
ആര്യങ്കാവ് ∙ തമിഴ്നാട്ടിലേക്കുള്ള കോട്ടവാസൽ അതിർത്തി കഴിഞ്ഞാൽ ചെങ്കോട്ട വരെ തിരുമംഗലം ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതം നിറഞ്ഞതെന്ന് ആക്ഷേപം.
തമിഴ്നാട്ടിലെ കോട്ടവാസൽ – ചെങ്കോട്ട പാത പുളിയറ വരെ തകർന്നു നീളത്തിലും വട്ടത്തിലും കുണ്ടും കുഴികളും നിറഞ്ഞുകിടക്കുകയാണ്.
കെഎസ്ആർടിസി ബസുകൾ അടക്കമുള്ള യാത്രാവാഹനങ്ങൾ ആടി ഉലഞ്ഞു പോകുമ്പോൾ കുഴിയിൽ അകപ്പെട്ടു കരകയറാൻ ഭാരം കയറ്റി വരുന്ന ലോറികൾ ചക്രശ്വാസം വലിക്കുകയാണ്. ഇതു മറികടന്നു പോകാനുള്ള മറ്റു വാഹനങ്ങളുടെ തത്രപ്പാടിൽ ഗതാഗതം മിക്കപ്പോഴും കുരുക്കിലുമാകുന്നു.
കേരളത്തിന്റെ ഭാഗമായ പുനലൂർ – കോട്ടവാസൽ പാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി വരികയാണ്.
തകർന്ന പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിമണ്ണ് ഉയരുന്നതും തമിഴ്നാട് അതിർത്തിയിൽ സഞ്ചാരദുരിതം കൂട്ടിയിട്ടുണ്ട്. കോട്ടവാസലിൽ നിന്നു ചെങ്കോട്ട
വരെയുള്ള 12 കിലോമീറ്റർ പാത ഭാഗത്തു നവീകരണം നടത്തിയെങ്കിലും അമിതഭാരം കയറ്റുന്ന ചരക്കുലോറികളുടെ വരവിൽ പുളിയറ വരെ ടാറിങ് പാളികളായി ഇളകി നശിച്ചു. അടിക്കടി തകരുന്ന ഭാഗങ്ങളിൽ പാതയുടെ ഉപരിതലം നീക്കി കൽപ്പാളികൾ നിരത്തി നവീകരിച്ചിരുന്നെങ്കിലും ഉറപ്പുള്ള ടാറിങ് നടത്താത്താണു തിരിച്ചടി എന്നാണു പരാതി.
തമിഴ്നാട് വനം ചെക്ക്പോസ്റ്റ് മുതൽ പുളിയറ എസ് വളവു വരെ പാത തകർന്നതിനാൽ വാഹനങ്ങൾ കുഴികളിൽ അകപ്പെടുന്നതോടെ ഗതാഗതക്കുരുക്ക് മാറാത്ത സ്ഥിതിയുണ്ട്.
കുഴികളിൽപ്പെട്ട് ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവായി. ഈ ഭാഗത്തുകൂടിയുള്ള രാത്രിയാത്ര ആണു വലിയ ഭീഷണി.
കോട്ടവാസലിനു സമീപം കൊടുംവളവിൽ സ്ഥാപിച്ച സുരക്ഷാ വേലി തകർന്നതു പുനഃസ്ഥാപിക്കാത്തതും അപകടസാധ്യത കൂട്ടി. കെണി അറിയാതെ എത്തുന്ന വാഹനങ്ങൾ പാതയോടു ചേർന്നു വളവു തിരിയുമ്പോൾ വശത്തെ താഴ്ചയിലേക്കു മറിയാനുള്ള സാധ്യതയുണ്ടിവിടെ.
മഴക്കാലത്തു വശം ഇടിഞ്ഞു തകർന്ന പാലരുവി കവലയ്ക്കു സമീപത്തെ പാതയോരം വശത്തു സംരക്ഷണഭിത്തി കെട്ടി സുരക്ഷ ഒരുക്കാൻ നടപടി കൈക്കൊണ്ടിട്ടുമില്ല. പാതയോരം ഇടിഞ്ഞപ്പോൾ മുന്നറിയിപ്പായി സ്ഥാപിച്ച വീപ്പകൾ മാത്രമാണ് ഇവിടെ സൂചനയായി ഉള്ളത്.
ഇവിടം കാടുകയറിയതോടെ വശത്തെ താഴ്ച കാണാനാകില്ല.
പുനലൂർ കോട്ടവാസൽ ദേശീയപാതയിലെ അപകട ഭീഷണിയായ കുഴികൾ നികത്തി ടാറിങ് നടത്തിയിരുന്നു.
കഴുരുരുട്ടി പാലത്തിൽ ടാറിങ് ഇളകി നശിച്ചു തകർന്ന ഒരു ഭാഗത്തു മാത്രം റീടാറിങ് നടത്തി കയ്യൊഴിഞ്ഞത് ആണു കല്ലുകടി. ഇടപ്പാളയത്തു കൽപ്പാളി നിരത്തിയ തകർച്ചയിലായ ഭാഗത്ത് ഇതു നീക്കം ചെയ്ത് അടിത്തറ ബലപ്പെടുത്തുന്ന പണികൾ തുടങ്ങി.
കഴുതുരുട്ടി 13 കണ്ണറ പാലത്തിനു സമീപത്തും തകർന്ന പാതഭാഗം നീക്കം ചെയ്ത് അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങി. ഇവിടെ കൽപ്പാളികൾ നിരത്തിയെങ്കിലും അടിത്തറയുടെ ബലക്ഷയം കാരണം പാതഭാഗം ഇടിഞ്ഞു താണതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു മറിയുക പതിവായിരുന്നു.
പണികൾ നടക്കുന്നതിനാൽ 13 കണ്ണറ ഭാഗത്ത് ഒരുവശത്തു കൂടിയാണു ഗതാഗതം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]