
ശാസ്താംകോട്ട ∙ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട
പൊലീസ് കേസെടുത്തു. 17നു രാവിലെ 9.15നു നടന്ന അപകടത്തെ തുടർന്നു കുട്ടി മരിച്ച സാഹചര്യത്തിൽ അസ്വാഭാവിക മരണം സംബന്ധിച്ച വകുപ്പിലാണു പൊലീസ് ആദ്യം കേസെടുത്തത്.
എന്നാൽ സംഭവം വിവാദമായതോടെ, സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ സംരക്ഷിക്കുന്ന തരത്തിലുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. തുടർന്നാണ് മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്ത ശേഷം മൂവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട
മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയത്. അധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും കെഎസ്ഇബി അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു.
അപകടത്തിനു കാരണമായ സൈക്കിൾ ഷെഡ് നിർമാണം നടത്തിയ മാനേജരെയും അധ്യയന വർഷം തുടങ്ങുന്നതിനു ദിവസങ്ങൾക്ക് മുൻപ് സ്കൂളിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ മൈനാഗപ്പള്ളി പഞ്ചായത്ത് അസി.എൻജിനീയറെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കമുണ്ടായെങ്കിലും പിന്നീട് ഒഴിവാക്കി. അനുമതിയില്ലാതെ നിർമിച്ച സൈക്കിൾ ഷെഡിനു പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി.
മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
ക്ലാസുകൾ ഇന്നു മുതൽ
ശാസ്താംകോട്ട ∙ വിദ്യാർഥി ഷോക്കേറ്റു മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂളിൽ 6 ദിവസങ്ങൾക്ക് ശേഷം ഇന്നു ക്ലാസുകൾ തുടങ്ങും.
തൊട്ടടുത്തുള്ള ഗേൾസ് ഹൈസ്കൂളിലും അധ്യയനം ആരംഭിക്കും. മിഥുൻ വൈദ്യുത ലൈനിൽ ഷോക്കേറ്റ് പിടഞ്ഞു വീണത് നേരിൽക്കണ്ട
കുട്ടികൾ ഉൾപ്പെടെ ഇരു സ്കൂളുകളിലെയും മുഴുവൻ വിദ്യാർഥികൾക്കും കൗൺസലിങ് ഉറപ്പാക്കും. ഇതിനായി ചൈൽഡ് ലൈനിൽ നിന്നുള്ള നാലു വീതം ഉദ്യോഗസ്ഥർ ഇരു സ്കൂളുകളിലും രണ്ടു ദിവസങ്ങളിൽ ഉണ്ടാകും.
അപകടത്തിനു കാരണമായ സാഹചര്യം സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിനു റിപ്പോർട്ട് നൽകി. സ്കൂൾ വളപ്പിൽ അപകട
ഭീഷണി ഉയർത്തിയിരുന്ന മരങ്ങളും കാലഹരണപ്പെട്ട വാട്ടർ ടാങ്കും അടക്കം ഒഴിവാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]