
ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ കെടുതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുകോൺ ∙ ശനി രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ കെടുതികൾ. ചീരങ്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം ദേശീയ പാതയിൽ 2 മരങ്ങൾ കടപുഴകി വീണ് ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഒരു പെട്ടിക്കടയും തകർന്നു. റെയിൽവേ പുറമ്പോക്കിൽ നിന്ന മരങ്ങളാണ് വൈദ്യുത ലൈനുകളും പോസ്റ്റുകളും കടയും തകർത്തു റോഡിനു കുറുകെ പതിച്ചത്. ചെക്കുംമൂട്ടിൽ വിജയമ്മയുടെ കടയാണ് തകർന്നത്. കട പൂട്ടിക്കിടക്കുകയായിരുന്നു. 4 പോസ്റ്റുകൾ ഒടിഞ്ഞു. ഭാഗ്യത്തിനു ഗതാഗതത്തിരക്കു കുറവായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
റോഡിലേക്കു പതിച്ച മരച്ചില്ല ഇതുവഴി കടന്നു പോയ ഇരുചക്ര വാഹനത്തിന്റെ പിന്നിലേക്കു പതിച്ചെങ്കിലും യാത്രികൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഏറെ നേരം ശ്രമപ്പെട്ടു മരം വെട്ടിമാറ്റിയ ശേഷമാണു ഗതാഗതം പുന:സ്ഥാപിച്ചത്. വട്ടമൺകാവ് ക്ഷേത്രത്തിനു സമീപം 4 വൈദ്യുത പോസ്റ്റും മുന്നൂർ ഭാഗത്ത് 2 പോസ്റ്റും കോട്ടായിക്കോണം ഭാഗത്ത് ഒരു പോസ്റ്റും മരം കടപുഴകി വീണ് ഒടിഞ്ഞു.
പുത്തൂർ
നെടുവത്തൂർ പഞ്ചായത്ത് പുല്ലാമല ഏലായിലും മഠത്തിൽ ഭാഗം ഏലായിലും ആയിരത്തിലേറെ വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. ഒട്ടേറെ കർഷകരുടെ വെറ്റിലക്കൃഷിയും നശിച്ചു. പുല്ലാമല മൂന്നാം കിഴക്കതിൽ ശാന്തമ്മയുടെ വീട്ടുമുറ്റത്തെ കിണർ മരം വീണ് തകർന്നു. തിരുവാതിരയിൽ വിജയൻപിള്ളയുടെ വീടിനോടു ചേർന്ന കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു മാറി. പുല്ലാമലയിൽ വിവിധ ഇടങ്ങളിലായി 6 വൈദ്യുത പോസ്റ്റുകൾ മരം വീണു തകർന്നു. റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ ഇടിമിന്നലിൽ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്കയിൽ ഒട്ടേറെ വീടുകളിലെ വൈദ്യുതോപകരണങ്ങൾ തകരാറിലായി. ചെറുപൊയ്ക കൊച്ചുതുണ്ടിൽ വീട്ടിൽ കെ.രവിയുടെ നിർമാണത്തിലിരിക്കുന്ന പുതിയ വീടിന്റെ ചിമ്മിനിക്കു മുകളിലേക്കു മരച്ചില്ല വീണു. കോട്ടാത്തല തലയണവിള, ചെറുപൊയ്ക, മാവടി ഭാഗങ്ങളിൽ മരം കടപുഴകി വീണു 4 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. മുപ്പതോളം സ്ഥലങ്ങളിൽ വൈദ്യുത ലൈനുകൾ തകരാറിലായി. ഇന്നലെയോടെ മിക്ക സ്ഥലങ്ങളിലും വൈദ്യുത ബന്ധം പുന:സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ഓയൂർ
കിഴക്കൻ പ്രദേശങ്ങളായ ഓയൂർ, പൂയപ്പള്ളി, വെളിയം, മൈലോട് പ്രദേശങ്ങളിൽ മഴയിലും കാറ്റിലും വ്യാപക നാശം. മണിക്കൂറുകളോളം വൈദ്യുതി ബന്ധം താറുമാറായി. പലയിടങ്ങളിലും റബർ മരങ്ങൾ ഒടിഞ്ഞുവീണ്. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണ്. 3 മണിക്കൂറോളം നേരം പെയ്ത മഴയും ഇടിമിന്നലും ജനങ്ങളെ പരിഭ്രാന്തരാക്കി. മുൻകരുതൽ ഇല്ലാതെ പെയ്ത മഴയിൽ പലരും വീടുകളിൽ എത്താൻ കഴിയാതെ വഴികളിൽ അകപ്പെട്ടു.
മൈലോട് സ്കൂളിനു സമീപമുള്ള ശ്രീകുമാറിന്റെ പുരയിടത്തിലെ കുലച്ച വാഴകൾ കാറ്റിൽ പിഴുതു വീണ്. പുരയിടങ്ങളിൽ നിന്നും മണ്ണും കല്ലും വെള്ളവും റോഡിൽ പതിച്ചതോടെ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. വളരെ വൈകിയാണെങ്കിലും മഴ മാറിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.