
ഉൗൺമേശയിൽ സ്നേഹം വിളമ്പുന്ന കാക്കിക്കൂടാരം; ചവറ പൊലീസ് സ്റ്റേഷനിലെ ‘വീട്ടിൽ ഉൗണ്’ സൂപ്പർ ഹിറ്റ്
കൊല്ലം∙ ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതു കൊലപാതകവും പിടിച്ചുപറിയും കത്തിക്കുത്തുമൊക്കെയാണെങ്കിലും ഉൗൺമേശയിൽ സ്നേഹം വിളമ്പുന്ന കാക്കിക്കൂടാരമാണു ചവറ പൊലീസ് സ്റ്റേഷൻ. ജോലിത്തിരക്കിനിടയിലും സ്റ്റേഷനിലെത്തി സഹപ്രവർത്തകരോടൊപ്പം ഉച്ചയൂണ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ ഓരോ പൊലീസുകാരും.
അപ്പോൾ അവർക്കിടയിൽ ഇൻസ്പെക്ടറെന്നോ പാറാവ് എന്നോ ഭേദമില്ല.
എഡിജിപി എം.ആർ.അജിത്കുമാർ കൊട്ടിയൂരിൽ രഹസ്യമായെത്തി ദർശനം നടത്തി; വഴിപാടായി സ്വർണക്കുടം സമർപ്പിച്ചു
Kannur News
രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന ഓരോരുത്തരും പൊതിച്ചോറും കെട്ടിയാണു വരവ്.
ഓരോരുത്തരും കഴിയുന്നത്ര വിഭവങ്ങൾ കരുതും. ചിലരുടെ പൊതിയിൽ മുളകിട്ട
മീൻകറിയുണ്ടെങ്കിൽ മറ്റു ചിലരുടേതിൽ തേങ്ങ ചുട്ടരച്ച ചമ്മന്തിയാകും സ്പെഷൽ. അവിയലും മോരും ചിക്കനും മീനും തോരനും ഉൾപ്പെടെ പങ്കുവച്ചു കഴിക്കും.
വിവിധ വിഭവങ്ങൾ അടങ്ങിയ ‘ഉച്ചസദ്യ’ യാകും ഓരോരുത്തർക്കും. ആഹാരം കൊണ്ടുവരാത്തവരുണ്ടെങ്കിൽ പുറത്തു നിന്നു കഴിക്കേണ്ടി വരില്ല; അവർക്കു വേണ്ടിയും സ്നേഹത്തിന്റെ ഒരു പങ്ക് സഹപ്രവർത്തകർ മാറ്റിവച്ചിട്ടുണ്ടാകും.
43 പൊലീസുകാരുള്ള ഇവിടെ ദിവസവും ഉച്ചയ്ക്ക് ഇരുപതിൽ കുറയാതെ സ്റ്റേഷനിലെ റെസ്റ്റ് റൂമിലേക്കെത്തും. മറ്റുള്ളവർ ഡ്യൂട്ടിക്കായി സ്റ്റേഷനു പുറത്തായിരിക്കും.
ഇരുപത്തിയഞ്ചു വർഷമായി സർവീസിലുള്ളവർ മുതൽ വളരെ ജൂനിയറായ സഹപ്രവർത്തകർ വരെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ പഴയ കലാലയ ഓർമകൾ പോലും മനസ്സിൽ വരാറുണ്ടെന്നു ഇൻസ്പെക്ടർ എം.ഷാജഹാൻ പറയുന്നു. എസ്ഐ അസരിഫ് ഷെഫീക്കും സഹപ്രവർത്തകരോടൊപ്പം കൂടും.
ഒത്തൊരുമിച്ച് ആഹാരം ആസ്വദിച്ച് കഴിക്കുന്ന ഇവരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പൊലീസ് സേനാംഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളും വർധിക്കുന്ന കാലത്ത്, സഹപ്രവർത്തകർ എല്ലാവരും ഒരുനേരം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലെ സ്നേഹവും സന്തോഷവും അത്രയും വലുതാണെന്നു പറയുന്നതിൽ ഈ സ്റ്റേഷൻ ഒറ്റക്കെട്ട്.
”മിക്ക സ്റ്റേഷനുകളിലും ഡ്യൂട്ടി കഴിയുന്നതനുസരിച്ച് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കാറാണ് പതിവ്. എന്നാൽ ഇവിടെ ആഹാരം കൊണ്ടുവരാത്തവർക്കു വേണ്ടി കൂടുതൽ ആഹാരം കരുതിക്കൊണ്ടുവരുന്ന സഹപ്രവർത്തകരുണ്ട്.
അവരാണ് ഈ കൂട്ടായ്മയുടെ ശക്തി.”
എസ്. ശ്യാംകുമാർ, (സിവിൽ പൊലീസ് ഓഫിസർ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]