
പെൺകുട്ടിക്ക് പാമ്പുകടിയേറ്റ സംഭവം: പുനലൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് പതിമൂന്നു വയസ്സുകാരിക്ക് പാമ്പുകടിയേറ്റ സംഭവം കഴിഞ്ഞ് രണ്ടാംനാൾ പ്ലാറ്റ്ഫോമിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തി. കഴിഞ്ഞ രാത്രിയാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോം പരിസരത്ത് പട്രോളിങ്ങിനിടെ റെയിൽവേ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും അണലി വർഗത്തിൽപെട്ട 2 പാമ്പുകളെ കണ്ടെത്തിയത്. ഇവയെ പിടികൂടാനായില്ല. പാമ്പുകടിയേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷനും പരിസരവും കാടുമൂടിയ നിലയിലാണ് .
ഒന്നാം പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്തെ ഫുട് ഓവർ ബ്രിജിന് സമീപമാണ് 2 കൂറ്റൻ ജനറേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോഴും ഈ പരിസരം കാടുപിടിച്ചു കിടക്കുകയാണ്. കുട്ടിക്ക് പാമ്പുകടി ഏൽക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ഇവിടുത്തെ കാട് നീക്കം ചെയ്യാൻ റെയിൽവേ നടപടി സ്വീകരിച്ചിട്ടില്ല. തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടെ പാമ്പിന്റെ സാന്നിധ്യം കണ്ടതിനാൽ കൂടുതൽ പാമ്പുകൾ പരിസരത്ത് ഉണ്ടെന്നാണ് വിലയിരുത്തൽ. പുനലൂർ റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം അനുസരിച്ച് കൂടുതൽ ശുചീകരണ സംവിധാനങ്ങൾ രേഖപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരിക്കുകയാണ്.
എഐവൈഎഫ് നിവേദനം നൽകി
പെൺകുട്ടിയെ പുനലൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് ദൈനംദിനം ശുചീകരണത്തിന് ജീവനക്കാരെ ചുമതലപ്പെടുത്തുക, അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നിർമാണം വേഗത്തിലാക്കുക, റെയിൽവേ സ്റ്റേഷനുള്ളിലും അമൃത ഭാരത പദ്ധതി പ്രകാരം നിർമാണം നടക്കുന്ന പ്രദേശങ്ങളിലും വളർന്ന കാടുകൾ നീക്കുക, പരുക്കേറ്റ കുട്ടിക്ക് ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം രാജ്, മണ്ഡലം സെക്രട്ടറി എസ്.രാജ് ലാൽ, എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗം രാഹുൽ രാധാകൃഷ്ണൻ എന്നിവരാണ് സ്റ്റേഷൻ മാനേജരെ സന്ദർശിച്ചത്.