കൊല്ലം ∙ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടിയും കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും ട്രെയിനുകളുടെ വേഗം കൂട്ടിയും കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് ഉറപ്പു നൽകി.
ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും എംപി ചർച്ച നടത്തി. കൊല്ലം-ചെങ്കോട്ട റെയിൽപാതയുടെ ഗേജ് മാറ്റത്തിനും വൈദ്യുതീകരണത്തിനുമായി 420 കോടിയോളം രൂപ റെയിൽവേ ചെലവിട്ടിട്ടും പര്യാപ്തമായ തരത്തിൽ പാത പ്രയോജനപ്പെടുത്തുന്നതിനോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനോ തയാറാകുന്നില്ല എന്ന ആശങ്ക എംപി ചർച്ചയിൽ ധരിപ്പിച്ചു.
ഈ റൂട്ടിൽ റെയിൽവേ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.
വനപ്രദേശത്തുകൂടിയുള്ള റെയിൽവേ ലൈനിൽ ട്രെയിനുകളുടെ വേഗത്തിനു നിയന്ത്രണമുണ്ടെങ്കിലും കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കും.
ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകൾക്കു പകരമായി കൂടുതൽ സുരക്ഷിതത്വവും സൗകര്യവുമുള്ള എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തും. വിസ്റ്റാഡാം കോച്ച് ഘടിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.
ട്രെയിനുകൾ പുനഃസ്ഥാപിക്കണം
ഗേജ് മാറ്റത്തിനു മുൻപുണ്ടായിരുന്ന മുഴുവൻ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും പുതുതായി കൊങ്കൺ വഴി മംഗലാപുരം- കോഴിക്കോട്- ഷൊർണൂർ- എറണാകുളം ടൗൺ- കോട്ടയം- കൊല്ലം- കൊട്ടാരക്കര- പുനലൂർ- ചെങ്കോട്ട- തെങ്കാശി- തിരുനെൽവേലി വരെയുള്ള മുംബൈ സിഎസ്ടി–തിരുനെൽവേലി ട്രെയിൻ, ബെംഗളൂരു എസ്എംവിടി വഴി- ജോലാർ പേ– ഡിണ്ടിഗൽ- മധുര- വിദുര നഗർ- രാജപാളയം- തെങ്കാശി ചെങ്കോട്ട- പുനലൂർ- കൊട്ടാരക്കര- കൊല്ലം- കൊച്ചുവേളി വരെയുള്ള ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ്, താംബരം- തിരുവനന്തപുരം നോർത്ത് താംബരം ഡെയ്ലി എക്സ്പ്രസ്, മൈലാടുംതുറൈ- ചെങ്കോട്ട- മൈലാടുംതുറൈ എക്സ്പ്രസ്, കൊല്ലം- തിരുനെൽവേലി- കൊല്ലം പാസഞ്ചർ/മെമു, കൊല്ലം- ചെങ്കോട്ട- മധുര-പളനി- കോയമ്പത്തൂർ ഡെയ്ലി എക്സ്പ്രസ് എന്നീ ട്രെയിനുകൾ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]