കൊല്ലം ∙ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ ജീവൻ മുറുകെപ്പിടിച്ചു യാത്രക്കാർ. മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയില്ലാതെ പൊലീസും മോട്ടർ വാഹന വകുപ്പ് അധികൃതരും കാഴ്ചക്കാരുന്നു. പരവൂരിൽ സമയത്തർക്കത്തെ തുടർന്ന് മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ നേർക്കുനേർ ഇടിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.
സ്വകാര്യ ബസ് എതിരെ വന്ന് മത്സരത്തിലേർപ്പെട്ട ബസിൽ ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
3 ആഴ്ചകൾക്കു മുൻപ് സമയക്രമത്തെ ചൊല്ലി വെളിയം ജംക്ഷനിൽ വച്ചു കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ സ്വകാര്യ ബസ് ഡ്രൈവർ ഭീഷണി മുഴക്കിയിരുന്നു.
പരവൂരിൽ തന്നെ കഴിഞ്ഞ മാസം സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും ഡ്രൈവറെ മറ്റൊരു ബസിലെ ക്ലീനർ ബസിലിട്ടു മർദിക്കുകയും ചെയ്തിരുന്നു. തുടർച്ചയായി സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകൾ തമ്മിൽ നടക്കുന്ന മത്സരയോട്ടത്തിൽ ബലിയാടാവുന്നത് യാത്രക്കാരും റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുമാണ്.
തിരക്കേറിയ റോഡുകളിലൂടെ അമിത ശബ്ദത്തിൽ ഹോൺ മുഴക്കി ഹെഡ് ലൈറ്റിട്ടു പായുന്ന സ്വകാര്യ ബസുകൾ പതിവു കാഴ്ചയാണ്.
ജംക്ഷനുകളിലെത്തുമ്പോൾപോലും വേഗം കുറയ്ക്കുന്ന പതിവില്ല. ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്തും പിന്നാലെ വന്നു ഉച്ചത്തിൽ ഹോൺ മുഴക്കിയും മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കുന്ന ബസ് ഡ്രൈവർമാരും ചില്ലറയല്ല. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു മുൻതൂക്കം നൽകി മാന്യമായി വണ്ടിയോടിക്കുന്ന ഡ്രൈവർമാർക്കു കൂടി ചീത്തപ്പേരുണ്ടാക്കുകയാണ് ഒരുകൂട്ടം ഡ്രൈവർമാർ.
ബസുകൾ തമ്മിലുള്ള മത്സര ഓട്ടവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
മിനിറ്റുകൾ വ്യത്യാസത്തിലുള്ള മത്സരയോട്ടത്തിൽ സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ ഇറക്കാനും കയറ്റാനും പോലും പറ്റാത്ത തിരക്കാണ് ബസുകൾക്കുള്ളത്. ബസുകൾ ഓരോ സ്റ്റോപ് പിന്നിടുന്ന സമയം ജിപിഎസ് വഴി അറിയാനാകും വിധമുള്ള ജിയോഫെൻസിങ് സംവിധാനം നടപ്പാക്കാനുള്ള നിർദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയാൻ കർശന നടപടി വേണമെന്നും ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ വിഷയത്തിൽ കൃത്യമായ നടപടി സംവിധാനങ്ങൾ സ്വീകരിച്ചിട്ടില്ല. കൃത്യമായ സംവിധാനം വരാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് മോട്ടർ വാഹന വകുപ്പും പറയുന്നത്.
ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഉത്തരവ് വന്നിട്ടില്ല. സമയദൈർഘ്യത്തിൽ കൃത്യമായ മാനദണ്ഡം ഇല്ലാത്തതിനാൽ തോന്നുംപടിയാണ് ബസുകളുടെ സഞ്ചാരം.
പൊതുജനങ്ങൾക്ക് പരാതി നൽകാം
മത്സരയോട്ടവും അലക്ഷ്യമായ സഞ്ചാരമോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കു പരാതി മോട്ടർ വാഹന വകുപ്പിന് പരാതി നൽകാം.
എല്ലാ ബസുകളുടെ പിന്നിലും അതിനായി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്.
ഇതിൽ ബന്ധപ്പെട്ടാൽ വിഷയത്തിൽ നടപടിയുണ്ടാവും. പരാതി ലഭിക്കുന്നതിന് അനുസരിച്ചു നടപടി സ്വീകരിക്കുന്നുണ്ടെന്നും പരിശോധനകൾ നടക്കുന്നുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

