
കുണ്ടറ ∙ കുണ്ടറക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ പള്ളിമുക്ക് റെയിൽവേ മേൽപാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് അനുമതിയായി. കുണ്ടറ പള്ളിമുക്കിൽ 199.19 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുക.
ആർബിഡിസികെ, റവന്യു വകുപ്പ് സ്ഥലമേറ്റെടുക്കൽ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ചു കല്ലുകൾ സ്ഥാപിക്കും.മേൽപാലത്തിന്റെ അലൈൻമെന്റിൽ മുളവന വില്ലേജിൽ ഉൾപ്പെടുന്ന ഓരോ സർവേ നമ്പറിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശം അളവ് കണക്കാക്കിയാണു കല്ലുകൾ സ്ഥാപിക്കുക. രണ്ടു വശങ്ങളിലും സ്ഥലം ഏറ്റെടുക്കും.
പരിഷ്കരിച്ച ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് പ്രകാരം കൊല്ലം – തിരുമംഗലം പാതയിൽ പള്ളിമുക്ക് ലവൽക്രോസിനു 100 മീറ്റർ പടിഞ്ഞാറു മാറി സമീപന പാത ആരംഭിക്കും.
ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ എത്തുന്നതിനു മുൻപ് റെയിൽപാത മുറിച്ചു കടക്കുന്ന പാലം ചിറ്റുമല റോഡിൽ അവസാനിക്കും. 500 മീറ്ററോളം ആണു പാലത്തിന്റെ നീളം.സ്ഥലത്തിന്റെ വില ഉൾപ്പെടെ 43 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
നിലവിൽ പദ്ധതിക്ക് 43.32 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അധികം വരുന്ന ചെലവു റെയിൽവേ തന്നെ ഏറ്റെടുക്കുന്നതിനും ആലോചന നടക്കുന്നുണ്ട്.
സ്ഥലമേറ്റെടുക്കൽ പൂർത്തിയാകുന്നതോടെ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിക്കും. ഭൂമി ഏറ്റെടുപ്പു പൂർത്തിയായ ശേഷം റവന്യു വകുപ്പ് സാമൂഹിക ആഘാത പഠനത്തിന് ഏജൻസിയെ നിയോഗിക്കും.
തുടർന്നു ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില നിർണയിച്ചു നഷ്ടപരിഹാരം കൈമാറും.
ഒരു വർഷത്തിനകം നിർമാണം തുടങ്ങും; പി.സി.വിഷ്ണുനാഥ്
മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കിൽ സ്ഥലം ഏറ്റെടുപ്പു പൂർത്തിയാക്കി 1 വർഷത്തിനകം മേൽപാലം നിർമാണത്തിലേക്ക് കടക്കുമെന്ന് പി.സി.വിഷ്ണുനാഥ് എംഎൽഎ. ഭൂമി ഏറ്റെടുക്കുന്നതിനു ജൂണിൽ കൊല്ലം എൽഎ സ്പെഷൽ തഹസിൽദാരെ ലാൻഡ് അക്വിസിഷൻ ഓഫിസറായി ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് ജൂലൈ 1ന് 6 (1) വകുപ്പു പ്രകാരം അതിര് തിരിക്കുന്നതിന് ഉള്ള വിജ്ഞാപനവും ഇറക്കി. ഭൂമി ഏറ്റെടുക്കൽ ഭരണാനുമതി ഉത്തരവു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന്റെ ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്.
കൂടാതെ പദ്ധതിയുടെ എസ്റ്റിമേറ്റ് 2021ലെ റേറ്റ് റിവിഷൻ പ്രകാരം റിവൈസ് ചെയ്തു സാമ്പത്തിക അനുമതിക്കായി കിഫ്ബിക്കു സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]