പത്തനാപുരം ∙ വനഭൂമിയിലെ കൈവശക്കാർക്കു പട്ടയം; സർവേയ്ക്കെത്തിയവരെ വീണ്ടും തടഞ്ഞു. വാദപ്രതിവാദങ്ങളുമായി മന്ത്രിയും യുഡിഎഫും.
പത്തനാപുരം പഞ്ചായത്തിലെ വാഴപ്പാറ വാർഡിലാണ് ഇന്നലെ സർവേ ഉദ്യോഗസ്ഥരെ യുഡിഎഫും നാട്ടുകാരും ചേർന്നു തടഞ്ഞത്. തിരഞ്ഞെടുപ്പു പടിവാതിക്കൽ നിൽക്കുമ്പോൾ താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ആധികാരികതയില്ലാത്ത സർവേ നടത്തുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണു യുഡിഎഫിന്റെ ആരോപണം.
1977നു മുൻപ് കയ്യേറിയവർക്ക് പട്ടയം നൽകണമെന്നു വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി പലതവണ സംയുക്ത പരിശോധന നടത്തി.
എന്നാൽ, പട്ടയം നൽകുന്നതിനു കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. മലയോര മേഖലയിൽ വനം – റവന്യു വകുപ്പുകൾ സംയുക്ത സർവേ നടത്തിയ സ്ഥലങ്ങളിലാണു താൽക്കാലിക ജീവനക്കാരെ ഇറക്കി റവന്യു വകുപ്പ് സർവേ നടത്തുന്നത്.
ഭൂമി സംബന്ധമായ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനു കേന്ദ്ര സർക്കാർ തയാറാക്കിയ പരിവേഷ് പോർട്ടലിൽ സംയുക്ത പരിശോധനയുടെ വിവിരങ്ങൾ അപ്ലോഡ് ചെയ്യണമെന്നു നിർദേശം വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ആരുടെ കൈവശമാണു ഭൂമിയെന്നു മനസിലാക്കാനാണു സർവേ നടത്തുന്നത്.
മാസങ്ങൾക്ക് മുൻപേ സർവേക്കുള്ള അനുമതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് എത്തിയപ്പോഴാണു നടപടികൾ തുടങ്ങിയത്. റിട്ട.
ജീവനക്കാർ, മറ്റുള്ളവർ എന്നിങ്ങനെ താൽക്കാലികമായി തിരഞ്ഞെടുത്തവരാണു സർവേ ടീമിലുള്ളത്. എൽഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച സർവേ ടീമിൽ വിശ്വാസമില്ലെന്നും ഇവർ സംയുക്ത പരിശോധനാ റിപ്പോർട്ടിലെ പലരെയും ഒഴിവാക്കുന്നതായും യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
ഭൂമി പലരിലേക്കും കൈ മറിഞ്ഞുപോയിട്ടുണ്ട്. നിലവിൽ ഭൂമിയുള്ളവരെ പരിഗണിക്കുന്നതിനു പകരം പഴയ ആളുകളെ തേടിയുള്ള സർവേക്ക് എന്ത് പ്രസക്തിയാണെന്നും ഇവർ ചോദിക്കുന്നു.
അതേസമയം സർവേ പൂർത്തിയാക്കി പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടത് അനിവാര്യതയാണെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. സർവേക്ക് എത്തുന്നവരെ തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇനിയും കാത്തിരിക്കണം
വനഭൂമി കൈവശപ്പെടുത്തി താമസിക്കുന്നവർക്കു പട്ടയം നൽകുന്നതിനു വേണ്ടിയാണ് സർവേ നടത്തുന്നതെന്ന പ്രചാരണത്തിൽ അതിശയോക്തിയുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
പട്ടയം നൽകുന്നതിനു വേണ്ടിയല്ല പകരം, നേരത്തേ വനം – റവന്യു വകുപ്പുകൾ സംയുക്തമായി നടത്തിയ സർവേയുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. നേരത്തേ ഭൂമി കൈവശമുണ്ടായിരുന്നവർ വിൽക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ ഭൂമി നിലവിൽ ആരുടെ കൈവശമാണെന്ന് അറിയുകയാണ് സർവേയിലൂടെ.
അയ്യായിരത്തോളം പേരാണു മലയോര മേഖലയിൽ സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കു പട്ടയം ലഭിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചേ മതിയാകൂ.
അതിനുള്ള നടപടികൾ ഒന്നും തന്നെ മുന്നോട്ടുപോയിട്ടില്ലെന്നും അറിയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

