
കൊല്ലം ∙ പൂവും പൂക്കളവുമില്ലാതെ എന്ത് ഓണം. മഞ്ഞയും ഓറഞ്ചും റോസും ചുവപ്പും നിറങ്ങളിൽ പൂക്കടകൾ എങ്ങും പൂത്തു നിറഞ്ഞു നിൽക്കുകയാണ്.
ഓണാഘോഷത്തിന്റെ പകിട്ടറിയിച്ചു അത്തം പിറന്നതോടെ പൂക്കടകളിൽ തിരക്കേറിയിട്ടുണ്ട്. വില കുത്തനെ ഉയർന്നെങ്കിലും ആവശ്യക്കാർക്ക് കുറവൊന്നുമില്ല.
ഓണക്കാലവും വിനായക ചതുർഥിയും ആയതിനാൽ തന്നെ പൂക്കളുടെ വിലയിലും വലിയ വർധനയുണ്ട്. ഇന്നു മുതൽ സ്കൂളുകളിലും ക്യാംപസുകളിലും ഓണാഘോഷം ആരംഭിക്കുകയും പൂക്കള മത്സരങ്ങൾക്കു തുടക്കമാവുകയും ചെയ്യുന്നതോടെ ഇനിയും പൂക്കളുടെ കച്ചവടം പൊടിപൊടിക്കും.
വില കൂടിക്കൂടി മുല്ല
മുല്ലപ്പൂവിന് ഇപ്പോൾ സ്വർണത്തിന്റെ മാറ്റാണ്.
കാണെക്കാണെ വില കൂടുമെങ്കിലും നഗരത്തിൽ ഇന്നലെ പലയിടത്തും മുല്ലപ്പൂവിനു പല വിലയായിരുന്നു. ഒരിടത്ത് 1200 രൂപയായപ്പോൾ മറ്റൊരിടത്ത് 2000 രൂപ വരെയായി.
നിലവാരത്തിനും തരത്തിനും അനുസരിച്ചു വില മാറുമെന്നാണു കച്ചവടക്കാരുടെ നിലപാട്. കഴിഞ്ഞ ദിവസം 1200 ൽ നിന്ന വിലയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്.
ഒരു മുഴം മുല്ലപ്പൂവിന് മാത്രം 100 രൂപയോളം വരും. പിച്ചിപ്പൂവിനാണ് രണ്ടാമത് കൂടുതൽ വില വരുന്നത്: 900 മുതൽ ആയിരം വരെ.
പിച്ചി, റോസ് ട്യൂബ്, റോസ്, അരളി, നന്ത്യാർവട്ടം, വാടാമുല്ല, ജമന്തി, ചെണ്ടുമല്ലി തുടങ്ങിയവയും വിപണിയിലുണ്ട്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിക്കു തന്നെയാണ് കൂടുതൽ ഡിമാൻഡ്.
നമ്മുടെ നാട്ടിലെ പൂക്കളില്ല
കഴിഞ്ഞ വർഷം പൂ വിപണിയിലെ താരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ പൂക്കളായിരുന്നെങ്കിൽ ഇത്തവണ തദ്ദേശ പൂക്കളുടെ എണ്ണം വളരെ കുറവാണ്.
ഹുസൂർ, ശങ്കരൻകോവിൽ, തോവാള, കോയമ്പത്തൂർ, ബെംഗളൂരു, ദിണ്ഡിഗൽ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇത്തവണ ജില്ലയിലേക്കു പൂക്കളെത്തുന്നത്. നേരിട്ട് കൊണ്ടുവരുന്നവരും ഏജൻസി വഴി എത്തിക്കുന്നവരുമുണ്ട്.
ദിവസവും രാവിലെയും ഉച്ചയ്ക്കും പൂക്കളെത്തും. കൊല്ലം നഗരവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു തന്നെ നൂറോളം പൂക്കടകളാണ് സജീവമായിട്ടുള്ളത്.
വില കുറഞ്ഞേക്കും
ഓണാഘോഷവും വിനായക ചതുർഥിയും ഒന്നിച്ചെത്തിയതാണ് ഇത്തവണ പൂക്കളുടെ വില കുതിച്ചുയരാൻ കാരണം.
തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ വിനായക ചതുർഥി സമയത്തു പൂക്കൾക്ക് ആവശ്യക്കാരേറും. ഇതാണ് പൂക്കളുടെ വില ഇത്ര ഉയരാൻ കാരണം. വിനായക ചതുർഥി അവസാനിക്കുന്നതോടെ 28 മുതൽ പൂക്കളുടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും തിരുവോണമാകുമ്പോൾ വീണ്ടും കൂടാനും സാധ്യതയുണ്ടെന്നും വില സ്ഥിരത ഇല്ലാത്ത സമയമായിരിക്കുമെന്നും വ്യാപാരികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]