പുനലൂർ ∙ ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയുമായ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കൊലപാതകം ന്യായീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട
ഭർത്താവ് മണിക്കൂറുകൾക്കു ശേഷം പുനലൂർ പൊലീസിൽ കീഴടങ്ങി. കലയനാട് കൂത്തനാടി ചരുവിള പുത്തൻ വീട്ടിൽ (സെബിൻ വിലാസം) ശാലിനി (39) ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ഐസക് മാത്യു(44) ആണ് കീഴടങ്ങിയത്. ശാലിനി നേരത്തേ സിപിഎം പ്രവർത്തകയായിരുന്നു.
ഐസക് സ്വകാര്യ എസ്റ്റേറ്റിൽ ടാപ്പിങ് തൊഴിലാളിയാണ്. വീട്ടിൽ നിരന്തരം വഴക്കായതിനാൽ ശാലിനി സമീപത്തെ വീട്ടിൽ അമ്മയോടൊപ്പമാണ് ഉറങ്ങാൻ പോയിരുന്നത്.
രാവിലെ ഭർത്താവ് ടാപ്പിങ്ങിനു പോയെന്നു കരുതി വീട്ടിലെത്തിയപ്പോൾ കത്തി ഉപയോഗിച്ച് നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തുടർന്ന് ഒളിവിൽ പോയ പ്രതി മൂന്നു മണിക്കൂറിനു ശേഷം പൊലീസിൽ കീഴടങ്ങി. നിരന്തരമുള്ള വഴക്കിനെ തുടർന്ന് ശാലിനി പലതവണ പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് ഇരുവരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിട്ടിരുന്നു. എന്നിട്ടും ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് ശാലിനിയും ഇളയ മകൻ എബിനും തൊട്ടടുത്തുള്ള മാതാവ് ലീലയുടെ വീട്ടിലാണ് ഉറങ്ങുന്നത്.
ശാലിനിക്ക് കുത്തേറ്റ സമയം ഇവരുടെ മൂത്തമകൻ ഷെബിനും വീട്ടിൽ ഉണ്ടായിരുന്നു. ഇരുവരുടെയും അലർച്ച കേട്ട് പരിസരത്ത് ഉള്ളവർ എത്തിയപ്പോൾ രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ശാലിനി.
ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫെയ്സ്ബുക് പോസ്റ്റ് ഇട്ട ശേഷം 10 മണിയോടെയാണ് ഐസക് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. റൂറൽ എസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി. സന്ധ്യയോടെ ഐസക്ക് മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
എന്നാൽ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ സാധിച്ചില്ല. ഐസക് മാത്യു നേരത്തേ വിദേശത്ത് ആയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ശാലിനി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നതെന്നും തന്നെ അനുസരിക്കാതെ ആഡംബര ജീവിതം നയിച്ചുവെന്നും സ്വർണ ഇടപാടുകൾ നടത്തിയെന്നും മറ്റുമാണ് ഫെയ്സ്ബുക് പോസ്റ്റിൽ ഐസക് മാത്യു പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]