കൊട്ടാരക്കര∙ റോഡിലാകെ അപകടക്കെണികൾ ഒരുക്കി സർക്കാർ വകുപ്പുകൾ. അപകടങ്ങൾ തുടർച്ചയായിട്ടും നടപടി ഇഴയുന്നു.
അടുത്തിടെ റോഡിന് കുറുകെയുള്ള ഓടയുടെ തകർന്ന ഗ്രില്ലിൽ വിദ്യാർഥിനിയുടെ കാൽ കുടുങ്ങിയിരുന്നു. ഇവിടെ ബൈക്ക് യാത്രികൻ നേരത്തേ വീണു പരുക്കേറ്റു.
സമാന അപകടങ്ങൾ നേരത്തെയും ഉണ്ടായി. അപകടം നടന്ന കോളജ് റോഡിൽ മാത്രമല്ല ഇത്തരം ഗ്രില്ലുകൾ. ലോട്ടസ് റോഡിന് കുറുകെ എംസി റോഡിനോട് ചേർന്നും എംസി റോഡിനോട് ചേർന്ന് പെന്തക്കോസ്ത് ജംക്ഷനിലും ഇതേ രീതിയിൽ ഗ്രില്ലുകൾ ഉണ്ട്.
അവിടെയും ഗ്രില്ലുകളുടെ പൈപ്പുകൾ തകർന്ന നിലയിലാണ്. അശാസ്ത്രീയമായാണ് ഗ്രില്ലുകളുടെ നിർമാണമെന്നാണ് ആരോപണം.
ഗ്രില്ലുകൾ മാറ്റി ഉയർന്ന നിലവാരത്തിലുള്ള നിർമാണം വേണമെന്നാണ് ആവശ്യം.
റോഡിൽ നിന്നുള്ള വെള്ളം ഓടയിലേക്ക് ഒഴുകാനാണ് ഗ്രില്ലുകൾ സ്ഥാപിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾക്ക് പകരം ഉയർന്ന നിലവാരത്തിലുള്ള കമ്പികൾ ഉപയോഗിച്ചാൽ ഗ്രില്ലുകളിലെ അപകടം ഒഴിവാക്കാനാകുമെന്ന് എൻജിനീയറിങ് വിദഗ്ധർ പറയുന്നു.
ഗ്രില്ലുകൾക്ക് പുറമേ മേൽമൂടികളില്ലാത്ത ഓടകളും നഗരത്തിൽ വ്യാപകമാണ്. പുലമണിൽ ഓടയിൽ വീണ് വീട്ടമ്മയ്ക്ക് നേരത്തേ പരുക്കേറ്റിരുന്നു.
വിദ്യാർഥിനി ഓടയിൽ വീണ സംഭവവും ഉണ്ടായി. എംസി റോഡിൽ രവിനഗർ, ലോട്ടസ് ജംക്ഷൻ, ചന്തമുക്ക് എന്നിവിടങ്ങളിൽ ഇവ വ്യാപകമാണ്.
അപകടങ്ങളിൽ സർക്കാർ വകുപ്പുകളെ പ്രതികളാക്കി കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നെടുവത്തൂരിലും അപകടക്കെണി
കൊട്ടാരക്കര∙നെടുവത്തൂർ ഫാക്ടറി ജംക്ഷനിൽ നിന്നും വില്ലേജ് ജംക്ഷനിലേക്കുള്ള റോഡിന് കുറുകെ ദേശീയ പാതയോട് ചേർന്നുള്ള ഓടയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രില്ലും തകർച്ചയിൽ. ഒരു വർഷത്തിനുള്ളിൽ 3 തവണ അധിക്യതർ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചു.
തുരുമ്പെടുത്ത ഇരുമ്പ് ദണ്ഡുകളാണ് അവസാനം സ്ഥാപിച്ചത്. ഓരോ സ്ഥാപിക്കുമ്പോഴും ഒരാഴ്ചയാണ് ഇതിന്റെ ആയുസ്സ്.
കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ വിഷയം അവതരിപ്പിച്ച് അധിക്യതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധിക്യതരുടെ അലംഭാവത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും വാർഡ് അംഗം ആർ.രാജശേഖരൻപിള്ള പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]