
ശാസ്താംകോട്ട ∙ ദിവസവും നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഉൾപ്പെടെ മൈനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു.
രണ്ടാഴ്ചയ്ക്കിടെ 15 പേർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഒട്ടേറെ വളർത്തു മൃഗങ്ങൾക്കും കടിയേറ്റു.
ഇന്നലെ രാവിലെ പൈപ്പ് റോഡിൽ തെരുവു നായകൾ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര അര മണിക്കൂറോളം മുടങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് അടക്കമുള്ള യാത്രക്കാർ വഴി തിരിഞ്ഞു പോകേണ്ടി വന്നു.
റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ മാത്രം കഴിഞ്ഞ ആഴ്ച നാലു പേർക്ക് കടിയേറ്റു. കുറ്റിയിൽ ജംക്ഷനിൽ എത്തിയ തെരുവുനായ ജനങ്ങളെ ഓടിച്ചിട്ട് കടിച്ചു.
ഇവിടെ മൂന്നു പേർക്കാണ് പരുക്കേറ്റത്.
ഭരണിക്കാവ് ജംക്ഷനിലും പരിസരങ്ങളിലും മുതുപിലാക്കാട്ടും അടക്കം 7 പേർക്ക് കടിയേറ്റിരുന്നു. ബസ് ഇറങ്ങി നടന്നു വന്നവർക്കും സൈക്കിൾ, സ്കൂട്ടർ യാത്രക്കാരും തെരുവുനായ ആക്രമണത്തിൽ ഇരകളായി.
മൈനാഗപ്പള്ളിയിൽ മക്കളെ സ്കൂളിൽ നിന്നും വിളിക്കാനെത്തിയ സ്ത്രീയെ നായ കടിക്കാൻ ഓടിച്ചു. വീട്ടുമുറ്റത്ത് നിന്ന കുട്ടികളും വയോധികരും അടക്കം ജനങ്ങൾ വീടുകളിലേക്ക് ഓടിക്കയറിയാണ് നായയിൽ നിന്നും രക്ഷപ്പെട്ടത്.
ഭരണിക്കാവിൽ ജനങ്ങളെ ആക്രമിച്ച നായയെ നാട്ടുകാർ കൊലപ്പെടുത്തിയ ശേഷമാണ് ആശങ്ക ഒഴിഞ്ഞത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി ജീവനക്കാരൻ ബൈക്കിൽ വരുന്നതിനിടെ പള്ളിശേരിക്കൽ ഭാഗത്ത് തെരുവു നായകൾ കുറുകെ ചാടി.
നായയെ ഇടിച്ച് ബൈക്ക് തെറിച്ചുവീണു യുവാവിനു പരുക്കേറ്റു. സ്കൂൾ വിദ്യാർഥികളും കാൽനട യാത്രക്കാരായ വയോധികരും ഇരുചക്രവാഹന യാത്രക്കാരും നായ ശല്യത്തെ തുടർന്നു പുറത്തിറങ്ങാൻ കഴിയാതെയായി.
റോഡുകളിൽ പ്രഭാത–സായാഹ്ന സവാരിക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]