
കുണ്ടറ∙ മ്യാൻമറിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുണ്ടറ സ്വദേശി വിഷ്ണു ബാങ്കോക്കിൽ എത്തിയതായി ബന്ധുക്കൾ.
ബാങ്കോക്ക് പൊലീസ് ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ എത്തിയ വിഷ്ണു ബന്ധുക്കളെ ഫോണിൽ വിളിച്ചു സംസാരിച്ചു. 22ന് ബാങ്കോക്കിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം വരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
എംബസി വഴി ഉടൻ നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഹോദരൻ ബാലു പറഞ്ഞു. ഇനി 3 ദിവസത്തേക്ക് തായ്ലൻഡിൽ അവധിയായതിനാൽ 28ന് മാത്രമേ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.
കഴിഞ്ഞ ഏപ്രിലിലാണ് കുണ്ടറ 10-ാം വാർഡ് കല്ലുവിള പുത്തൻ വീട്ടിൽ ശ്രീനാരായണന്റെയും പരേതയായ പ്രീതയുടെയും മകൻ പി.
എസ്. വിഷ്ണു മ്യാൻമറിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട കരുനാഗപ്പള്ളിയിലെ ഒരു ഏജന്റ് വഴിയാണ് വിദേശത്ത് ജോലിക്കായി പോയത്.
തായ്ലൻഡിൽ ഹോട്ടലിൽ റിസപ്ഷനിസ്റ്റായി 1000 ഡോളർ ശമ്പളത്തിലെ ജോലി എന്ന് വിശ്വസിച്ചാണ് പോയത്. ഏപ്രിൽ 27 ന് കൊച്ചിയിൽ നിന്ന് ചെന്നൈ വഴി തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെത്തി.
ഇവിടെ സ്വീകരിക്കാൻ എത്തിയവർ കാറിൽ മ്യാൻമർ – തായ്ലൻഡ് അതിർത്തിയിൽ എത്തിക്കുകയായിരുന്നു.
അവിടെയെത്തിയ ശേഷമാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞത്. ജോലി തുടങ്ങിയപ്പോഴാണ് ടെലികോളിങ് വഴി ആൾക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘമാണെന്നു മനസ്സിലായത്.
ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ഒരു വർഷത്തെ കോൺട്രാക്ട് ഒപ്പിട്ടിട്ടുണ്ടെന്നും പണം നൽകിയാൽ മാത്രമേ മോചിപ്പിക്കൂ എന്നും സംഘം അറിയിച്ചതായി വിഷ്ണു സഹോദരനെ ഫോണിൽ വിളിച്ച് അറിയിച്ചു.
വിഷ്ണുവിന്റെ മോചനത്തിനായി 5 ലക്ഷം രൂപ നൽകണമെന്നാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. ജൂൺ 30 ന് സംഘം ആവശ്യപ്പെട്ട
മോചനദ്രവ്യം അയച്ചു കൊടുത്തു. തുടർന്ന് കഴിഞ്ഞ 8ന് വിഷ്ണുവിനെ സംഘം മ്യാൻമർ അതിർത്തി കടത്തി ബസിൽ കയറ്റിവിടുകയായിരുന്നു.
ചെക്പോസ്റ്റിൽ എത്തിയപ്പോൾ തായ്ലൻഡ് പട്ടാളം ബസ് പരിശോധിക്കുകയും വീസയുടെ കാലാവധി കഴിഞ്ഞതിനാൽ വിഷ്ണുവിനെ പിടികൂടുകയും ചെയ്തു. തുടർന്ന് എമിഗ്രേഷൻ ഓഫിസിൽ ഉൾപ്പെടെ ഫൈൻ അടപ്പിച്ചു.
പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നലെ വൈകിട്ടോടെ ബാങ്കോക്ക് പൊലീസ് ഡിറ്റൻഷൻ സെന്ററിൽ എത്തിയ വിവരം വിഷ്ണു ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]