പനയം∙ മാലിന്യ സംസ്കാരം, ആരോഗ്യം മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളിൽ തിളങ്ങി പനയം പഞ്ചായത്ത്. മാലിന്യ മുക്ത നവകേരളം പ്രവർത്തനത്തിൽ സംസ്ഥാനതല അവാർഡ്, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഹരിതകർമ സേന, എസ്ആർഎമിൽ ജില്ലാതല രണ്ടാം സ്ഥാനം, ആർദ്ര കേരളത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം എന്നിങ്ങനെ ശ്രദ്ധേയമായ അംഗീകാരം നേടിയതിന്റെ തിളക്കത്തിലാണ് പനയം പഞ്ചായത്ത്.
വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് എന്ന രാഷ്ട്രീയ കക്ഷികളുടെ തീരുമാനമാണ് പഞ്ചായത്തിന് ഇത്രയേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്ന് ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ അംഗീകരിക്കുന്നു.
സിപിഎം 5, സിപിഐ 2, കോൺഗ്രസ് 4, കോൺ. റിബൽ 1, ബിജെപി 4 എന്നിങ്ങനെയാണ് കക്ഷിനില.
തുടക്കത്തിൽ ഉണ്ടായിരുന്ന കല്ലുകടി മാറ്റി വച്ച് പഞ്ചായത്തിന്റെ മൊത്തത്തിലുള്ള വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും രാഷ്ട്രീയം മറന്ന് നടപ്പാക്കുകയും ചെയ്തതിലൂടെ പനയം പഞ്ചായത്ത് സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. എല്ലാ വാർഡുകളിലും ഒരേപോലെ ഫണ്ട് വിതരണം, മികച്ച ഏകോപനം, ഉദ്യോഗസ്ഥരുടെ പിന്തുണ എന്നിവയെല്ലാം ചേർന്നതാണ് പഞ്ചായത്തിന്റെ വിജയം.
കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യൂഎഎസ് , ആയുർവേദ ആശുപത്രിക്ക് എൻഎബിഎച്ച് സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചു.
പാലിയേറ്റീവ് പരിചരണത്തിന് ആംബുലൻസ്, അതിദരിദ്രർക്ക് ചികിത്സ സഹായം തുടങ്ങിയവയാണ് ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ. 30 ഹെക്ടർ പ്രദേശത്ത് ചെയ്യുന്ന നെല്ല് കൃഷിയുടെ വികസനത്തിനായി റോട്ടോവീറ്റർ കൾട്ടിവേറ്റർ വാങ്ങിയിട്ടുണ്ട്.
ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ, 14, 16 വാർഡുകളിലെ അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ, പെരുമൺ, പനയം എൽപി സ്കൂളുകളിൽ വർണക്കൂടാരങ്ങൾ എന്നിവയും നടപ്പാക്കി.
വൈദ്യുതി സംരക്ഷണത്തിന് പഞ്ചായത്ത് ഓഫിസിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ചു. പട്ടിക ജാതി വിദ്യാർഥികൾക്ക് ഐഎഎസ് പരീക്ഷ പരിശീലനം, ക്ഷീര വികസനം, മൃഗ സംരക്ഷണം, വനിത വികസനം തുടങ്ങിയ മേഖലകളിലും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
അതേസമയം, പഞ്ചായത്ത് റോഡുകളുടെ നവീകരണത്തിനായി മതിയായ ഫണ്ട് ലഭ്യമാക്കിയിട്ടില്ലെന്നും ജലജീവൻ പദ്ധതിക്കായി കുഴിച്ച റോഡുകൾ ശരിയാക്കിയിട്ടില്ലെന്നും ഇവ കൂടി പരിഹരിക്കപ്പെടണം എന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
“മാതൃകാപരമായ പദ്ധതികളാണ് പഞ്ചായത്തിൽ ആവിഷ്കരിക്കുന്നത്. തുല്യമായി വാർഡുതലങ്ങളിൽ ഫണ്ട് വകയിരുത്തുന്നു.
ഹരിത കർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ മുതൽ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സംസ്ഥാനതല അവാർഡ് ഉൾപ്പെടെയുള്ള നേട്ടങ്ങൾ.”
കെ.
രാജശേഖരൻ പ്രസിഡന്റ്, പനയം പഞ്ചായത്ത്
“വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്താതെയാണു പഞ്ചായത്തിന്റെ പ്രവർത്തനം. പാർട്ടി നോക്കാതെയാണ് തനത് ഫണ്ട് വാർഡുകൾക്ക് വീതം വയ്ക്കുന്നത്.
അതനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയും.”
വി.പി.വിധു, കോൺഗ്രസ് പാർലമെന്ററി പാർട്ടി, പനയം പഞ്ചായത്ത്
“ജലജീവൻ പദ്ധതിക്കായി എടുത്ത കുഴികൾ അടയ്ക്കാത്തതിനാൽ റോഡുകൾ പൊളിഞ്ഞ സ്ഥിതിയാണ്. ഒട്ടേറെ തവണ കമ്മിറ്റി കൂടി നടപടി സ്വീകരിച്ചിട്ടും വാട്ടർ അതോറിറ്റി കുഴികളടയ്ക്കാൻ തയാറായിട്ടില്ല.
പഞ്ചായത്ത് ഫണ്ട് അല്ലെങ്കിലും ചെമ്മക്കാട് – തരിയൻമുക്ക് റോഡ് നവീകരിക്കുന്നതിന് നടപടി ഉണ്ടാവണം.”
രതീഷ് രവി, ബിജെപി പാർലമെന്ററി പാർട്ടി, പനയം പഞ്ചായത്ത്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]