
കൊട്ടാരക്കര∙ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഉടൻ പണം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ കരിക്കം ഉളിയനാട് പാലവിള വീട്ടിൽ ജോയിയും കുടുംബവും പുതിയ വീട് നിർമാണത്തിനായി പഴയ കൂര പൊളിച്ച് നീക്കി. ഉറപ്പ് വെറും വാക്കായി.
ആറു മാസമായിട്ടും ഫണ്ട് എത്തിയില്ല. വസ്തുവിന്റെ കോണിൽ വലിച്ച് നീട്ടിയ ടാർപ്പോളിനടിയിലാണ് കൂലിപ്പണിക്കാരനായ ജോയിയും ഭാര്യയും ഭാര്യാമാതാവും രണ്ട് മക്കളും അടങ്ങുന്ന നിർധന കുടുംബം.
മഴയോടും വെള്ളക്കെട്ടിനോടും പോരടിച്ചാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. ഗുണഭോക്തൃ ലിസ്റ്റിൽ പേര് പ്രസിദ്ധപ്പെടുത്തി കരാറും ഒപ്പിട്ട
ശേഷമാണ് ഈ കൊടും ചതി. എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് കുടുംബം.
ഇത് ജോയിയുടെയും മിനിയുടെയും മാത്രം അവസ്ഥയല്ല. പഴയ വീട് പൊളിച്ച് ഫണ്ടിനായി കാത്തിരുന്ന നൂറുകണക്കിന് പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾ ദുരിതക്കൂടാരങ്ങളിലാണ്.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ 379 പേർക്ക് വീടിനുള്ള ഫണ്ട് ലഭിക്കാനുണ്ട്.
450 അപേക്ഷകരിൽ 71 പേർക്ക് മാത്രമാണ് ഈ വർഷം ഫണ്ട് ലഭിച്ചത്. ഫണ്ടിനുള്ള അപേക്ഷകൾക്ക് പോർട്ടലിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് ഫണ്ട് കൈമാറ്റം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
കേന്ദ്ര സർക്കാർ പോർട്ടലിൽ നിന്നു വ്യക്തമായ മറുപടിയും ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്വന്തം ഭൂമിയുള്ള ജനറൽ കാറ്റഗറിയിലുള്ള ഭവന രഹിതർക്കു 4 ലക്ഷം രൂപയാണ് വീട് നിർമാണത്തിന് നൽകുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതി ആണെങ്കിലും സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്താണ് ഫണ്ട് നൽകുന്നത്. 1.20ലക്ഷം രൂപ മാത്രമാണ് കേന്ദ്ര വിഹിതം.
ഉള്ള കിടപ്പാടം പൊളിച്ച് മാറ്റിയ നിർധനരിൽ പലർക്കും കടത്തിണ്ണകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]