കൊല്ലം ∙ റോഡിലെ കുഴികളിൽ വീണ് ആരുടെയെങ്കിലും ജീവൻ പോകുന്നതു വരെ കാത്തിരിക്കുകയാണോ അധികൃതർ. മലപ്പുറം തിരൂരിൽ കഴിഞ്ഞ ദിവസമാണ് റോഡിലെ കുഴിയിൽ വീണ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് 6 വയസ്സുകാരി മരിച്ചത്.
ജില്ലയിലെ റോഡുകളിലെയും സാഹചര്യങ്ങൾ സമാനമാണ്. ചെറുകുഴികളും വലിയ ചെളിക്കുഴികളും എങ്ങും കാണാം.
തൊട്ടടുത്തെത്തിയാൽ മാത്രം കാണാവുന്ന തരത്തിലാണ് മിക്ക കുഴികളും. വാഹനങ്ങൾ പെട്ടെന്നു കണ്ടു ബ്രേക്കിടുന്നതും കാണാതെ കുഴിയിൽ ചാടി അപകടത്തിൽ പെടുന്നതും സ്ഥിരം കാഴ്ചയായി മാറുകയാണ്.
ഇരുചക്ര വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽപെടുന്നത്. റോഡ് അറിയാത്ത വ്യക്തികളോ രാത്രിയിലോ ആണ് സഞ്ചാരമെങ്കിൽ അപകടത്തിനുള്ള സാധ്യത ഇരട്ടിയാകും.
കണ്ണിൽ പൊടിയിടുന്ന നടപടികൾ
റോഡിലെ കുഴികൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ പൊതുമരാമത്ത് വകുപ്പ് ഉടൻ ‘നടപടിയെടുക്കും’.
മണ്ണോ പൊടിയോ കോൺക്രീറ്റ് മിശ്രിതമോ കുഴിയിൽ ഇട്ട് ഒരാഴ്ചത്തേക്കുള്ള നടപടി. ഒരു മഴയിൽ അതെല്ലാം പോയി വീണ്ടും പഴയപടിയാകും.
അടുത്ത വാർത്തയും പ്രതിഷേധവും വരുമ്പോൾ നടപടി ആവർത്തിക്കും. ഭരണസിരാകേന്ദ്രമായ കലക്ടറേറ്റിന് മുൻപിലുള്ള കുഴിയിലടക്കം ഈ പരിഹാരനടപടി ആവർത്തിച്ചു കഴിഞ്ഞു.
ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞു കുഴികളായി കിടക്കുന്ന റോഡുകളുടെയെല്ലാം സ്ഥിതി സമാനമാണ്. നഗരത്തിൽ പല ഇടങ്ങളിലും ഇത്തരത്തിലുള്ള കുഴികൾ കാണാം.
എസ്എൻ കോളജിനും വി പാർക്കിനുമിടയിലെ കുഴിയിൽ വീഴാതിരിക്കാനായി ട്രാഫിക് കോണുകൾ വച്ചിരിക്കുകയാണ്. തോപ്പിൽമുക്കിൽ കുഴിയിൽ കട്ടകൾ വച്ചാണ് പരിഹാരം കണ്ടിരിക്കുന്നത്.
ഭരണാനുമതിയുണ്ട്, കുഴിയും
പൊതുമരാമത്ത് വകുപ്പിന്റെ പരവൂർ-തെക്കുംഭാഗം റോഡ് നവീകരണത്തിനുൾപ്പടെ 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്.
എന്നാൽ വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം മാത്രം ഈ റോഡിൽ ഒരു യുവാവ് മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കുഴിയിൽ വീണ് നിയന്ത്രണം വിടുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. 4 ദിവസം മുൻപും വകുപ്പ് മെറ്റലും സിമന്റ് കലർന്ന് മിശ്രിതവും ഉപയോഗിച്ചു താൽക്കാലിക കുഴിയടയ്ക്കൽ നടത്തിയിരുന്നു. മഴ സമയത്ത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഈ തട്ടിക്കൂട്ട് കുഴിയടയ്ക്കൽ.
കുഴികളിൽ കുടുങ്ങി കൊട്ടാരക്കര
കൊട്ടാരക്കരയിലെ പ്രധാന നിരത്തുകളായ കൊട്ടാരക്കര- ശാസ്താംകോട്ട
റോഡ്, കരിക്കം- ഐപ്പള്ളൂർ-കിഴക്കേത്തെരുവ് റോഡ് എന്നിവയടക്കം ഒട്ടേറെ റോഡുകളിൽ കുഴികളുണ്ട്. 6 വർഷം മുൻപ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച കൊട്ടാരക്കര- ശാസ്താംകോട്ട- സിനിമാപറമ്പ് റോഡിലെ മിക്ക കുഴികൾക്കും വലിയ ആഴമാണുള്ളത്.
മുസ്ലിം സ്ട്രീറ്റ് റെയിൽവേ മേൽപാലത്തിലും വലിയൊരു കുഴിയുണ്ട്. 3 കിലോമീറ്റർ നീളമുള്ള കരിക്കം-കിഴക്കേത്തെരുവ് റോഡിൽ കുഴികളില്ലാത്ത ഭാഗങ്ങളില്ല.
കുഴികൾ നിറയുന്ന റോഡ്
ഒന്നേകാൽ നൂറ്റാണ്ട് മുൻപ് ബ്രിട്ടിഷുകാർ നിർമിച്ച പുനലൂർ വാളക്കോട് റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട വലിയ കുഴികൾ മാസങ്ങൾ പിന്നിട്ടിട്ടും നികത്തുന്നതിന് നടപടിയായിട്ടില്ല.
കുളത്തൂപ്പുഴ ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള കവാടമായ അമ്പലക്കടവിലെ പാലം നിറയെ കുഴികളാണ്. കൊല്ലം–തേനി ദേശീയപാതയിലേക്കു പുത്തൂർ റോഡ് സംഗമിക്കുന്ന ചീരങ്കാവ് ജംക്ഷനിലെ വലിയ കുഴി അപകടഭീഷണി ഉയർത്തുന്നുണ്ട്.
തെന്മല കഴുതരുട്ടി പാലം, ലക്ഷം വീട് കവല, 13 കണ്ണറ ഭാഗം എന്നിവിടങ്ങളിലും ദേശീയപാത തകർന്ന നിലയിലാണ്. പൂയപ്പള്ളി കുളത്തൂപ്പുഴ സംസ്ഥാനപാതയിൽ മീയ്യണ്ണൂർ പാലമുക്കിന് സമീപം റോഡിന്റെ മധ്യഭാഗത്തായി വലിയ കുഴികളും വെള്ളക്കെട്ടുമുണ്ട്.
കരുനാഗപ്പള്ളി കുറ്റിക്കാട്ടു മുക്ക് –അയണിവേലിക്കുളങ്ങര ദേവി ക്ഷേത്രം റോഡ്, കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ കുഴിവേലിമുക്ക് മുതൽ വടക്കോട്ട് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഓഫിസിന്റെ മുൻ വശത്തു കൂടിയുള്ള റോഡ് എന്നിവയുടെയെല്ലാം സാഹചര്യം സമാനമാണ്.കൊല്ലം നഗരത്തിൽ കലക്ടറേറ്റിന് മുൻവശം, കപ്പലണ്ടി മുക്ക്, തോപ്പിൽകടവ്, മാടൻനട തുടങ്ങി പല ഇടങ്ങളിലും ഇത്തരം അപകടക്കുഴികൾ കാണാം.
പത്തനംതിട്ട – ചവറ സംസ്ഥാന പാതയിൽ ടൈറ്റാനിയം, തോപ്പിൽമുക്ക്, കാരാളിമുക്ക്, ചേനങ്കര ജംക്ഷൻ, കടപ്പായിൽ ജംക്ഷൻ, പടപ്പനാൽ തുടങ്ങിയ ഭാഗങ്ങളിലും അപകടകരമായ കുഴികളുണ്ട്
മന്ത്രിക്കും രക്ഷയില്ല
പത്തനാപുരം–കൊല്ലം പാതയുടെ ഭാഗമായ കുന്നിക്കോട് റോഡിൽ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീടിനു മുന്നിൽ 2 ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്.
റോഡിൽ ഇതിന് പുറമേ, മഞ്ചള്ളൂർ, സത്യൻമുക്ക്, ആവണീശ്വരം,കുന്നിക്കോട് എന്നിവിടങ്ങളിലെല്ലാം വലിയ കുഴികളുണ്ട്. മണ്ഡലത്തിലെ പത്തനാപുരം–പുന്നല, പത്തനാപുരം–ഏനാത്ത്, കമുകുംചേരി–പുനലൂർ, മാങ്കോട്–പാടം റോഡുകളും തകർന്നു തരിപ്പണമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]