
പേപ്പട്ടി കടിച്ചുതൂങ്ങിയിട്ടും മനോധൈര്യം കൈവിടാതെ വയോധികൻ നായയെ ഞെരിച്ചുകൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തൂർ ∙കിഴക്കേമാറനാട് മണ്ണൂർക്കാവിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ കുട്ടിക്കും വയോധികനും അടക്കം 3 പേർക്കു കടിയേറ്റു.വടക്കേവിള പുത്തൻവീട്ടിൽ യോഹന്നാൻ (പൊടിയൻ–85) , ചരുവിള പുത്തൻ വീട്ടിൽ ത്രിലോക് (4), വാഴപ്പള്ളിൽ വീട്ടിൽ പ്രദീപ് എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വീടിനു പിന്നിൽ നിൽക്കുകയായിരുന്ന ത്രിലോകിന്റെ കയ്യിലാണ് നായ കടിച്ചത്. വീട്ടുകാർ ഓടിയെത്തി തുരത്തിയതിനാൽ കൂടുതൽ കടിയേറ്റില്ല.
ഇതിനോടടുത്ത സമയത്താണ് പ്രദീപിനെയും നായ കടിച്ചത്.അതു കഴിഞ്ഞുള്ള പാച്ചിലിലാണ് യോഹന്നാനെ കടിച്ചത്. സ്വന്തം കടയിലിരിക്കുകയായിരുന്ന യോഹന്നാനെ കടയിലേക്കു ചാടിക്കയറിയാണു കടിച്ചത്. കാലുകളിലും ഇരുകൈപ്പത്തികളിലും കടിച്ചു. കടി വിടാതെ തൂങ്ങിക്കിടക്കുകയായിരുന്ന നായയുമായി മൽപ്പിടിത്തം നടത്തിയ യോഹന്നാൻ ഒടുവിൽ നായയെ ഞെരിച്ചമർത്തി കൊന്നതു കൊണ്ടാണ് കൂടുതൽ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ഇല്ലെങ്കിൽ നായ തന്നെ കടിച്ചു കൊല്ലുന്ന അവസ്ഥയിലായിരുന്നെന്ന് യോഹന്നാൻ പറഞ്ഞു. വന്യമായ സ്വഭാവത്തോടെയായിരുന്നു ആക്രമണം. സംശയിക്കാൻ കാരണവും ഇതായിരുന്നു. കടിയേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവയ്പെടുത്തു.