പുനലൂർ ∙ കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാത പുരുഷന്റെ മൃതദേഹം മുക്കടവിൽ കുന്നിൻ പ്രദേശത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്നും മൃതദേഹം അംഗപരിമിതന്റേതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിന്റെ അന്വേഷണച്ചുമതല പുനലൂർ പൊലീസ് സബ്ഡിവിഷൻ തലത്തിൽ രൂപീകരിക്കുന്ന സംഘത്തിന് കൈമാറുമെന്ന് ഇന്നലെ വൈകിട്ട് സംഭവ സ്ഥലം സന്ദർശിച്ച റൂറൽ എസ്പി ടി.കെ.
വിഷ്ണു പ്രദീപ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ വന്മള വാർഡിന്റെ ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. വാരിയെല്ലിന്റെ ഭാഗത്ത് കുത്തേറ്റതായും തലയ്ക്ക് പരുക്കുണ്ടെന്നും പൊലീസ് പറഞ്ഞു. ആസിഡോ, പെട്രോളോ ഒഴിച്ചു തലയ്ക്ക് താഴെ പൊള്ളിച്ച ലക്ഷണവുമുണ്ട്.
മറ്റെവിടെയോ നിന്നും മുക്കടവിലെ തോട്ടത്തിൽ എത്തിച്ചു കൊന്നതാണെന്ന നിഗമനത്തിലാണു പൊലീസ്. വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡിലെ മെറ്റൽ ഡിറ്റക്ടർ സംഘം, ഫൊറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിന്റെ കഴുത്തിൽ നിന്നു കണ്ടെടുത്ത സ്വർണമാലയിൽ ഇതു വാങ്ങിയ സ്ഥാപനത്തെപ്പറ്റി സൂചന ഉണ്ടോയെന്നു പരിശോധിച്ചു വരുന്നു.
മൃതദേഹം കിടന്ന ഭാഗത്തിന് സമീപത്തെ കാടുകൾ പൊലീസ് തന്നെ കുറെ നീക്കം ചെയ്തു. മൃതദേഹത്തിൽ ഒഴിച്ച രാസ ലായനി എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചെങ്കുത്തായ ഭാഗമായ ആളുകേറാമല പോലെ ഇത്രയും ഉയർന്ന പ്രദേശത്ത് എത്തിച്ച് ഇത്തരം ഒരു കൊലപാതകം നടത്തണമെങ്കിൽ ഒന്നിലധികം പേരുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നു. ആനയെ തളയ്ക്കാൻ ഉപയോഗിക്കുന്ന അത്രയും കനമുള്ള ചങ്ങലയാണ് മൃതദേഹത്തിൽ ബന്ധിച്ചിരുന്നതെന്നതും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരാണോ എന്ന നിലയിലും പൊലീസ് സംശയിക്കുന്നുണ്ട്. ഇടതു കാലിനു സ്വാധീനക്കുറവ് ഉള്ളയാളാണെന്നു വ്യക്തമായതോടെ സംസ്ഥാനത്ത് കാണാതായവരുടെ പട്ടികയിൽ നിന്ന് ഇത്തരക്കാരെ കണ്ടെത്താനാകുമോ എന്നും പൊലീസ് അന്വേഷിക്കുന്നു. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി ആളെ തിരിച്ചറിയാനാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]