
പൂതക്കുളം ∙ ജൈവ വൈവിധ്യ സംരക്ഷണവും ടൂറിസം വളർച്ചയും ലക്ഷ്യം വച്ചു പൂതക്കുളം പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ചമ്പാൻചാൽ ജൈവവൈവിധ്യ പാർക്ക് കാടു കയറി നശിക്കുന്നു. പാർക്കിന്റെ നിർമാണത്തിനും പിന്നീടു നടന്ന പുനുരുദ്ധാരണത്തിനും ചെലവഴിച്ച പണം നഷ്ടമായതു മാത്രം മിച്ചം.
4 വർഷത്തിലേറെയായി കാടുകയറി ‘പാമ്പ് വളർത്തൽ’ കേന്ദ്രവും സാമൂഹിക വിരുദ്ധരുടെ താവളവും ആയിരുന്ന ജൈവവൈവിധ്യ പാർക്ക് കാടു തെളിച്ചു വൃത്തിയാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം നവംബറിലാണു നടത്തിയത്.
എന്നാൽ, കാടു തെളിച്ചു പാർക്കിൽ പ്രവേശനം സാധ്യമാക്കിയതോടെ പഞ്ചായത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞതു പോലെയാണ് അധികൃതരുടെ മനോഭാവം. പാർക്ക് പരിപാലനത്തിനോ പൊതുജനങ്ങൾക്കായി തുറന്നു നൽകാനോ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.
ഇടവ – നടയറ കായൽ തീരത്തെ മനോഹരമായ പാർക്ക് വീണ്ടും കാടുകയറി നശിച്ച അവസ്ഥയിലാണ് ഇപ്പോൾ. പ്രദേശത്തു കുപ്പികൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചതല്ലാതെ പഞ്ചായത്തിന്റെ ഭാഗത്തു നിന്നു പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രദേശത്തു വീണ്ടും സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതായും പരാതിയുണ്ട്.
പാർക്കിനു ചുറ്റും മദ്യകുപ്പികളുണ്ട്. ഇതിന്റെ എണ്ണം കൂടി വരികയുമാണ്.
പാർക്കിലെ മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും മറ്റും പേരും ശാസ്ത്രീയ നാമവും മറ്റു വിവരങ്ങളും ലഭിക്കാൻ എല്ലാ സസ്യങ്ങളുടെ ചുവട്ടിലും ക്യുആർ കോഡുകൾ സ്ഥാപിക്കുകയും കാടുമൂടി നശിച്ച ഇരുമ്പുബെഞ്ചുകൾ സന്ദർശകർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ആക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പാഴായതുപോലെയാണിപ്പോൾ.
4 വർഷങ്ങൾക്ക് മുൻപ്
പൂതക്കുളം പഞ്ചായത്ത് സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ 4 വർഷങ്ങൾക്കു മുൻപാണ് ഇടവ-നടയറ കായൽ തീരത്തു ജൈവ വൈവിധ്യ പാർക്ക് സ്ഥാപിച്ചത്.
ഔഷധ ചെടികളും വിവിധയിനം മരങ്ങളും 2 ലക്ഷത്തോളം രൂപ ചെലവാക്കി ജൈവ വൈവിധ്യ ബോർഡ് പ്രദേശത്തു നട്ടുവളർത്തി. ഉദ്യാന പരിപാലനം പഞ്ചായത്തിനെ ഏൽപ്പിച്ചു.
എന്നാൽ, പരിപാലനം ‘ഗംഭീരമായി നടന്നതുകൊണ്ട്’ പാർക്ക് കാടുകയറി നശിച്ചു. ഈ ശോചനീയ അവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഒരിടവേളയ്ക്കു ശേഷം നവീകരണപ്രവർത്തനങ്ങൾ നടത്തിയത്.
പാർക്കിന്റെ 3 വശങ്ങളിലും കാടു കയറിയിട്ടുണ്ട്. സംരക്ഷണവേലി ഇല്ലാത്തതിനാൽ കാടുവെട്ടി തെളിച്ചാലും ദിവസങ്ങൾക്കകം വീണ്ടും കാടുപിടിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]