കൊല്ലം ∙ ഇന്ത്യൻ തീരത്ത് അപൂർവമായി മാത്രം വിരുന്നെത്തുന്ന തവിടൻ കടൽവാത്ത(ബ്രൗൺ ബൂബി)യെ കൊല്ലം ജില്ലയിലാദ്യമായി കണ്ടെത്തി. പക്ഷികളെക്കുറിച്ച് ശാസ്ത്രീയമായി വിവരങ്ങൾ രേഖപ്പെടുത്തുന്ന ഇ – ബേഡ് പ്ലാറ്റ് ഫോമിലെ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് രണ്ടാമത്തെയും ഇന്ത്യയിലെ പതിമൂന്നാമത്തെയും മാത്രം റിപ്പോർട്ടാണിത്.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിലാണ് ഈ പക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റേറ്റ് തീരം തൊട്ട് അപൂർവ അതിഥികളായ ദേശാടകർ പലരും കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം തീരത്തെത്തി. തവിടൻ കടൽവാത്ത്, തവിടൻ നോഡി ആള, മലങ്കൂളൻ, പേർഷ്യൻ തിരവെട്ടി എന്നീ നാലിനം പക്ഷികളെയാണ് അഴീക്കൽ പുലിമുട്ടിൽ നിന്ന് 3 ദിവസത്തിനിടയിൽ കണ്ടെത്തിയത്.
ഇവയിൽ മലങ്കൂളൻ ഒഴികെ ബാക്കി മൂന്നും കടൽപക്ഷികളാണ്.
മൺസൂൺ സീ വാച്ച് എന്ന പ്രോഗ്രാമിനിടയിൽ ഫൈസൽ ഫസലുദ്ദീൻ, അമ്പാടി സുഗതൻ എന്നീ പക്ഷി നിരീക്ഷകരാണ് പേർഷ്യൻ തിരവെട്ടിയുടെ ചിത്രം പകർത്തിയത്. തവിടൻ കടൽവാത്തിനെയും മറ്റ് 2 ഇനം പക്ഷികളെയും ഫൈസലാണ് കണ്ടെത്തിയത്.
ഇരുവരും കൊല്ലം ബേർഡിങ് ബെറ്റാലിയനിലെ അംഗങ്ങളാണ്. ഇ–ബേർഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം കൊല്ലത്ത് ആദ്യമായാണ് നാല് പക്ഷികളെയും കണ്ടെത്തുന്നത്.
ഉൾക്കടലുകളാണ് സ്വഭാവിക ആവാസവ്യവസ്ഥയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയുമാകാം ഈ പക്ഷികളെ അഴീക്കൽ തീരത്തെത്തിച്ചതെന്നാണ് നിഗമനം.
തവിടൻ കടൽ വാത്ത
തവിടൻ കടൽവാത്തിനെ (ബ്രൗൺ ബൂബി) കാണാൻ ‘വിഡ്ഢി’ എന്നർഥം വരുന്ന ബോബോ എന്ന സ്പാനിഷ് പദത്തിൽ നിന്നാണ് ബൂബി എന്ന പേരുവന്നത്. ഏകദേശം 75 സെന്റിമീറ്റർ നീളവും 1.5 മീറ്റർ ചിറകുവിസ്താരവുമാണ് ഇവയ്ക്കുള്ളത്.
മുകൾ ഭാഗം തവിട്ടുനിറത്തിലും ചിറകുകളുടെ അടിഭാഗവും പള്ളയും വെളുത്തനിറത്തിലുമാണ്. ഹവായ്, ഫ്രഞ്ച് പോളിനേഷ്യ, ജപ്പാൻ, വടക്കൻ ഓസ്ട്രേലിയയോട് ചേർന്നുള്ള ദ്വീപുകൾ, ചെങ്കടൽ, ഏദൻ ഉൾക്കടൽ ഉൾപ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ എന്നിവിടങ്ങളാണ് പ്രധാന പ്രജനന കേന്ദ്രങ്ങൾ.
15 മീറ്റർ ഉയരത്തിൽ നിന്നു പോലും കണവകളെയും മീനുകളെയും പിടിക്കാൻ ഇവ വെള്ളത്തിലേക്ക് കുതിച്ചെത്തും.
പേർഷ്യൻ ഷിയർവാട്ടർ
ഏകദേശം 35 സെന്റിമീറ്റർ നീളവും 75–85 സെന്റിമീറ്റർ ചിറകുവിസ്താരവുമുള്ള പേർഷ്യൻ ഷിയർവാട്ടർ അപൂർവ ഇനമാണ്. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് തീരപ്രദേശങ്ങളിലും തെക്കൻ ആഫ്രിക്കയുടെ കിഴക്കു വശത്തും ഇവ കാണപ്പെടുന്നു.
ഇന്ത്യയിൽ 64 തവണയും , കേരളത്തിൽ 8 തവണയും മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.
ബ്രൗൺ നോഡി
ഇന്ത്യൻ, പസഫിക്, അറ്റ്ലാന്റിക് ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ശരീരമാകെ ചോക്ലേറ്റ് ബ്രൗൺ നിറമുള്ള നോഡികൾ ആകർഷകമായി പറക്കുന്നവയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

