കൊല്ലം ∙ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (സ്പെഷൽ ഇന്റൻസീവ് റിവിഷൻ – എസ്ഐആർ) പൂർത്തിയായി അന്തിമ വോട്ടർപട്ടിക പുറത്തുവരുമ്പോൾ ജില്ലയിൽ കുറഞ്ഞ വോട്ടുകൾ ആരുടെ അക്കൗണ്ടിൽ പെടുമെന്ന ആലോചനയിലാണ് രാഷ്ട്രീയ പാർട്ടികൾ. ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്, 2025 ഒക്ടോബർ 27 വരെയുണ്ടായിരുന്ന വോട്ടർമാരിൽ നിന്ന് 67,856 പേർ ജില്ലയിൽ പുറത്തായിട്ടുണ്ട്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്താൽ 59,159 വോട്ടർമാരുടെ കുറവാണുണ്ടായിരിക്കുന്നത്. 21,35,830 പേരാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ ജില്ലയിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന അന്തിമ പട്ടികയിൽ ജില്ലയിലെ 20,76,671 പേരാണ് ഇടംപിടിച്ചത്. ഇല്ലാതായ വോട്ടുകൾ പല നിയമസഭാ മണ്ഡലങ്ങളിലെയും ജയപരാജയങ്ങളെ നിർണയിക്കാൻ പോന്നതാണ്.
അതേ സമയം ഇനിയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നതിനാൽ പരമാവധി ആളുകളെ ചേർക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. കൊല്ലത്തും ചവറയിലും ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ കുറഞ്ഞു കൊല്ലം, ചവറ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ എസ്ഐആറിൽ കുറഞ്ഞിട്ടുണ്ട്.
കൊല്ലം നിയമസഭാ മണ്ഡലത്തിലാണ് വലിയ തോതിൽ എസ്ഐആറിൽ വോട്ട് കുറഞ്ഞത്. 10,384 വോട്ടാണ് അന്തിമ വോട്ടർപട്ടിക എത്തിയപ്പോൾ കൊല്ലം മണ്ഡലത്തിൽ കുറഞ്ഞത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.മുകേഷ് എംഎൽഎയായി വിജയിച്ചത് 2,072 വോട്ടുകൾക്കായിരുന്നു. ചവറയിൽ ഇത്തവണ കുറഞ്ഞത് 3,961 വോട്ടുകളാണെങ്കിൽ 2021 തിരഞ്ഞെടുപ്പിൽ സുജിത്ത് വിജയൻപിള്ളയുടെ ഭൂരിപക്ഷം 1,096 മാത്രമായിരുന്നു.
കുന്നത്തൂരും കുണ്ടറയിലും കൊട്ടാരക്കരയിലും നിർണായകം
കുന്നത്തൂർ, കൊട്ടാരക്കര, കുണ്ടറ എന്നീ മണ്ഡലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് മത്സരത്തെ സ്വാധീനിക്കാൻ കഴിയും വിധത്തിലാണ് ഭൂരിപക്ഷത്തിന്റെയും എസ്ഐആറിൽ കുറഞ്ഞ വോട്ടുകളുടെയും അവസ്ഥ.
കുന്നത്തൂരിൽ ഇത്തവണ 1,876 വോട്ടുകളാണ് എസ്ഐആറിൽ കുറഞ്ഞതെങ്കിൽ 2021ലെ കോവൂർ കുഞ്ഞുമോന്റെ ഭൂരിപക്ഷം 2,790 ആയിരുന്നു. കുണ്ടറ മണ്ഡലത്തിൽ ഇത്തവണ 3,654 വോട്ടുകൾ എസ്ഐആറിൽ കുറഞ്ഞു.
2021ൽ പി.സി.വിഷ്ണുനാഥ് കുണ്ടറയിൽ ജയിച്ചത് 4,523 വോട്ടുകൾക്കായിരുന്നു. ജില്ലയിൽ അന്തിമ വോട്ടർപട്ടികയിൽ വലിയതോതിൽ വോട്ട് കുറഞ്ഞ മറ്റൊരു മണ്ഡലമാണ് കൊട്ടാരക്കര.
8,887 വോട്ടർമാർ കുറഞ്ഞ കൊട്ടാരക്കരയിലെ കെ.എൻ.ബാലഗോപാലിന്റെ 2021 ലെ ഭൂരിപക്ഷം 10,814 വോട്ടുകൾ ആയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

