പരവൂർ∙ അപകടക്കെണിയൊരുക്കി ഒല്ലാൽ റെയിൽവേ ഗേറ്റ് റോഡുകൾ. റെയിൽവേ ഗേറ്റിന്റെ പാരിപ്പള്ളി ഭാഗത്തേക്കുള്ള റോഡിന്റെ ഒരുവശത്തെ മേൽമൂടിയില്ലാത്ത ഓടകളും അശാസ്ത്രീയമായ റോഡ് നിർമാണവും പരവൂർ ഭാഗത്തേക്കുള്ള റോഡ് കയ്യേറി നിക്ഷേപിച്ചിരിക്കുന്ന മെറ്റൽകൂനയുമാണ് യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്നത്.
മൂടിയില്ലാത്ത ഓടകൾ
റെയിൽവേ ഗേറ്റിന്റെ പാരിപ്പള്ളി ഭാഗത്തേക്കുള്ള റോഡിലും ഒല്ലാൽ ബൈപാസ് വന്നു ചേരുന്ന ഭാഗത്തും മൂന്നടിയിലേറെ താഴ്ചയുള്ള ഓടകൾക്ക് മേൽമൂടിയില്ലാത്തതും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയുമാണ് അപകടം സൃഷ്ടിക്കുന്നത്.
ഇന്നലെ രാവിലെ 11നു നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഓടയിലേക്ക് വീണിരുന്നു. ഓട്ടോ യാത്രക്കാരനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈപാസ് റോഡിൽ നിന്നെത്തുന്ന വാഹനങ്ങളും ഗേറ്റ് കടന്നു വരുന്ന വാഹനങ്ങളും സ്ഥിരമായി ഓടയിൽ വീണ് അപകടം സംഭവിക്കാറുണ്ട്. ഈ വർഷം മാത്രം പത്തിലേറെ അപകടങ്ങളാണ് ഇവിടെ നടന്നത്.
ദീർഘനേരം റെയിൽവേ ഗേറ്റ് അടച്ചിട്ടതിന് ശേഷം തുറക്കുമ്പോൾ വാഹനങ്ങളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഓടയും കഴിഞ്ഞു വാഹനങ്ങൾ നീങ്ങിയാൽ സമീപത്തെ കടകളിലേക്ക് ഇടിച്ചു കയറാനും സാധ്യതയുണ്ട്.
ബൈപാസിൽ നിന്നെത്തുന്ന വാഹനങ്ങൾ കയറ്റം കയറി വലത്തേക്കു തിരിഞ്ഞാണു പാരിപ്പള്ളിയിലേക്കു പോകേണ്ടത്. ഈ ഭാഗത്തു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഓടയിൽ വീഴാൻ സാധ്യതയേറെയാണ്.
ഇന്നലെ നടന്ന അപകടം ഇങ്ങനെ സംഭവിച്ചതാണ്.
റോഡ് കയ്യേറി മെറ്റൽകൂന
റെയിൽവേ ഗേറ്റ് നവീകരണ പ്രവർത്തനങ്ങൾക്ക് എത്തിച്ച മെറ്റൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതാണ് പരവൂർ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നത്. മഴ കാരണവും വാഹനങ്ങൾ കയറിയും മെറ്റൽ റോഡിന്റെ പകുതിയോളം കയ്യേറിയ നിലയിലാണ്.
റെയിൽവേ ഗേറ്റ് തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്കിൽ ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ കയറി വീഴുന്നത് പതിവാണ്. ഈ വർഷം അഞ്ചിലേറെ അപകടങ്ങളും മൂന്നിലേറെ പേർക്കു പരുക്കും സംഭവിച്ചു.
മെറ്റൽ നീക്കം ചെയ്യണമെന്ന് പരവൂർ പൊലീസും നാട്ടുകാരും ഒട്ടേറെ തവണ പരാതി പറഞ്ഞിട്ടും റെയിൽവേ കരാറുകാരന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.
റെയിൽവേ ഗേറ്റിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും നവീകരണത്തിനു ശേഷം കരാറുകാരൻ ഒരു ലോഡിലധികം വരുന്ന മെറ്റൽ റോഡരികിൽ ഉപേക്ഷിച്ചു ജോലി അവസാനിപ്പിച്ചു. റെയിൽവേയുടെ അധികാരത്തിൽ പെട്ടതായതിനാൽ നീക്കം ചെയ്താൽ നിയമനടപടി നേരിടേണ്ടി വരുമോയെന്ന ഭയത്തിലാണു നാട്ടുകാർ മെറ്റൽ നീക്കം ചെയ്യാൻ മുതിരാത്തത്.
റോഡിന്റെ ഒരു വശം പത്തടിയിലേറെ താഴ്ചയുള്ള കുഴിയാണ്. നിയന്ത്രണം വിട്ടു വാഹനങ്ങൾ മറിഞ്ഞാൽ വലിയ അപകടമാകും ഉണ്ടാകുക.
അതിനു മുൻപു മെറ്റൽ നീക്കം ചെയ്തു ഗതാഗത തടസ്സം ഒഴിവാക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]