
‘രാത്രി ഇടിവെട്ടുന്നതു പോലെ ശബ്ദം കേട്ടു; നോക്കിയപ്പോൾ…’: ആശങ്ക നിറച്ച് തീരത്ത് കണ്ടെയ്നറുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കൂട്ടമായി കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) കസ്റ്റംസ് ഉൾപ്പെടെയുള്ളവരുടെയും സംഘം സ്ഥലത്തെത്തി. ഡപ്യൂട്ടി കമൻഡാന്റ് ഡി.സി. വൈദ്യലിംഗത്തിന്റെ നേതൃത്വത്തിലാണ് ചെന്നൈ എൻഡിആർഎഫ് യൂണിറ്റ് എത്തിയത്. ഏറ്റവും കൂടുതൽ കണ്ടെയ്നർ കണ്ടെത്തിയ ശക്തികുളങ്ങരയിൽ ഉൾപ്പെടെ സംഘം സുരക്ഷാ പരിശോധനകൾ നടത്തി. വിവിധ മേഖലകളിൽ കണ്ടെത്തിയ കണ്ടെയ്നറുകൾ റോഡ് മാർഗം തുറമുഖത്ത് എത്തിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ബോട്ടുകളിൽ കെട്ടിവലിച്ച് കൊല്ലം പോർട്ടിൽ എത്തിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്. എൻഡിആർഎഫിന്റെ രാസപരിശോധന നടത്താൻ സൗകര്യമുള്ള ‘ഹജ്മത്’ എന്ന വാഹനവും ഇന്നു രാവിലെയോടെ കൊല്ലം പോർട്ടിൽ എത്തും. ഒട്ടേറെ അത്യാധുനിക സൗകര്യങ്ങളോടെ കണ്ടെയ്നർ വാഹനമാണ് എൻഡിആർഎഫിന്റെ ഹജ്മത്.
തീരത്തടിഞ്ഞപ്പോൾ കാണാൻ തടിച്ചു കൂടിയ ജനങ്ങൾ.
ആദ്യ കണ്ടെയ്നർ ആലപ്പാട് ചെറിയഴീക്കൽ തീരത്ത് എത്തിയത് ഞായറാഴ്ച രാത്രി 10.30ന്. തിരകളെ പ്രതിരോധിക്കുന്ന സംരക്ഷണ ഭിത്തിയിൽ കണ്ടെയ്നർ ഇടിച്ചപ്പോൾ നാട്ടുകാർ കരുതി ഇടിവെട്ടിയതാണെന്നാണ്. വീടിനു പുറത്തിറങ്ങി നോക്കിയ ശേഷം മുങ്ങിയ കപ്പലിലെ കണ്ടെയ്നറാണെന്നു സംശയിച്ചാണ് അധികൃതരെ വിവരം അറിയിച്ചത്. ആദ്യ കണ്ടെയ്നർ കാലിയായിരുന്നെങ്കിൽ ഇന്നലെ രാവിലെ 9.30ന് അവിടെ അടിഞ്ഞ മറ്റൊരു കണ്ടെയ്നറിൽ വെളുത്ത നിറമുള്ള കെട്ടുകളായിരുന്നു.
ലൈബീരിയൻ ചരക്കു കപ്പലായ എംഎസ്സി എൽസ 3 തോട്ടപ്പള്ളി തീരത്തിന് അടുത്ത് മുങ്ങിയെന്ന് അറിഞ്ഞപ്പോൾ തന്നെ അതിലെ കണ്ടെയ്നറുകൾ കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ തീരങ്ങളിലേക്ക് ഒഴുകിയെത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തീരത്തെ ജനങ്ങൾക്ക് അൽപം പരിഭ്രാന്തരായിരുന്നു. ജില്ലയിലെ തീരങ്ങളിലെല്ലാം കണ്ടെയ്നറുകൾ ഒഴുകിയെത്തി. പുലർച്ചയോടെ തീരത്ത് അടഞ്ഞത് 10ൽ അധികം കണ്ടെയ്നറുകൾ. ഉച്ചയോടെ തീരത്തടിഞ്ഞ കണ്ടെയ്നറുകളുടെ എണ്ണം 23 ആയി. വൈകുന്നേരം നാലോടെ കണ്ടെയ്നറുകളുടെ എണ്ണം 34 ആയി.
വൈകിട്ട് ആറ് വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയിലെ തീരങ്ങളിൽ 34 കണ്ടെയ്നറുകൾ കണ്ടെത്തിയെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ 32 എണ്ണം തീരത്ത് അടിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടെണ്ണം തിരുമുല്ലവാരത്തു അമ്പലത്തിനു തെക്കു പടിഞ്ഞാറ് പാരിൽ തട്ടി താഴ്ന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലയുടെ തീരത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ പറയുന്നു.തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിൽ 6 എണ്ണത്തിൽ മാത്രമാണ് സാധനങ്ങൾ കണ്ടെത്തിയത്. ന്യൂസ്പ്രിന്റ്, തേയില, തുണിത്തരങ്ങൾ, മുറിവു കെട്ടാൻ ഉപയോഗിക്കുന്ന തുണി വരെയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴിത്തുറയിൽ കണ്ടെത്തിയ കണ്ടെയ്നറിന്റെ വാതിലിൽ സ്പർശിച്ച ചില നാട്ടുകാർക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതായും പറയുന്നുണ്ട്.
കണ്ടെയ്നറുകൾ ഇനിയും തീരത്തടിയും: കലക്ടർ
കണ്ടെയ്നർ ഒഴുകി വരുന്ന സംഭവങ്ങൾ തുടരുകയാണ്. ഇനിയും കണ്ടെയ്നറുകൾ തീരത്ത് അടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അത് ഇതുവരെ കണ്ടെയ്നറുകൾ വന്നടിഞ്ഞ ഇടങ്ങളിലാവാൻ സാധ്യത കുറവാണ്. കൂടുതൽ തെക്കോട്ടാണ് ഇപ്പോൾ കണ്ടെയ്നറുകൾ കാണപ്പെടുന്നത്. അതേ സമയം ജില്ലയിൽ വന്നടിഞ്ഞ മിക്ക കണ്ടെയ്നറുകളിലും സാധനങ്ങളില്ലായിരുന്നു. എല്ലാ കണ്ടെയ്നറുകളും എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആശങ്ക ഉയർത്തുന്നതൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ 27 അംഗ സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ഇവരെ കണ്ടെയ്നറുകൾ വന്ന ഇടങ്ങളിൽ വിന്യസിക്കും. എല്ലാ ഇടങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഇടപെടണം: കെ.സി.വേണുഗോപാൽ
കപ്പൽ മുങ്ങിയതിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. തീരത്തു നിന്ന് ഏകദേശം 14.6 നോട്ടിക്കൽ മൈൽ അകലെ വച്ചാണു കപ്പൽ മുങ്ങിയതെന്നതു തീരവാസികളെ ഏറെ ആശങ്കയിലാക്കുന്നു. കപ്പലിൽ 623 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. അതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വെള്ളത്തിൽ മുങ്ങിയ ഈ കണ്ടെയ്നറുകളിൽ പലതും ഇപ്പോൾ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചെറിയഴീക്കൽ, നീണ്ടകര, തൃക്കുന്നപ്പുഴ എന്നിവയുൾപ്പെടെ നിരവധി തീരപ്രദേശങ്ങളിൽ കരയ്ക്കടിഞ്ഞിട്ടുണ്ട്. ഇതു ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. അപകടകരമായ രാസവസ്തുക്കളുടെയും എണ്ണയുടെയും ചോർച്ചയെക്കുറിച്ചും ആശങ്ക അറിയിച്ചിട്ടുണ്ട്.
തീരത്തടിഞ്ഞ് രക്ഷാബോട്ടും
തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾക്കൊപ്പം 28 പേർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള രക്ഷാബോട്ടുകളിലൊന്നും ശക്തികുളങ്ങര പള്ളിയുടെ സമീപത്താണ് അടിഞ്ഞത്. കപ്പൽ മുങ്ങുന്നത് ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന രക്ഷാബോട്ടുകളിൽ ഒന്നാണിത്. ഏകദേശം 10 മീറ്റർ നീളമുണ്ട്. നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടി (സോലസ്) അനുസരിച്ചുള്ള രക്ഷാബോട്ടുകളാണ് കപ്പലുകളിൽ സാധാരണ ഉപയോഗിക്കുന്നത്. മുകളിലും വശങ്ങളിലും മൂടിയുള്ള ബോട്ടാണ് ഇന്നലെ തീരത്ത് അടിഞ്ഞത്. ആളില്ലാത്തതു കൊണ്ട് ഏറെ നേരെ ഓളങ്ങൾക്കൊപ്പം ഒഴുകിയതിനു ശേഷമാണ് ശക്തികുളങ്ങര പള്ളിക്കു സമീപം തീരത്ത് അടിഞ്ഞത്. സുരക്ഷാ ഭിത്തിയിൽ തകർന്ന നിലയിലാണ് തീരത്ത് എത്തിയത്.
കണ്ടെയ്നർ നീക്കത്തിന്റെ ചുമതല വാട്ടർലൈൻ ഷിപ്പിങ് കമ്പനിക്ക്
മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നൊഴുകിയെത്തിയ കണ്ടെയ്നറുകൾ തുറമുഖത്ത് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് തിരുവനന്തപുരം ആസ്ഥാനമായുള്ള വാട്ടർലൈൻ ഷിപ്പിങ് കമ്പനിക്ക്. കോസ്റ്റ് ഗാർഡില് രണ്ടു പതിറ്റാണ്ടിൽ അധികം സേവനം ചെയ്ത കരുത്തോടെ. അതും സേനയുടെ മലിനീകരണ നിയന്ത്രണ വിഭാഗത്തിലായിരുന്നു ഏറെക്കാലവും. തിരുവനന്തപുരം ജഗതി സ്വദേശിയാണ്. ശ്രീലങ്കൻ തീരത്ത് മുങ്ങിയ രണ്ടു ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് വാട്ടർലൈൻ ഷിപ്പിങ്ങാണ്. ജില്ലയുടെ തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കൊല്ലം പോർട്ടിൽ എത്തിക്കുക എന്ന വലിയ ദൗത്യമാണ് കമ്പനിക്ക്. എംഎസ്സി എൽസ 3 കപ്പലിന്റെ വെണ്ടർ എന്ന നിലയിലാണ് ഈ ദൗത്യം. കൊല്ലം പോർട്ടിൽ എത്തിച്ചാണ് പരിശോധന നടത്തുന്നത്. തങ്കശേരിയിലെ മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഈ ദൗത്യം മനോജും സംഘവും നിറവേറ്റുന്നത്.
ആദ്യം കണ്ടത് ധനുജ
‘രാത്രി 10 മണിയോടെ ഇടിവെട്ടുന്നതു പോലെ ശബ്ദം കേട്ടു. രണ്ടാമതും കേട്ടപ്പോൾ മകനോടു പറഞ്ഞു എന്താണെന്നു നോക്കാൻ. തകരഷീറ്റ് വന്നു പാറകെട്ടിൽ ഇടിക്കുന്നതായിരിക്കും എന്നാണ് മകൻ പറഞ്ഞത്. മൂന്നാമതും ശബ്ദം കേട്ടപ്പോൾ മകനുമായി ഇറങ്ങിനോക്കി. കടൽഭിത്തിയിൽ ഇടിച്ചനിലയിൽ കിടക്കുന്ന കണ്ടെയ്നറാണ് കണ്ടത്’– ചെറിയഴീക്കൽ പടിഞ്ഞാറ്റെ വീട്ടിൽ എസ്.ധനുജ പറഞ്ഞു. ധനുജയുടെ വീടിനോടു ചേർന്നാണ് ആദ്യ കണ്ടെയ്നർ തീരത്ത് അടിഞ്ഞത്. പെട്ടെന്നു അയൽവാസികൾ കൂടി. അയൽവാസിയും ബന്ധുവുമായ അരയന്റയ്യത്ത് എസ്.ഓമനക്കുട്ടൻ 112 ൽ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് കലക്ടർ എൻ.ദേവിദാസ് ഉൾപ്പെടെ ഇവിടെ എത്തി. ബന്ധുവീടുകളിലേക്ക് മാറി താമസിക്കണമെന്നു നിർദേശിച്ചു. ‘കണ്ടെയ്നർ അടുത്തപ്പോൾ വലിയ പേടി തോന്നി. പിന്നീടാണ് അതു ശൂന്യമാണെന്നും പേടിക്കേണ്ട എന്നും അധികൃതർ പറഞ്ഞത്. ഇപ്പോൾ ഭയമില്ല. എങ്കിലും ആശങ്ക മാറുന്നില്ല’– ധനുജ പറഞ്ഞു.
‘തൽക്കാലം ആശങ്ക വേണ്ട’
തകർന്ന കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കരയ്ക്ക് അടിയുന്നുണ്ടെങ്കിലും തൽക്കാലം പേടിക്കേണ്ടതില്ലെന്ന് കേരള സർവകലാശാല സമുദ്ര പഠന വിഭാഗം മേധാവി എസ്. റാഫി. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾക്ക് സമീപത്തു നിന്നു ജലം ശേഖരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം മാത്രമെ പൂർണ പരിശോധനാഫലം ലഭിക്കുകയുള്ളൂ. കണ്ടെയ്റുകൾക്ക് സമീപം ജനത്തിനു നിറവ്യത്യാസം കാണപ്പെടുകയോ അസാധാരണമായ ഗന്ധം അനുഭവപ്പെടുകയോ ഉണ്ടായില്ല. ശേഖരിച്ച ജലം ഐസ് ബോക്സിൽ സൂക്ഷിച്ച ശേഷം കേരള സർവകലാശാല ലാബിൽ ആണ് പരിശോധന നടത്തുന്നത്. 24 മണിക്കൂർ ഇൻകുബേറ്ററിൽ സൂക്ഷിച്ച ശേഷമേ ചില സാംപിൾ പരിശോധന നടത്താനാകു. അതിനാൽ ആണ് പൂർണ പരിശോധാഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നത്. ശാസ്ത്രീയമായ പരിശോധന നടത്തിയ ശേഷമേ ഹാനികരമായ എന്തെങ്കിലും ഉണ്ടോ എന്ന അറിയാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്തേക്ക് എങ്ങനെ?
കൊച്ചിയിലെ പുറങ്കടലിൽ വീണ കപ്പലിലെ കണ്ടെയ്നറുകൾ ആദ്യം കൊല്ലത്തെ തീരപ്രദേശത്തേക്കാണ് എത്തിച്ചേർന്നത്. ആലപ്പുഴ, കൊച്ചി തീരങ്ങളിലേക്ക് എത്താനാണ് സാധ്യത കൂടുതലെന്നാണ് ആദ്യം ദുരന്ത നിവാരണ അതോറിറ്റി അധികൃതർ വ്യക്തമാക്കിയിരുന്നത്. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ആലപ്പുഴയിലെ ആലപ്പാട്, ചാപ്പക്കടവ് തീരത്തെത്താനുള്ള സാധ്യത 45 ശതമാനവും കൊല്ലത്തെ വെള്ളനാതുരുത്ത്, കോവിൽത്തോട്ടം, മരുത്തടി തീരങ്ങളിൽ എത്താനുള്ള സാധ്യത 25 ശതമാനവുമാണ് എന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. എങ്കിലും തെക്കൻ ജില്ലകളെല്ലാം അതീവ ജാഗ്രതയിലായിരുന്നു. കരുനാഗപ്പള്ളി അഴീക്കലിൽ കഴിഞ്ഞ ദിവസം രാത്രി കണ്ടെയ്നർ പ്രത്യക്ഷപ്പെട്ടതോടെയാണ് കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളിലേക്കാണ് മിക്ക കണ്ടെയ്നറുകളും ഒഴുകിയെത്തുന്നതെന്ന് വ്യക്തമായത്. കടലിന്റെ അടിയൊഴുക്കും കാറ്റുമാണ് കണ്ടെയ്നറിന്റെ സഞ്ചാരത്തെ നിയന്ത്രിക്കുന്നത്.
ജില്ലയിൽ കണ്ടെത്തിയത് 34 കണ്ടെയ്നറുകൾ
വൈകിട്ട് ആറ് വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയിലെ തീരങ്ങളിൽ 34 കണ്ടെയ്നറുകൾ കണ്ടെത്തിയെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ 32 എണ്ണം തീരത്ത് അടിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടെണ്ണം തിരുമുല്ലവാരത്തു അമ്പലത്തിനു തെക്കു പടിഞ്ഞാറ് പാരിൽ തട്ടി താഴ്ന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.