ചവറ∙ മൊസാംബിക്കിൽ ബെയ്റ തുറമുഖത്ത് ബോട്ട് മുങ്ങി മരിച്ച ശ്രീരാഗ് രാധാകൃഷ്ണനു (അപ്പു) നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ തേവലക്കര നടുവിലക്കര ഗംഗയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.
വെള്ളിയാഴ്ച രാവിലെ മുംബൈയിൽ എത്തിച്ച മൃതദേഹം വിമാനമാർഗം ഇന്നലെ പുലർച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും തുടർന്ന് രാവിലെ എട്ടിനു തേവലക്കരയിലെ വീട്ടിലും കൊണ്ടുവന്നു.
സുഹൃത്തുക്കളും ബന്ധുക്കളും ജനപ്രതിനിധികളും അടക്കം നൂറുകണക്കിനു പേർ അന്ത്യോപചാരം അർപ്പിച്ചു. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിൽ പുഷ്പങ്ങളർപ്പിച്ചു നെഞ്ചുപൊട്ടി കരയുന്ന ഭാര്യ ജിത്തുവിനെ അശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിതുമ്പി.
9 മാസം മാത്രം പ്രായമുള്ള മകൻ അനശ്വറും അഞ്ചുവയസ്സുകാരി മകൾ അതിഥിയും അന്ത്യോപചാരമർപ്പിച്ചത് നാടിനു കണ്ണീർക്കാഴ്ചയായി. പത്തരയോടെ സംസ്കാരം നടന്നു.
സഹോദരൻ ശ്രീകാന്ത് ചിതയ്ക്ക് തീകൊളുത്തി.
എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ സുജിത്ത് വിജയൻപിള്ള എംഎൽഎ, കോവൂർ കുഞ്ഞുമോൻ, മറ്റ് ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പി.പി.രാധാകൃഷ്ണൻ – ഷീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണൻ.
ഈമാസം 16ന് പുലർച്ചെയായിരുന്നു അപകടം. സ്കോർപിയോ മറൈൻ കമ്പനിയുടെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസിറാണ് ശ്രീരാഗ്.
എണ്ണ ടാങ്കറായ സീ ക്വസ്റ്റ് കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സഹപ്രവർത്തകർക്കൊപ്പം പോകുന്നതിനിടെ സ്വകാര്യ ഏജൻസിയുടെ ബോട്ട് മുങ്ങിയായിരുന്നു അപകടം.
കാണാതായ ശ്രീരാഗിനെ 19 നാണ് കണ്ടെത്തിയത്. ആറുമാസം മുൻപ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് മടങ്ങിയത്.
15ന് രാത്രി വീട്ടിലേക്ക് വിളിച്ചു എല്ലാവരുമായി സംസാരിക്കുകയും 16ന് പുലർച്ചെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാനായി പോകുമെന്നും അറിയിച്ചിരുന്നു.
തുടർന്ന് ദുരന്തവാർത്തയാണ് വീട്ടിലേക്ക് എത്തിയത്. തേവലക്കര ഗ്രാമദീപം സാംസ്കാരിക സമിതിയംഗമായ ശ്രീരാഗ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു.
അപകടത്തിൽ കാണാതായ എറണാകുളം വെളിയനാട് പോത്തം കുടിലിൽ ഇന്ദ്രജിത്തിനെ കണ്ടെത്താനായിട്ടില്ല. ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് 3 വർഷമായി സ്കോർപിയോ മറൈൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
∙ ശ്രീരാഗിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അയൽവാസിയായ വീട്ടമ്മ കുഴഞ്ഞുവീണു. അന്ത്യോപചാരം അർപ്പിക്കാനെത്തിയ ഡോക്ടർ കൂടിയായ സുജിത്ത് വിജയൻപിള്ള എംഎൽഎയും മറ്റൊരു ഡോക്ടറും ചേർന്ന് ഉടൻ പ്രാഥമിക ശുശ്രൂഷ നൽകുകയും പിന്നീട് എംഎൽഎയുടെ വാഹനത്തിൽ ചേനങ്കര ജംക്ഷനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകുകയും ചെയ്തു.
തിരച്ചിൽ തുടരുന്നു
പിറവം∙ മൊസാംബിക്കിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മലയാളി ഇന്ദ്രജിത്ത് സന്തോഷ് ഉൾപ്പെടെ ഉള്ളവരെ തേടി അന്വേഷണം തുടരുന്നു.
കൂടുതൽ സജ്ജീകരണങ്ങളുള്ള ബോട്ട് ഉപയോഗിച്ചാണ് ഇന്നലെ തിരച്ചിൽ നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

