
കോഴി ഫാമിനെതിരെ നടപടി സ്വീകരിച്ചില്ല: നാട്ടുകാർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിതറ∙ ഈച്ച ശല്യത്തിനു കാരണമായ കോഴി ഫാം അടച്ചു പൂട്ടാൻ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചു നാട്ടുകാർ ചിതറ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് ജീവനക്കാരെ പുറത്ത് നിർത്തി. ഇന്നലെ രാവിലെ ആണ് സംഭവം. രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നു ചിതറ എസ്ഐയും പഞ്ചായത്ത് സെക്രട്ടറിയും ഉറപ്പ് നൽകിയതിന് ശേഷം പ്രതിഷേധക്കാർ പിൻമാറി. ഒന്നര മണിക്കൂർ ജീവനക്കാർക്ക് പുറത്ത് നിൽക്കേണ്ടി വന്നു. ചിതറ പഞ്ചായത്ത് ഓഫിസിനു 250 മീറ്റർ അകലെ കിഴക്കുംഭാഗം ജംക്ഷന് സമീപത്താണ് 4500 ലധികം കോഴികളുള്ള ഫാം പ്രവർത്തിക്കുന്നത്.
ഫാമിൽ കോഴി വിസർജ്യം കെട്ടിക്കിടന്നു ദുർഗന്ധം വമിച്ചു ഈച്ച പെരുകുന്നതിന് ഇടയാക്കിയതായി നാട്ടുകാർ ആരോപിച്ചു. സമീപത്തുള്ള വീടുകളിൽ ഈച്ചകൾ കൂടിയതോടെ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയായി. നാട്ടുകാർ രണ്ടു തവണ പഞ്ചായത്ത് ഓഫിസിൽ എത്തി പ്രതിഷേധിച്ചപ്പോൾ സെക്രട്ടറി കോഴിഫാം ഉടമയ്ക്ക് സ്റ്റോപ് മെമ്മോ നൽകി. മടത്തറ ആരോഗ്യ സംഘം പരിശോധിച്ചു മഞ്ഞപ്പിത്തം ഉൾപ്പെടെ പടരാൻ സാധ്യതയുണ്ടെന്നു കാണിച്ചു റിപ്പോർട്ടും നൽകിയിരുന്നു.
24 മണിക്കൂറിനകം ഫാം അടച്ചു പൂട്ടാൻ നിർദേശം നൽകിയെങ്കിലും സ്റ്റോപ് മെമ്മോ നൽകി 27 ദിവസം ആയിട്ടും ഫാം നിർത്തിയില്ല. രാവിലെ ഫാമിന് സമീപത്തുള്ള വീട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എത്തി പഞ്ചായത്ത് ഓഫിസിന്റെ വാതിലിനു മുന്നിൽ നിലയുറപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രതിഷേധക്കാരെ തള്ളിമാറ്റി കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐക്ക് ആണ് പ്രസിഡന്റ് സ്ഥാനം. സിപിഐ പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ പ്രതിഷേധിച്ചവർക്ക് പിൻ തുണ പ്രഖ്യാപിച്ച് പ്രതിപക്ഷമായ കോൺഗ്രസിന് പുറമേ സിപിഐ ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നു. ചിതറ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മാറ്റാൻ അവർക്കും കഴിഞ്ഞില്ല.
മൂന്ന് ദിവസത്തിനകം ഫാം മാറ്റുമെന്നു സെക്രട്ടറി പറഞ്ഞെങ്കിലും എഴുതി നൽകണം എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിനു സെക്രട്ടറി തയാറായില്ല. പ്രസിഡന്റ്, സെക്രട്ടറി, പ്രതിഷേധക്കാരുമായി എസ്ഐ ചർച്ച നടത്തി. ഫാം മാറ്റുന്നത് ഉൾപ്പെടെ നടപടി ആർഡിഒ ആണ് നടത്തേണ്ടതെന്നും പൊലീസിന് ഇടപെടാൻ കഴിയില്ലെന്നു എസ്ഐ രശ്മി പറഞ്ഞതും വാക്കേറ്റത്തിന് ഇടയാക്കി.പിന്നീട് രണ്ടു ദിവസത്തിനകം ഫാം മാറ്റാൻ നടപടി സ്വീകരിക്കുമെന്നു ഉറപ്പ് പറഞ്ഞതോടെ പ്രതിഷേധക്കാർ പിൻമാറി.
പ്രതിപക്ഷാംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ചിതറ എസ്.മുരളീധരൻ നായർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കണ്ണൻകോട് സുധാകരൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ജെ.കെ കുറുപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ, പഞ്ചായത്ത് അംഗങ്ങളായ തലവരമ്പ് അൻസർ, പേഴുംമൂട് സണ്ണി ഉൾപ്പെടെ ഉള്ളവർ നാട്ടുകാർക്ക് പിൻതുണയുമായി എത്തിയിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി എസ്.ബുഹാരിയും, സെക്രട്ടറിയേറ്റ് അംഗം സബരീനാഥും സ്ഥലത്ത് എത്തി.
‘ലൈസൻസ് നൽകിയതിൽ ക്രമക്കേട്’
ചിതറ∙ ഒന്നര വർഷം മുൻപാണ് അനധികൃതമായി ഫാം പ്രവർത്തിക്കുന്നതിന് ലൈസൻസ് പഞ്ചായത്ത് നൽകിയതെന്നു പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിതറ എസ്.മുരളീധരൻ നായർ ആരോപിച്ചു. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഫാം തുടങ്ങിയത്. ജനങ്ങൾ താമസിക്കുന്ന കിഴക്കുംഭാഗം ജംക്ഷന് സമീപത്തു ഫാമിന് ലൈസൻസ് നൽകിയതിൽ അഴിമതിയുണ്ട്. ഈച്ച ശല്യം രൂക്ഷമായി നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടും ഫാം അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കഴിയാത്തത് കടുത്ത വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിട്ടും സെക്രട്ടറിയുടെ ഭാഗത്ത് നിന്നു വേണ്ട നടപടി ഉണ്ടാകാത്തത് പ്രതിഷേധമാണ്. എസ്ഐയും സെക്രട്ടറിയും നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിലും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലും പൊലീസ് സ്റ്റേഷനിലും വീണ്ടും നാട്ടുകാർ എത്തുമെന്നു സിപിഐ മണ്ഡലം സെക്രട്ടറി കണ്ണങ്കോട് സുധാകരനും പറഞ്ഞു.