
പ്രാക്കുളം–സാമ്പ്രാണിക്കോടി– കാവനാട്; ഫെറി ബോട്ട് സർവീസ് നിലച്ചിട്ട് 7 മാസം
കൊല്ലം∙ പ്രാക്കുളം–സാമ്പ്രാണിക്കോടി– കാവനാട് ഫെറി ബോട്ട് സർവീസ് നിലച്ചിട്ട് 7 മാസം. പകരം സംവിധാനമായി സർവീസ് നടത്തുന്ന കടത്തു വള്ളത്തിന് മതിയായ സുരക്ഷ ഇല്ലെന്നു യാത്രക്കാർ.
കനത്ത മഴയിലും കാറ്റിലും കടത്തു വളളത്തിലെ യാത്ര ജീവൻ പണയം വച്ച്. പ്രാക്കുളം ഭാഗത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ ഫെറി ബോട്ട് സർവീസാണ് അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തലാക്കിയത്. ആലപ്പുഴയിലെ യാഡിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടു പോയിട്ട് ഇതുവരെ തിരിച്ചു കൊണ്ടു വന്നിട്ടില്ല.
പ്രാക്കുളം ഭാഗത്തുള്ള ഒട്ടേറെ യാത്രക്കാർ ഈ ജലപാത വഴിയാണ് കാവനാട്ട് എത്തി വിവിധ ഭാഗങ്ങളിലേക്കു പോകുന്നത്. നീണ്ടകരയിലും ശക്തികുളങ്ങരയിലും മത്സ്യബന്ധനത്തിനും മത്സ്യ കച്ചവടത്തിനും പോകുന്നവരും ഈ പാതയാണ് തിരഞ്ഞെടുക്കുന്നത്.
എന്നാൽ ബോട്ട് സർവീസ് നിർത്തിയതോടെ ഇവരെല്ലാം റോഡ് മാർഗം കിലോ മീറ്ററുകൾ താണ്ടി ചെയ്യേണ്ട അവസ്ഥയാണ്. ഒരു സമയത്തു തന്നെ അൻപതോളം യാത്രക്കാർ സഞ്ചരിച്ചിരുന്ന ബോട്ടിന് പകരമായി ഏർപ്പെടുത്തിയിരിക്കുന്ന കടത്തു വള്ളത്തിൽ 15പേർക്കു മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
അതും മതിയായ സുരക്ഷ കൂടാതെ. ജലഗതാഗത വകുപ്പിന് നിലവിൽ കൊല്ലത്തു നിന്നും അഷ്ടമുടിക്കായലിലെ വിവിധ ഭാഗങ്ങളിലേക്ക് നാല് ബോട്ടുകളാണ് ഉള്ളത്.
അതിൽ മൂന്ന് എണ്ണം സർവീസ് ബോട്ടും ഒരെണ്ണം വിനോദ സഞ്ചാരികൾക്കായുള്ള സീ അഷ്ടമുടി ബോട്ടുമാണ്. സർവീസ് ബോട്ടുകളിൽ ഒന്നാണ് അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തലാക്കിയത്. “ഞങ്ങൾക്ക് ഒാഫിസിൽ പോകാൻ ഏറെ സഹായകരമായിരുന്നു ഫെറി ബോട്ട് സർവീസ്.
അറ്റകുറ്റപ്പണിയുടെ പേരിൽ ബോട്ട് കൊണ്ടു പോയിട്ട് മാസങ്ങളായി. പകരം സംവിധാനമായി ഏർപ്പെടുത്തിയ കടത്തു വള്ളം എല്ലാ യാത്രക്കാരെയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.
സുരക്ഷാ പ്രശ്നവും ഉണ്ട്.” ജെ.വൈശാലി, കോഒാപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥ “കാലവർഷം ആരംഭിച്ചതോടെ വള്ളത്തിൽ കുടയും പിടിച്ചിരിക്കേണ്ട അവസ്ഥയാണ്.
മാത്രമല്ല പലപ്പോഴും സമയത്ത് ഒാഫിസിൽ എത്താനും സാധിക്കില്ല. കടത്തു വള്ളത്തിൽ സുരക്ഷയുടെ ഭാഗമായി ലൈഫ് ജാക്കറ്റുകളും ഇല്ല.” ഐശ്വര്യ രാജ് (സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) “പ്രാക്കുളത്തു നിന്നും ജലപാത വഴി കാവനാട് എത്തി അവിടെ നിന്നു ബസിലാണ് എല്ലാ ദിവസവും ജോലിക്കു പോകുന്നത്.
ബോട്ട് സർവീസ് ഉണ്ടായിരുന്നപ്പോൾ കൃത്യസമയത്ത് എത്താൻ സാധിക്കുമായിരുന്നു. മഴയായാൽ പിന്നെ കടത്തു വള്ളത്തിലെ യാത്ര ദുഷ്കരമാണ്.”
എസ്.സജിത, അധ്യാപിക
“നിർത്തി വച്ച പ്രാക്കുളം–സാമ്പ്രാണിക്കോടി ഫെറി ബോട്ട് സർവീസ് അടിയന്തരമായി ആരംഭിക്കാൻ അധികൃതർ തയാറാകണം. പതിറ്റാണ്ടുകളായി ജലഗതാഗതത്തെ ആശ്രയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.”
ശശികുമാർ, വ്യാപാരി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]