
കൊല്ലം ∙ പൊട്ടിപ്പൊളിഞ്ഞ ഭിത്തികൾ, ചോർന്നൊലിക്കുന്ന മേൽക്കൂര തുടങ്ങി അതീവ അപകടാവസ്ഥയിൽ കല്ലുപ്പാലത്തു പ്രവർത്തിക്കുന്ന ജില്ലാ കനാൽ ഓഫിസ് കെട്ടിടത്തെ കണ്ടില്ലെന്നു നടിച്ച് അധികാരികൾ. ഏതു നേരവും നിലംപൊത്താൻ സാധ്യതയുള്ള കെട്ടിടത്തിൽ ശുചിമുറി സംവിധാനമില്ലാത്തതിനാൽ വനിതാ ജീവനക്കാർ വലയുകയാണ്.
കഴിഞ്ഞ 10 വർഷമായി തുടർച്ചയായി പരാതി നൽകിയിട്ടും വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ മരാമത്ത് വകുപ്പ് കെട്ടിട
വിഭാഗം ഇതുവരെ തയാറായിട്ടില്ല. സീനിയർ ക്ലാർക്ക്, പാർട്ടൈം സ്വീപ്പർ, ഫീൽഡ് വർക്കേഴ്സ് എന്നിവരുൾപ്പെടെ 2 സ്ത്രീകളും 3 പുരുഷന്മാരുമാണു കനാൽ ഓഫിസിൽ ജോലിചെയ്യുന്നത്.
രാവിലെ 8 മുതൽ 11.30 വരെ ഡ്യൂട്ടിയിലുള്ള പാർട്ടൈം സ്വീപ്പറെക്കാൾ ബുദ്ധിമുട്ടാണു രാവിലെ 10 മുതൽ 5.30 വരെ ഡ്യൂട്ടിയിലുള്ള സീനിയർ ക്ലാർക്ക് അനുഭവിക്കുന്നത്.
കാസർകോട് ഇറിഗേഷൻ ഡിവിഷനിൽ നിന്നു വിടുതൽ ചെയ്ത് ഈ മാസം 2നു കല്ലുപാലത്തു ജോലിയിൽ പ്രവേശിച്ച ഇവർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയാണ്. ദീർഘദൂരം യാത്രചെയ്തെത്തുന്നവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ എങ്ങനെ ജോലി ചെയ്യാൻ കഴിയുമെന്നാണു ജീവനക്കാരുടെ ചോദ്യം.
ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം ആയതിനാൽ ഭീതിയോടെയാണു ജീവനക്കാർ ഓഫിസിലെത്തുന്നത്.
ഉപയോഗശൂന്യമായി കിടക്കുന്ന ശുചിമുറി നവീകരിക്കണമെന്നും യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉൾപ്പെടെ ജീവനക്കാർക്കു പിടിപെടാൻ സാധ്യതയുണ്ടെന്നും കാട്ടി വിമൻ വെൽഫെയർ ഫോറം മരാമത്ത് വകുപ്പ് മന്ത്രിക്ക് 2 തവണ പരാതി നൽകി. മുഖ്യമന്ത്രി, വകുപ്പു മന്ത്രി, കലക്ടർ തലങ്ങളിൽ നിന്നു പരിശോധിച്ചു നടപടിയെടുക്കാൻ നിർദേശം ലഭിച്ചെങ്കിലും നടപടികളിലെ മെല്ലെപ്പോക്കു നയമാണു മരാമത്ത് കെട്ടിട
വിഭാഗം സ്വീകരിക്കുന്നത്.
കനാൽ ഓഫിസ് കെട്ടിടം ഡിസ്ക്വാളിഫൈ ചെയ്തു കല്ലുപാലത്തു നിന്നു മാറ്റാൻ പിഡബ്ല്യുഡി അധികൃതർ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. പബ്ലിക് കനാൽസ് ആൻഡ് ഫെറീസ് നിയമപ്രകാരം ജില്ലയുടെ ഏതു ഭാഗത്തു നിന്നും ജലയാനങ്ങൾ പരിശോധനയ്ക്കായി എത്താനുള്ള ലൈൻ ഓഫ് നാവിഗേഷൻ പ്രദേശത്താണ് കനാൽ ഓഫിസ് നിലകൊള്ളേണ്ടതെന്ന നിയമം കാറ്റിൽ പറത്താനാണു മരാമത്ത് അധികൃതരുടെ ശ്രമമെന്നാണ് ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]