
കൊല്ലം ∙ മുദ്രാവാക്യത്തിന്റെ മുഷ്ടികൾ കണ്ണു പൊത്തിക്കരഞ്ഞ രാപകലിനൊടുവിൽ പ്രിയ നേതാവിനു കൊല്ലം വിട നൽകി.
കേരളം കണ്ട ജനകീയ മുഖ്യമന്ത്രിയും ജനകീയ പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദനു ജില്ലയിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ദേശീയപാതയിൽ ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുതൽ ഓച്ചിറ വരെ അർധരാത്രി പിന്നിട്ടിട്ടും, വിഎസിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ അനേകായിരങ്ങളാണു തടിച്ചൂകൂടിയത്. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നീ കേന്ദ്രങ്ങളിലാണു വിഎസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നതെങ്കിലും വിലാപയാത്ര കടന്നുവന്ന ദേശീയപാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനു പേർ മണിക്കൂറുകളോളം കാത്തുനിന്നു.
ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിലേക്കു വിലാപയാത്ര പ്രവേശിച്ചപ്പോഴേക്കും അർധരാത്രി പിന്നിട്ടിരുന്നു.മുൻ മന്ത്രി ജെ.മേഴ്സ്ക്കുട്ടിയമ്മ, സിപിഎം ജില്ലാ സെക്രട്ടറി എസ്.
സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. രാജഗോപാൽ, എസ്.
ജയമോഹൻ, എംഎച്ച് ഷാരിയർ, കെ. സോമപ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.
തുളസീധരക്കുറുപ്പ്, എസ്എൽ സജികുമാർ, കെ. സേതുമാധവൻ, ഏരിയ സെക്രട്ടറി പി.വി സത്യൻ തുടങ്ങിയവർ വിലാപയാത്രയെ ജില്ലയിലേക്കു ഏറ്റുവാങ്ങി.
ഓച്ചിറയിൽ നിന്നു ജന്മനാടായ ആലപ്പുഴയിലേക്കു വിലാപയാത്ര കടന്നപ്പോഴേക്കും അർധരാത്രി പിന്നിട്ടും ഏറെ വൈകി.
സിപിഎം സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ, പ്രതിപക്ഷ നേതാവ്, മുഖ്യമന്തി എന്നീ നിലകളിൽ പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വിഎസിന്റെ സജീവമായ ഇടപെടലുകൾക്കു സാക്ഷ്യം വഹിച്ച ജില്ലയിലൂടെ ആ ഭൗതിക ശരീരം കടന്നുപോകുമ്പോൾ ആ ഓർമകൾ പേറുന്ന മനസ്സുമായി പഴയകാല പാർട്ടി പ്രവർത്തകരും നേതാക്കളും തടിച്ചുകൂടിയിരുന്നു. കശുവണ്ടിത്തൊഴിലാളികൾക്കു വേണ്ടി സമരത്തിനു നേതൃത്വം നൽകിയ വിഎസിനെ അവസാനമായി കാണാൻ കശുവണ്ടിത്തൊഴിലാളികളും തടിച്ചുകൂടി.
പാർട്ടി കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തിൽ കവലകളിലും പാതയോരങ്ങളിലും വിഎസിന് ആദരാഞ്ജലികൾ അർപ്പിച്ചു ബോർഡുകളും കൊടികളും ഉയർത്തിയിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ കൊല്ലം നഗരത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ പോസ്റ്ററുകളിലും മറ്റും വിഎസിന്റെ ചിത്രം ഇല്ലാതെ പോയതു പരക്കെ ചർച്ചയായിരുന്നു. ഒടുവിൽ, സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത പുതിയ സംസ്ഥാന കമ്മിറ്റിയിലും വിഎസിനെ ഉൾപ്പെടുത്താതെ പോയി. വിവാദമായപ്പോൾ പിന്നീട് ഉൾപ്പെടുത്തി.
‘ബക്കറ്റിലെ വെള്ളം’ അല്ല, ജനസമുദ്രമാണു വിഎസ് എന്നു ഇന്നലെ കൊല്ലം തെളിയിക്കുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]