കൊല്ലം ∙ ജില്ലയുടെ കായിക മേൽവിലാസമായ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം തുറന്നു നൽകാത്തതോടെ ജില്ലാ സ്കൂൾ കായികമേള വീണ്ടും കൊട്ടാരക്കരയിലേക്ക്. മറ്റു ചില ജില്ലകളിൽ മൂന്നും നാലും സിന്തറ്റിക് ട്രാക്കുകളായെങ്കിലും കൊല്ലത്ത് ഇതുവരെ ഒരു സിന്തറ്റിക് ട്രാക്ക് പോലുമില്ലെന്ന പരാതി പരിഹരിച്ചാണ് സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിച്ചത്.
എന്നാൽ ട്രാക്കോ അതിന്റെ പേരിൽ അടച്ചിട്ട സ്റ്റേഡിയമോ കായികതാരങ്ങൾക്ക് ഇതുവരെ തുറന്നു നൽകിയിട്ടില്ല.
ട്രാക്ക് പുല്ലും ചെടികളും വളർന്നു കാടായി മാറിക്കൊണ്ടിരിക്കുന്നു.
ഈ അടുത്തൊന്നും സ്റ്റേഡിയം തുറന്നു തരാൻ സാധ്യതയില്ലെന്ന് കണ്ടതോടെയാണ് ജില്ലാ കായികമേള വീണ്ടും കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തന്നെ നടത്താൻ തീരുമാനിച്ചത്.
സബ്ജില്ലാ ഗെയിംസ് മത്സരങ്ങൾ ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ 14, 15, 16 തീയതികളിൽ ജില്ലാ കായികമേള നടത്താനാണ് ഏകദേശ ധാരണ.
ഇതോടെ ഈ വർഷവും വിദ്യാർഥികൾ ചരൽ മണ്ണിൽ തന്നെ ഓടേണ്ടി വരുമെന്ന് ഉറപ്പായി.
ലാൽ ബഹാദൂർ സ്റ്റേഡിയമല്ലാതെ മറ്റൊരു നല്ല സ്റ്റേഡിയമോ ട്രാക്കോ ഇല്ലാത്തതിനാൽ കഴിഞ്ഞ 2 വർഷങ്ങളായി ജില്ലയിലെ സ്കൂൾ ഗ്രൗണ്ടുകളിലാണ് കായികമേള നടക്കുന്നത്. 2023ൽ കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടിലും 2024 ൽ കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുമാണ് കായികമേള നടന്നത്. ഈ 2 വർഷങ്ങളിലും ഗ്രൗണ്ടുകളുടെ പ്രശ്നങ്ങളും സൗകര്യങ്ങളുടെ അപര്യാപ്തതയും കായികതാരങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ വർഷമെങ്കിലും സിന്തറ്റിക് ട്രാക്കിൽ കായികമേള നടത്താനാവുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്. സ്റ്റേഡിയം തുറന്നു നൽകാത്തതിനാൽ ഈ വർഷത്തെ ജില്ലയുടെ അത്ലറ്റിക്സ് മീറ്റ് തിരുവനന്തപുരം ആറ്റിങ്ങലിലാണ് നടന്നിരുന്നത്.
കഴിഞ്ഞ വർഷം അത്ലറ്റിക് മീറ്റ് ആശ്രാമം മൈതാനത്ത് താൽക്കാലിക ട്രാക്ക് സജ്ജീകരിച്ചാണ് നടത്തിയിരുന്നത്.
പൊടിപാറുന്ന ചരൽമണ്ണിൽ മത്സരിച്ചും പരിശീലിച്ചും സംസ്ഥാന കായികമേളയിലേക്ക് പോകുന്നത് ജില്ലയിലെ കുട്ടികളുടെ കായിക പ്രകടനത്തെയും ബാധിക്കുന്നുണ്ട്. സായി താരങ്ങൾക്കു പരിശീലനം നടത്താൻ പോലും വർഷങ്ങളായി സ്റ്റേഡിയം തുറന്നു നൽകുന്നില്ല. ഈ വർഷം ആദ്യം തുറന്നു നൽകുമെന്നും പിന്നീട് ഏപ്രിലിൽ പൂർത്തിയാവുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.
2023 ജൂണിലാണ് ‘ഒളിംപ്യൻ സുരേഷ് ബാബു മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം’ പദ്ധതിയിൽ ഉൾപ്പെടുത്തി ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം ആരംഭിച്ചത്.
ട്രാക്കിന്റെ 8 ലൈനുകളും മാസങ്ങൾക്കു മുൻപേ പൂർത്തിയാക്കി. എന്നാൽ അനുബന്ധമായി മത്സരാർഥികൾക്കു വേണ്ട
വാം അപ് ഏരിയ നിർമിക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. കാട് മൂടിക്കിടക്കുകയാണെന്നും മാലിന്യം കൂട്ടിവയ്ക്കാനുള്ള ഇടമായി സ്റ്റേഡിയത്തെ മാറ്റുന്നുവെന്നും പരാതി ഉയർന്നതോടെ കഴിഞ്ഞ മാസം കാട് വെട്ടിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സ്റ്റേഡിയത്തിൽ പുല്ല് വളർന്നു തുടങ്ങി. നവീകരിച്ച പവിലിയൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. ഇരിപ്പിടങ്ങൾ മാസങ്ങൾക്കു മുൻപ് പെയ്ന്റ് ചെയ്തിട്ടുണ്ട്.
എന്നാൽ ഇതിന്റെ ഒന്നും ഒരു ഉപയോഗമോ പ്രയോജനമോ കായിക താരങ്ങൾക്കോ മറ്റോ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതിഷേധത്തിനിടയിലും സഹകരിച്ച് കായികാധ്യാപകർ
കൊല്ലം ∙ വിവിധ വിഷയങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തെ കായികാധ്യാപകർ പ്രതിഷേധം തുടരുമ്പോഴും ജില്ലയിൽ കായികമേളകളുമായി സഹകരിക്കുന്നുണ്ട്. തസ്തിക പുനർനിർണയം നടത്താത്തതിനെ തുടർന്ന് സ്കൂൾ കായിക മേളകളുടെ നടത്തിപ്പു ചുമതലയിൽ നിന്നു കായികാധ്യാപകർ വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.
സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ സബ് ജില്ല, ജില്ല, സംസ്ഥാന സ്കൂൾ കായിക മേളകളിൽ നിന്നു വിട്ടുനിൽക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നാണു പ്രധാന ആവശ്യം.
300 വിദ്യാർഥികൾക്ക് ഒരു കായികാധ്യാപകൻ എന്ന അനുപാതം നടപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു നടപ്പായിട്ടില്ല. നിലവിൽ 1:500 എന്ന നിലയിലാണ് അനുപാതം.
ഹൈസ്കൂൾ അധ്യാപക തസ്തികയുടെ അതേ ഗ്രേഡിലാണു കായികാധ്യാപകരുടെ നിയമനമെങ്കിലും യുപി വിഭാഗം അധ്യാപകരുടെ ശമ്പളമാണ് ലഭിക്കുന്നത്. ഈ വിഷയങ്ങളെല്ലാം ഉയർത്തിയാണ് കായികാധ്യാപകർ പ്രതിഷേധം തുടരുന്നത്. എന്നാൽ വിദ്യാർഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞും മറ്റു അധ്യാപകർ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമില്ലെന്നും മനസ്സിലാക്കിയാണ് കായികാധ്യാപകർ ജില്ലയിൽ കായികമേളയുമായി സഹകരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]