ചു തയാറാക്കിയ ജിഎസ്ടി റജിസട്രേഷനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇന്നലെ വാഹനം കൊല്ലം ആശ്രാമത്തെത്തിച്ച് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സാധനങ്ങളുടെ മൂല്യം കണക്കാക്കി.
പുനലൂർ വഴി തെങ്കാശിയിലൂടെ ഡൽഹിയിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ നീക്കം.വലിയ നികുതിവെട്ടിപ്പായതിനാൽ സാധനങ്ങളുടെ തുക പൂർണമായും അടച്ചാലെ വിട്ടുനൽകൂ. വാഹനം വിട്ടുകിട്ടാനും പിഴ അടക്കേണ്ടി വരും.
സാധനങ്ങൾ ആരുടെതാണെന്ന് വാഹന ഉടമയ്ക്കും സഹായിക്കും ധാരണയില്ലാത്തതിനാൽ കൂടുതൽ അന്വേഷണം വേണ്ടിവന്നേക്കും.
നികുതി വെട്ടിപ്പ്: സംസ്ഥാനത്തിന് വൻനഷ്ടം
ആക്രി സാധനങ്ങളുടെയും ഇ–മാലിന്യത്തിന്റെയും മറവിൽ സാധനങ്ങൾ കടത്തുന്നതിലൂടെ സംസ്ഥാനത്തിന് വലിയ നികുതി ചോർച്ചയാണ് ഉണ്ടാകുന്നത്. വലിയ ട്രക്കുകളിൽ സാധനങ്ങൾ കൊണ്ടു പോകുമ്പോൾ സാധാരണ പരിശോധന കുറവാണ്.
ട്രക്കിലെ സാധനങ്ങൾ മുഴുവൻ പുറത്തെത്തിച്ച് പരിശോധന നടത്തുന്നതിലെ അധ്വാനവും വ്യാജ രേഖകളുമാണ് ഇവിടെ വില്ലനാകുന്നത്.വലിയ മാഫിയ ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ട്രക്കുകളുടെ ഉടമയ്ക്കോ ഡ്രൈവർക്കോ ആരാണ് കടത്തിനു പിന്നിലെന്ന് അറിയാനും നിർവാഹമില്ല. ഫോൺ വഴി യാത്രയ്ക്കിടയിലാണ് എത്തിക്കേണ്ട
സ്ഥലവും മറ്റും അറിയിക്കുക.ഉത്തരേന്ത്യയിൽ നിന്ന് സാധനങ്ങളുമായി എത്തുന്ന ട്രക്കുകൾ മടങ്ങിപ്പോകുമ്പോഴാണ് മാഫിയ ഇവരെ വലിവീശുന്നത്.
പല ഇടങ്ങളിൽ നിന്നായി സാധനങ്ങൾ കയറ്റി, വ്യാജ രേഖകളും നൽകി ഡൽഹിയിലേക്ക് അയയ്ക്കും.2 ലക്ഷം രൂപയോളം യാത്രയ്ക്കു ചെലവ് വരുമെന്നതിനാൽ ട്രക്ക് ഉടമകൾക്കും ഈ ഏർപ്പാട് ലാഭമാണ്. പരിശോധനയിൽ കണ്ടെത്തിയാലും വാഹനയുടമയും ഡ്രൈവറുമാണ് പിടിയിലാവുക.
ഈ സംഭവത്തിൽ തന്നെ രേഖകൾ പ്രകാരം 4 ലക്ഷം രൂപയുടെ സാധനങ്ങൾ എത്തിക്കുന്നതിനായാണ് 2 ലക്ഷം രൂപ വാഹന ഉടമയെ എൽപ്പിച്ചിരുന്നത്.പിടിക്കപ്പെടുന്ന സംഭവങ്ങളിൽ നിന്നുള്ള പിഴത്തുകയും സംസ്ഥാനത്തിന് ലഭിക്കുന്നതിൽ പരിധിയുണ്ട്.അന്തർ സംസ്ഥാന വ്യാപാരമായതിൽ പിഴത്തുകയുടെ പകുതി കേന്ദ്രത്തിനും പകുതി ലക്ഷ്യസ്ഥാനമായിട്ടുള്ള സംസ്ഥാനത്തിനുമാണ് ലഭിക്കുക. സമാനമായ രീതിയിൽ സാധനങ്ങൾ കടത്തുന്നത് വ്യാപകമാണെന്നാണ് ജിഎസ്ടി വകുപ്പ് വിലയിരുത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]