ആയൂർ ∙ ആൾത്താമസം ഇല്ലാത്ത വീട്ടിൽ പകൽ സമയത്തു കവർച്ചയ്ക്കായി കയറിയ മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി. ചണ്ണപ്പേട്ട
മരുതിവിളയിൽ വെള്ളംകുടി ബാബുവിനെ (55) ആണ് ഇന്നലെ ഉച്ചയ്ക്കു കമ്പംകോട് ഭാഗത്തു നിന്നു പിടികൂടിയത്. കമ്പംകോട് മാപ്പിള വീട്ടിൽ എം.കെ.ജേക്കബിന്റെ വീട്ടിലാണു മോഷണശ്രമം നടന്നത്.
വീട്ടിലുള്ളവർ ബന്ധുവിന്റെ മരണത്തിനു പോയിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30നു മോഷ്ടാവ് വീടിന്റെ കോംപൗണ്ടിൽ കയറുന്നതു വിദേശത്തുള്ള മകൾ സിസിടിവി വഴി കണ്ടു.
ഉടൻ വിവരം പിതാവു ജേക്കബിനെ അറിയിച്ചു. ഇദ്ദേഹം ഫോണിലൂടെ വിവരം വാർഡ് അംഗം ലാലി ജോസിനെയും സമീപത്ത് ഉള്ളവരെയും അറിയിച്ചു.
നാട്ടുകാർ എത്തിയപ്പോൾ മോഷ്ടാവ് പിക്ക്ആക്സ് ഉപയോഗിച്ച് അടുക്കള വാതിൽ പൊളിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഇതിനോടു ചേർന്നുള്ള വർക്ക് ഏരിയയുടെ പൂട്ടുപൊളിച്ച് അകത്തു കയറിയാണ് അടുക്കള വാതിൽ പൊളിക്കാൻ ശ്രമിച്ചത്. നാട്ടുകാർ വരുന്നതു കണ്ടു മോഷ്ടാവ് സമീപത്തെ റബർത്തോട്ടത്തിലേക്ക് ഓടി.
നാട്ടുകാർ പിന്നാലെ ഓടി. തുടർന്ന് ഇയാളെ ഓടിച്ചു സമീപത്തെ റോഡിൽ എത്തിച്ചു.
ഇവിടെ കാത്തു നിന്നവർ കൂടി ചേർന്ന് മോഷ്ടാവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
മോഷണത്തിന് ഉപയോഗിക്കാനായി കൊണ്ടുവന്ന പിക്ക്ആക്സ്, സ്ക്രൂഡ്രൈവർ, ചുറ്റിക, കത്താൾ എന്നിവ സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. മോഷണത്തിനു തന്നെ ശിക്ഷ കഴിഞ്ഞ് അടുത്തിടെ ആണ് ഇയാൾ ജയിൽ മോചിതനായത്.
കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

