കൊല്ലം ∙ ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ പൂർണ തൃപ്തി ഇല്ലെന്നും ഹൈക്കോടതിയുടെ മേൽനോട്ടമുള്ളതിനാലാണ് ഇത്രയെങ്കിലും നടക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണത്തിന് വേഗമില്ല.
ഹൈക്കോടതി സംഭവത്തിൽ ഇടപെട്ട് ഒന്നര മാസം പിന്നിടുമ്പോഴാണ് മുൻ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ഇനിയും തയാറാവാത്തത് എന്തുകൊണ്ടാണ്? തൊണ്ടിമുതലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ ദേവസ്വം ബോർഡിനും സംഭവത്തിൽ പങ്കുണ്ട്.
കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്നും കള്ളനു കഞ്ഞി വച്ചവരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം മാറും.
ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാൻ സിപിഎമ്മിനു മടിയാണ്. യുഡിഎഫ് ഏറെ ഗൗരവത്തോടെയും അച്ചടക്കത്തോടെയുമാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. അതേ സമയം ദുഷ്ടലാക്കോടെയുള്ള വാർഡ് പുനർവിഭജനവും വോട്ടർപട്ടികയിലെ ക്രമക്കേടുകളും മുന്നണിക്ക് നേരിടേണ്ടി വന്നു.
ഭീഷണിപ്പെടുത്തിയും സ്വാധീനം ചെലുത്തിയുമാണ് പല ഇടങ്ങളിലും സിപിഎം എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നത്. മലപ്പട്ടത്ത് തന്റെ ഒപ്പ് തന്നെയാണെന്ന് സ്ഥാനാർഥി വ്യക്തമാക്കിയിട്ടും വരണാധികാരി പത്രിക തള്ളി.
ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ സാധിച്ചത്.
കൊല്ലം കോർപറേഷനിലെ ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള വിലയിരുത്തൽ തിരഞ്ഞെടുപ്പിലുണ്ടാവും. ഇനിയും പരിഹാരം കാണാത്ത കുടിവെള്ളം, മാലിന്യം അടക്കമുള്ള പ്രശ്നങ്ങൾ ജനങ്ങൾ ഗൗരവത്തിലെടുക്കും.
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും ആരോഗ്യ–വിദ്യാഭ്യാസ മേഖലകളുടെ തകർച്ചയും വിലക്കയറ്റവും ശബരിമലയിലെ കൊള്ളയുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാവും. സ്വർണക്കടത്ത് കേസ് ഒതുക്കാൻ സിപിഎം കേന്ദ്ര സഹായം തേടിയിട്ടുണ്ടാവും.
മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. അയച്ച നോട്ടിസ് എവിടെയും എത്താതിരുന്നത് എന്ത് കൊണ്ടാണ്? നോട്ടിസ് ലഭിക്കാത്തതിൽ പിണറായിക്കോ ഇ.ഡിക്കോ പരാതിയില്ല.
സ്വർണക്കടത്ത് കേസ് ഒതുക്കിയ പോലെ ശബരിമലയിലെ സ്വർണക്കവർച്ച ഒതുക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദുർഭരണത്തിന് എതിരെ ജനം വിധിയെഴുതും’
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും കൊല്ലം കോർപറേഷന്റെ ദുർഭരണത്തിനും എതിരെയുള്ള വിധിയെഴുത്തായി ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് മാറുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുളങ്കാടകം ഡിവിഷൻ കോർപറേഷൻ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ എം.എസ്.സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, ഡി.ഗീതാകൃഷ്ണൻ, എൻ.ഉണ്ണിക്കൃഷ്ണൻ, ഘടകകക്ഷി നേതാക്കളായ മണലിൽ സുബൈർ, അജിത്ത് കുരീപ്പുഴ, എസ്.എം.ഷെരീഫ്, മുഹമ്മദ് കുഞ്ഞു, കോതേത്ത് ഭാസുരൻ, സ്ഥാനാർഥികളായ രഞ്ജിത്ത് കലുങ്കുമുഖം, കരുമാലിൽ ഡോ. ഉദയ സുകുമാരൻ, കൃഷ്ണവേണി ജി.ശർമ, ഉദയ തുളസീധരൻ, സി.എസ്.ഹരിപ്രിയ, സിന്ധു കുമ്പളത്ത്, കെ.എസ്.ആർച്ച, ഷംനാദ് മുതിരപ്പറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

