
കൊല്ലം ∙ പഴ്സ് മോഷ്ടിച്ചു കടന്ന തമിഴ്നാട് സ്വദേശികളായ സഹോദരിമാരെ വീട്ടമ്മ പിന്തുടർന്നു പിടികൂടി. കൈക്കുളങ്ങര കാങ്കത്ത് നഗർ–29 തോട്ടത്തിൽ വീട്ടിൽ രാധ (69) ആണു പഴ്സ് മോഷ്ടിച്ചു കടന്ന സ്ത്രീകളെ പിന്തുടർന്നു പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പൊലീസിനു കൈമാറിയത്.
കെഎസ്ആർടിസി ബസിൽനിന്ന് ഇറങ്ങുമ്പോൾ ഇന്നലെ രാവിലെ 11നാണ് സംഭവം.
താലൂക്ക് കച്ചേരി ജംക്ഷനിൽ ഇറങ്ങിയ രാധയുടെ പഴ്സ് തമിഴ്നാട് ധർമപുരി വേളൂർ നീക്കപാളയം ഹൗസ് നമ്പർ–13ൽ അനുശ്രീ (50), സഹോദരി നിഹാരിക (39) എന്നിവർ ചേർന്നു മോഷ്ടിച്ചത്. രാധയുടെ മാല മോഷ്ടിക്കാനും ഇവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്നു, സ്ഥലത്തു നിന്ന് ഓടി ഇരുവരും മറ്റൊരു സ്വകാര്യ ബസിൽ കയറി അഞ്ചാലുംമൂട് ഭാഗത്തേക്കു പോയി.
പഴ്സ് നഷ്ടപ്പെട്ട വിവരം മനസ്സിലായതോടെ രാധ ഉടനെ സമീപത്തു നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഇവർ കയറിയ സ്വകാര്യ ബസിനെ പിന്തുടർന്നു. ഹൈസ്കൂൾ ജംക്ഷനിൽ എത്തിയപ്പോൾ ബസ് കൈ കാട്ടി നിർത്തിയ ശേഷം ജീവനക്കാരോടു വിവരം പറഞ്ഞു.
ഇവരുടെ കൂടി സഹായത്തോടെ മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. തുടർന്നു വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐ അൻസർ ഖാൻ, സിപിഒ ബൈജു എന്നിവരെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യാത്രയിൽ കൂടുതൽ ജാഗ്രത പുലർത്തണം: പൊലീസ്
തിരക്ക് ഏറിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പൊലീസ്’. ഇന്നലെ ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പഴ്സ് തമിഴ്നാട് സ്വദേശികൾ തിരക്ക് മുതലെടുത്താണു വിദഗ്ധമായി മോഷ്ടിച്ചത്.
ഈ വീട്ടമ്മയുടെ മാല മോഷ്ടിക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് പറയുന്നു. ഓണക്കാലം ആയതിനാൽ പൊതുനിരത്തുകൾ, ബസുകൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ, ചന്തകൾ അടക്കമുള്ള എല്ലാ സ്ഥലങ്ങളിലും ആളുകളുടെ തിരക്ക് കൂടുതലാണ്.
ഇതാണ് ഇതരസംസ്ഥാന മോഷ്ടാക്കൾ തിരക്ക് ഉള്ള സ്ഥലങ്ങൾ മോഷണത്തിനായി തിരഞ്ഞെടുക്കാൻ കാരണം.
തിരക്കിനിടെ മോഷണം നടത്തിയാൽ ആളുകൾ അറിയാൻ സാധ്യത തീരെ കുറവാണ്. കൂടാതെ, പൊതുസ്ഥലങ്ങളിലും മറ്റും സിസിടിവി ക്യാമറകളും കുറവ് ആണെന്നും ഇവർക്ക് സഹായകമാണ്.മാല മോഷണം അടക്കമുള്ള കേസുകളിൽ പിടിക്കപ്പെടുന്ന സ്ത്രീകളിൽ ഭൂരിഭാഗവും സമാന കേസുകളിൽ ഒട്ടേറെ തവണ പിടിയിലായവർ ആണ്.
ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ടു ജയിലിൽ പോയാലും ദിവസങ്ങൾക്കകം ഇവരെ ജാമ്യത്തിൽ പുറത്തിറക്കാനുള്ള സംഘങ്ങളും സജീവമാണെന്നു പൊലീസ് പറയുന്നു. വരും ദിവസങ്ങളിൽ ഓണത്തോട് അനുബന്ധിച്ചു തിരക്ക് കൂടുമെന്നതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കൃത്യമായ ജാഗ്രത പുലർത്തണമെന്നും അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സഹായം തേടണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]