
വീട്ടമ്മയുടെ മാലയും ലോക്കറ്റും അടക്കം 5 പവൻ സ്വർണാഭരണം പൊട്ടിച്ച് കടന്ന സൈനികൻ അറസ്റ്റിൽ
കൊല്ലം ∙ സ്കൂട്ടറിൽ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന സൈനികൻ അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി പാണ്ഡയാല പറമ്പിൽ വീട്ടിൽ ഷഫീഖ് (33) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
22നു രാവിലെ 8നാണു സംഭവം. അഞ്ചാലുംമൂട് കുരീപ്പുഴ ഐക്കരമുക്കിൽ വച്ചു കടയിൽ നിന്നു സാധനങ്ങൾ വാങ്ങി മടങ്ങി വരുകയായിരുന്ന വീട്ടമ്മയുടെ മാലയും ലോക്കറ്റും അടക്കമുള്ള 5 പവൻ സ്വർണാഭരണമാണ് പൊട്ടിച്ചെടുക്കുകയായിരുന്നു.
വീട്ടമ്മയുടെ സമീപം സ്കൂട്ടർ നിർത്തിയ ഇയാൾ വഴി ചോദിക്കുന്നതിനിടെ ഇവരുടെ കഴുത്തിൽ അടിച്ച ശേഷം മാല പൊട്ടിച്ച് എടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മോഷണം തടയാൻ ശ്രമിച്ച വീട്ടമ്മയെ റോഡിലേക്കു തള്ളിയിട്ട
ശേഷം വാഹനം ഇയാൾ കൊച്ചാലുംമൂട് ഭാഗത്തേക്ക് ഓടിച്ചു പോയി.സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പറോ പ്രതിയെ തിരിച്ചറിയുന്ന അടയാളങ്ങളോ വീട്ടമ്മ മനസ്സിലാക്കിയിരുന്നില്ല. തുടർന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട്, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണു പ്രതിയെ പിടികൂടിയത്.
ഇയാൾ വന്നതും പോയതുമായ വഴിയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.ഹെൽമറ്റ്, ജാക്കറ്റ് എന്നിവ ധരിച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. തുടർന്നു മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചു പ്രാദേശികമായി നടത്തിയ അന്വേഷണത്തിലാണു പ്രതി ആലപ്പുഴ ജില്ലക്കാരനാണെന്നു മനസ്സിലായത്.
തുടർന്ന്, ആലപ്പുഴയിലെത്തി പൊലീസ് സംഘം തന്നെ അന്വേഷിക്കുന്നതായി മനസ്സിലാക്കിയ ഇയാൾ ആദ്യം ഒളിവിൽ പോയെങ്കിലും പിന്നീട് അഞ്ചാലുംമൂട് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാൾ വെസ്റ്റ് ബംഗാളിൽ കരസേനയിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തു വരുകയാണ്.അടുത്ത മാസം 5നു തിരികെ പോകാൻ ഇരിക്കവെ ആണു സംഭവം.
അഞ്ചാലുംമൂട് എസ്ഐ എൻ.ഗിരീഷ്, എസ്സിപിഒ മഹേഷ്, സിപിഓമരായ ശിവകുമാർ, ഷാഫി, കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ എസ്സിപിഒ സുമേഷ്, സിപിഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]